MEC7ന് പിന്നില്‍ ആരാണ്; ദുരുദ്ദേശ്യമില്ലെങ്കില്‍ അവര്‍ എന്തിനാണ് മറഞ്ഞിരിക്കുന്നത്; ചര്‍ച്ചയായി കാന്തപുരം വിഭാഗം നേതാവിന്റെ പോസ്റ്റ്
അത്ര ലളിതമല്ല പ്രഭാതത്തിലെ കാര്യ പരിപാടിയെന്നും മുഹമ്മദ് അലി കിനാലൂര്‍
മലബാര്‍ ജില്ലകളില്‍ ജനങ്ങളുടെ ആരോഗ്യക്ഷമത ഉറപ്പുവരുത്താന്‍ വേണ്ടി നടക്കുന്ന ആരോഗ്യ പരിശീലനത്തെ വിമര്‍ശിച്ച് കാന്തപുരം സുന്നി വിഭാഗത്തിന്റെ യുവ നേതാവ് രംഗത്ത്. സുന്നി യുവജന സംഘത്തിന്റെ നേതാവും കാന്തപുരം സമസ്ത വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ എഡിറ്ററുകൂടിയായ മുഹമ്മദ് അലി കിനാലൂരാണ് മെക് 7 എന്ന സംഘത്തിനെ കുറിച്ചുള്ള വിമര്‍ശനം ഉന്നയിച്ചത്.
ഒരേ സ്വഭാവത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന സംഘത്തെ കുറിച്ചാണ് മുഹമ്മദ് അലി കിനാലൂര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. 21 എക്‌സസൈസുകള്‍ 21 മിനുട്ട് കൊണ്ട് അവസാനിപ്പിക്കുന്ന പരിശീലന പരിപാടിയാണിതെന്നും സലാഹുദ്ദീന്‍ എന്ന വ്യക്തിയാണ് ഇതിന്റെ പിന്നിലെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സംഘടിതമായി സൗജന്യമായി നടക്കുന്ന ഈ പരിപാടിയില്‍ ഇതിനകം ആയിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കാളിയായിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടവരാണ് പലയിടത്തും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് മുഹമ്മദ് കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ സംഘത്തെ നിയന്ത്രിക്കുന്നത് ആരാണെന്നും ഒരു സംഘടനയല്ലാതെ ആര്‍ക്കാണ് ഇത്രയും ജനങ്ങളെ സംഘടിപ്പിക്കനാകുകയെന്നും ചോദിക്കുന്ന അദ്ദേഹം ദുരുദ്ദേശ്യമില്ലെങ്കില്‍ ആ സംഘടനയുടെ പേരും അവരുടെ ആശയവും എന്തിനാണ് മറച്ചുവെക്കുന്നതെന്നും കിനാലൂര്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
mec 7 നെ കുറിച്ചാണ്. പേര് പറഞ്ഞുതന്നെ വിഷയം ഉന്നയിക്കുകയാണല്ലോ ഉചിതം.
മലബാര്‍ ജില്ലകളില്‍ സമീപകാലത്താണ് നാട് തോറും mec 7 എന്ന പേരില്‍ പ്രഭാത വ്യായാമ പരിപാടി ആരംഭിച്ചത്. വളരെ കുറച്ചുകാലം കൊണ്ടുതന്നെ ഒട്ടേറെ ഗ്രാമങ്ങളിലേക്ക് അത് വ്യാപിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ അതിന്റെ ഭാഗമാണ്.
അതേകുറിച്ച് എനിക്കുണ്ടായ ഒരു സംശയം:
-ഒരേ സ്വഭാവത്തിലുള്ള ഒരു പ്രോഗ്രാം ഒരേ കാലയളവില്‍ വിവിധ നാടുകളില്‍ പ്രയോഗവത്കരിക്കണമെങ്കില്‍ അതിനു പിറകില്‍ ഒരു സംഘടനാ സംവിധാനം പ്രവര്‍ത്തിക്കണം എന്നത് സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുന്ന കാര്യമാണ്. mec 7 നിയന്ത്രിക്കുന്നത് ഏത് സംഘടനയാണ്? എന്റെ ഊഹം മലബാര്‍ ജില്ലകളില്‍ വേരുള്ള സംഘടനയാകണം അതെന്നാണ്.
ഏയ്, ഇവിടെ സംഘടന ഒന്നുമില്ല എല്ലാ വിഭാഗം ആളുകളും വരുന്നുണ്ട്, ഇവിടെ ഒരാശയവും ചര്‍ച്ച ചെയ്യുന്നില്ല എന്നല്ലേ മേല്‍ചോദ്യം വായിച്ചപ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിവന്നത്.
ശരി. അപ്പോഴും ഒരു ചോദ്യം: ഇത് ഇമ്പ്‌ലിമെന്റ് ചെയ്യുന്ന ഒരു ഏജന്‍സി ഉണ്ടാകില്ലേ? അത് ഏത് ഏജന്‍സി? അത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത് എന്നത് എനിക്കത്ര വിശ്വാസം പോരാ.
ഒരു വ്യക്തിയുടെ തലയില്‍ ഉദിച്ചതാണ്, കുറഞ്ഞ കാലം കൊണ്ട് ഒരു പ്രവിശ്യ മുഴുവന്‍ വ്യാപിച്ചു എന്നതൊക്കെ കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷേ പ്രയോഗത്തില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍.
ഇനി ഒരു സംഘടന ഇതിനു പിറകില്‍ ഉണ്ടെന്നു കരുതുക, എന്നാല്‍ത്തന്നെയും എന്താണ് കുഴപ്പം? ഇവിടെ ആകെ നടക്കുന്നത് വ്യായാമമല്ലേ എന്ന ചോദ്യവും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ശരി. അംഗീകരിച്ചു. എന്റെ സംശയം അതല്ല. നിര്‍ദോഷമാണ് കാര്യങ്ങളെങ്കില്‍ എന്തിനാണ് ഈ സംഘടന മറഞ്ഞിരിക്കുന്നത്? ഇത് ഞങ്ങളുടെ പരിപാടിയാണ്, ഞങ്ങള്‍ ആവിഷ്‌കരിച്ചതാണ് എന്ന് പറഞ്ഞ് വെളിപ്പെടാന്‍ ധൈര്യം കാണിക്കാത്തതെന്ത്?
അത്ര ലളിതമല്ല പ്രഭാതത്തിലെ കാര്യപരിപാടി എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.