കൂടുതൽ ബസുകൾ വാങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി; 370 പുതിയ ബസ്സുകൾ ഉടൻ നിരത്തിലറിങ്ങും
തിരുവനന്തപുരം: കെഎസ്ആർടിസി പുതിയ ഡീസൽ ബസ്സുകൾ വാങ്ങാൻ ഒരുങ്ങുന്നു. 220 മിനി ബസുകളും 150 ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളും അടക്കം 370 പുതിയ ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. ഫണ്ട് ലഭിച്ചാൽ ഉടൻ ബസുകൾ നിരത്തിലിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 30 ബസുകൾ വരെ കടമായി നൽകാമെന്ന് കമ്പനി അറിയിച്ചതായും, യാത്രയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യം ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ആണെന്നും മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
40 മുതൽ 42 സീറ്റുകൾ വരെയുള്ള മിനി ബസ്സുകൾ ഗ്രാമീണ റൂട്ടുകളിലിറക്കും. പുതിയതായി കെഎസ്ആർടിസി നിരത്തിലറിക്കിയ എസി സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്നും മികച്ച വരുമാനം ലഭിക്കുന്നുണ്ട്. അതിനാൽ, ഈ ക്ലാസിൽ കൂടുതൽ സർവീസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഇത് കൂടാതെ, 30 എസി സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളും വാങ്ങും. സംസ്ഥാനത്ത്, വരുമാനം കുറവ് ലഭിക്കുന്ന നാല് ലക്ഷം കിലോമീറ്ററുകളിലെ ഓട്ടം കെഎസ്ആർടിസി കുറച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ 50,000 കിലോമീറ്റർ കൂടി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ ബസ്സുകൾ കൂടി നിരത്തിലിറക്കുന്നതോടെ, ഒമ്പത് കോടി രൂപയാണ് ദിവസ വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ വരുമാനം എട്ട് കോടി പിന്നിട്ടിട്ടുണ്ട്. പുതിയതായി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കരയിലേക്കും, കോഴിക്കോട്ടേക്കും പുതിയ സർവീസുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ സർവീസുകളും ലഭ്യമാക്കും. അതേസമയം, സിറ്റി പെർമിറ്റ് ഇ-ഓട്ടോറിക്ഷകൾക്ക് മാറി നൽകുമെന്നും വ്യക്തമാക്കി.