കെഎസ്ആർടിസി നാളെ സ്തംഭിക്കും; ഗതാഗത മന്ത്രിയെ തിരുത്തി ടിപി രാമകൃഷ്ണൻ

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ തിരുത്തി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. നാളത്തെ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയെയാണ് എൽഡിഎഫ് കൺവീനർ തള്ളിയത്. പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നാളെ കെഎസ്ആർടിസി തെരുവിലിറക്കുന്ന പ്രശ്നമില്ലെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.
നോട്ടീസ് നൽകിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കെഎസ്ആർടിസി മാനേജ്മെന്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മന്ത്രിയല്ല മാനേജ്മെന്റ്. മന്ത്രി സർക്കാറിന്റെ ഭാഗമാണ്. മന്ത്രിക്കല്ല നോട്ടീസ് നൽകേണ്ടത്. കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുക്കില്ല എന്നത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നത് എന്ന് അറിയില്ല. കെഎസ്ആർടിസി നാളെ സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
മന്ത്രി അങ്ങനെ പറയരുതെന്നും കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ദേശീയ പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ നാളെ പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കിയിരുന്നു.