ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ കത്തിയമര്‍ന്ന് ലംബോര്‍ഗിനി ഹുറാക്കാന്
കമ്പനിയെ വിമര്‍ശിച്ച് വ്യവസായി
മുംബൈയിലെ തീരദേശ റോഡില്‍ ആഢംബര കാറായ ലംബോര്‍ഗിനിയുടെ ഹുറാക്കാന് തീപ്പിടിച്ചു. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്ന വാഹനം ഈ രീതിയില്‍ കത്തിനശിച്ചത് വലിയ വിവാദത്തിലേക്കാണ് എത്തുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആഢംബര കാറിന് തീപിടിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.
അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും വലിയ ഭീതിയാണ് നഗരത്തിലുണ്ടായത്. ഗതാഗതം സ്തംഭിച്ചു. 45 മിനുട്ട് എടുത്താണ് തീയണക്കാന്‍ സാധിച്ചത്. എങ്ങനെയാണ് വാഹനത്തിന് തീപ്പിടിച്ചതെന്ന് വ്യക്തമല്ല.
എന്നാല്‍, വാഹനം തീപ്പിടിക്കുന്നതിന്റെ വീഡിയോ സഹിതം എക്സില്‍ പോസ്റ്റ് ചെയ്ത് പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം സിംഗാനി രംഗത്തെത്തിയതോടെയാണ് പുതിയ വിവാവദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമായത്. വാഹന പ്രേമികൂടിയായ ഗൗതം ലംബോര്‍ഗിനി കമ്പനിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തീപ്പിടിത്തം സംബന്ധമായ വാര്‍ത്ത വന്നിട്ടും കമ്പനിയെ ഇക്കാര്യം അറിയിച്ചിട്ടും കൃത്യമായ മറുപടി കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഈ വിഷയത്തില്‍ ലഭിക്കാത്തതുമാമ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
ലംബോര്‍ഗിനിയുടെ വിശ്വാസ്യതയെയും സുരക്ഷയെയും സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. ഇത്ര അധികം പണം കൊടുത്ത് വാങ്ങുന്ന വാഹനത്തിന് ഉന്നതനിലവാരമാണ് പ്രതീക്ഷിക്കുന്നത്. അല്ലാതെ ഇത്തരം അപകടങ്ങള്‍ അല്ല ആഗ്രഹിക്കുന്നത്. ഗൗതം സിംഗാനിയ പറയുന്നു.
നേരത്തെയും ലംബോര്‍ഗിനിക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഗൗതം സിംഗാനിയ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ടെസ്റ്റ് ഡ്രൈവിനിടെ വാഹനം ബ്രേക്ക് ഡൗണായതായിരുന്നു അന്ന് ഗൗതമിനെ പ്രകോപിപ്പിച്ചത്.