ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസമയത്ത് കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികള്‍ കൃത്യസയമത്ത് കണക്കുകള്‍ അവതരിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് കുവൈറ്റ് അധികൃതരുടെ മുന്നറിയിപ്പ്. ചാരിറ്റബിള്‍, സഹകരണ അസോസിയേഷനുകള്‍ സാമ്പത്തികവും ഭരണപരവുമായ റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍ അജ്മിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മന്ത്രാലയത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും മന്ത്രി ഡോ. അമ്തല്‍ അല്‍ ഹുവൈലയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അല്‍ ജരീദ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ അജ്മി വ്യക്തമാക്കി.