Kerala
നാദാപുരത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; വിദ്യാർഥികളടക്കം 30 പേർക്ക് പരുക്ക്

കോഴിക്കോട് നാദാപുരത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേർക്ക് പരുക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർ ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും വടകരയിൽ നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു
ഇരുബസുകളിലുമുണ്ടായിരുന്ന 30 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ വിദ്യാർഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും.