National

ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാം: കൊച്ചുവേളി സ്പെഷൽ ട്രെയിൻ ജനുവരി വരെ നീട്ടി

ബെംഗളൂരു: വരാനിരിക്കുന്ന ശബരിമല, ക്രിസ്മസ് തിരക്കുകൾ പരി​ഗണിച്ച് ബയ്യപ്പനഹള്ളി ടെർമിനൽ (എസ്എംവിടി)–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ പ്രതിവാര ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. കോട്ടയം വഴിയുള്ള ഈ സ്പെഷ്യൽ ട്രെയിനിന്റെ ജനുവരി എട്ട് വരെയുള്ള ഓൺലൈൻ റിസർവേഷനും ആരംഭിച്ചു. 16 എസി ത്രീ ടയർ, 2 സ്ലീപ്പർ കോച്ചുകളുള്ള സ്പെഷൽ ട്രെയിനിൽ 30 ശതമാനം അധിക ടിക്കറ്റ് നിരക്ക് ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

ചൊവ്വാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്നും ബുധനാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നുമാണു ട്രെയിൻ സർവീസ്. ഓണം സ്പെഷലായി ഓഗസ്റ്റിൽ അനുവദിച്ച ട്രെയിനിന്റെ സർവീസ് ദസറ, ദീപാവലി തിരക്കിനെ തുടർന്ന് നവംബർ ആറ് വരെ നേരത്തെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല, ക്രിസ്മസ് പ്രമാണിച്ച് വീണ്ടും നീട്ടിയിരിക്കുന്നത്.

സ്റ്റോപ്പുകൾ എവിടെയെല്ലാം

സ്പെഷൽ ട്രെയിനിന് എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് ഏറ്റുമാനൂരിലും പുതുതായി ഒരു മിനിറ്റ് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.

ബയ്യപ്പനഹള്ളി ടെർമിനൽ– തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) പ്രതിവാര സ്പെഷൽ (06084) എന്ന ട്രെയിൻ നവംബർ 13, 20, 27, ഡിസംബർ നാല്,11,18, 25, ജനുവരി ഒന്ന്, എട്ട്, 15, 22, 29 ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ബയ്യപ്പനഹള്ളി സ്പെഷൽ (06083) എന്ന ട്രെയിൻ നവംബർ 12, 19, 26, ഡിസംബർ മൂന്ന്,10,17, 24, 31 ജനുവരി ഏഴ്, 14, 21, 28 ദിവസങ്ങളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55നു ബയ്യപ്പനഹള്ളിയിലെത്തിചേരുന്നതാണ്.

Related Articles

Back to top button