കെപിസിസി അധ്യക്ഷ മാറ്റം: ഒന്നും പറയാനില്ല മക്കളെ, കടുംചായ കുടിച്ച് പിരിഞ്ഞോളൂവെന്ന് സുധാകരൻ

കെപിസിസി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാതെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ, പോയി കടുംചായയും കുടിച്ച് പിരിഞ്ഞോളൂ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനായി ഡൽഹിയിൽ തിരിക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം
കെപിസിസി അധ്യക്ഷനെ മാറ്റുന്നതിൽ രണ്ടും കൽപ്പിച്ച് നീങ്ങാനാണ് ഹൈക്കമാൻഡ് തീരുമാനം. സുധാകരന്റെ സമ്മർദ തന്ത്രം പാടേ അവഗണിക്കും. ഇന്ന് രാത്രിയോടെ അല്ലെങ്കിൽ, നാളെ രാവിലെ തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. ഇതിന് മുമ്പായി കെ സുധാകരനുമായി ഒരിക്കൽ കൂടി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും
കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. കെസി വേണുഗോപാൽ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണിയുടെ പേരാണ് പുതിയ അധ്യക്ഷ സ്ഥാനത്ത് മുൻതൂക്കം. സണ്ണി ജോസഫിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്.