National

നമുക്ക് ആദ്യം ചൗകിദാറിനോട് ചോദിക്കാം; തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ചയുണ്ടായതെന്ന്: സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഭീകരാക്രമണം നടന്ന സംഭവത്തില്‍ ആദ്യം വിമര്‍ശിക്കപ്പെടേണ്ടത് നരേന്ദ്ര മോദിയാണെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

മോദി സര്‍ക്കാരിനെതിരെ നേരത്തെയും വിവിധ വിഷയങ്ങളില്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി അയോധ്യ പ്രാണ പ്രതിഷ്ഠ നടത്തിയ സംഭവത്തിലും, ഉത്തര്‍പ്രദേശിലെ മഹാകുംഭമേളയിലും ഉള്‍പ്പെടെ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത നിലപാടുകളെടുത്തിട്ടുണ്ട്.

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിലും രാജ്യത്തിന്റെ ചൗകിദാറിനെ(കാവല്‍ക്കാരന്‍) ആണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നാണ് അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ നിലപാട്. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അവര്‍ പറയുന്നു. പക്ഷേ തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് നിങ്ങള്‍ക്ക് എങ്ങനെ ഇത്ര പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു.

ഭീകരാക്രമണത്തിന് മുന്‍പ് എന്തുകൊണ്ട് അത് കണ്ടെത്താന്‍ സാധിച്ചില്ല. തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ച സംഭവിച്ചത്. നമ്മുടെ വീട്ടില്‍ ഒരു കാവല്‍ക്കാരന്‍ ഉണ്ടായിരിക്കുകയും വീട്ടില്‍ എന്തെങ്കിലും സംഭവം നടക്കുകയും ചെയ്താല്‍ ആദ്യം ആരെയാണ് പിടികൂടേണ്ടതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു.

ആദ്യം നമുക്ക് കാവല്‍ക്കാരനെ പിടിക്കാം, നീ എവിടെയായിരുന്നു? എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്ന് ചോദിക്കും? പക്ഷേ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കുന്നില്ല. കാവല്‍ക്കാരനെക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!