ലിയാൻഡർ പേസിന്റെ പിതാവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ വെസ് പേസ് അന്തരിച്ചു

ഒളിമ്പിക് ഹോക്കി വെങ്കല മെഡൽ ജേതാവും ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവുമായ ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ മൂർധന്യാവസ്ഥയിലായിരുന്ന വെസ് പേസിനെ ചൊവ്വാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം ലിയാൻഡർ പേസിന്റെ പിതാവായ വെസ് പേസ് ഹോക്കി താരമായിരുന്നു. 1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിലെ മിഡ്ഫീൽഡറായിരുന്ന അദ്ദേഹം ഫുട്ബോൾ, ക്രിക്കറ്റ്, റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയിച്ചു.
1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡന്റായിരുന്നു. സ്പോർട്സ് മെഡിസിൻ ഡോക്ടറായ വെസ് പേസ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്, ഇന്ത്യൻ ഡേവിസ് കപ്പ് ടീം എന്നിവയുൾപ്പെടെ നിരവധി കായിക സംഘടനകളിൽ മെഡിക്കൽ കൺസൾട്ടന്റായും പ്രവർത്തിച്ചു.