ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ

അമേരിക്കയിലെ ലോസാഞ്ചലസിൽ പടർന്നുപിടിയ്ക്കുന്ന കാട്ടുതീയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഹോളിവുഡ് സിനിമാ പ്രവർത്തകർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ലോസാഞ്ചലസ്. അതുകൊണ്ട് തന്നെ സിനിമാതാരങ്ങളുടെയും സിനിമാപ്രവർത്തകരുടെയും വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ചില സിനിമാപ്രവർത്തകരുടെ വീടുകൾ പൂർണമായി തകർന്നു. പലരും പ്രദേശത്തുനിന്ന് വീടൊഴിഞ്ഞ് പോകുന്നുമുണ്ട്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ആന്തണി ഹോപ്കിൻസ്
ദി സൈലൻസ് ഓഫ് ലാമ്പ്സ്, റെബൽ മൂൺ തുടങ്ങി എണ്ണം പറഞ്ഞ നിരവധി സിനിമകളിൽ അഭിനയിച്ച ഇതിഹാസ നടൻ ആന്തണി ഹോപ്കിൻസിൻ്റെ വീട് തീപിടുത്തത്തിൽ പൂർണമായും തകർന്നു. ഓസ്കർ ജേതാവായ നടൻ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളൊക്കെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

പാരിസ് ഹിൽട്ടൺ
മോഡലും ഗായികയും നടിയുമായ പാരിസ് ഹിൽട്ടണിൻ്റെ മാലിബുവിലുള്ള വീടും തീപിടുത്തത്തിൽ തകർന്നു. ഹൗസ് ഓഫ് വാക്സ്, സൂലാൻഡർ തുടങ്ങി വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഹിൽട്ടൺ തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

ബ്രിട്ട്നി സ്പിയേഴ്സ്
ലോകപ്രശസ്ത ഗായികയായ ബ്രിട്ട്നി സ്പിയേഴ്സ് കാലിഫോർണിയയിലെ തൻ്റെ വീടൊഴിഞ്ഞു. 7.4 മില്ല്യൺ ഡോളറിൻ്റെ വലിയ സൗധമാണ് ബ്രിട്ട്നി സ്പിയേഴ്സ് ഒഴിഞ്ഞത്. ഇക്കാര്യം ബ്രിട്ട്നി തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവച്ചത്. പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു എന്നും അതുകൊണ്ട് തന്നെ ആരെയും നേരത്തെ ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞില്ലെന്നും അവർ കുറിച്ചിരുന്നു

മാർക്ക് ഹാമിൽ
സ്റ്റാർ വാർസ് ഫ്രാഞ്ചൈസിയിലെ ലൂക്ക് സ്കൈവാക്കറായി അഭിനയിച്ച മാർക്ക് ഹാമിൽ താൻ ലോസാഞ്ചലസിലെ വീടൊഴിയുകയാണെന്നറിയിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിന്നീട്, തൻ്റെ വീടിന് കുഴപ്പമൊന്നുമില്ലെന്നും ചുറ്റുപാടുള്ള വീടുകളിലും തീ പിടിച്ചിട്ടില്ലെന്നും മാർക് ഹാമിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

യൂജീൻ ലെവി
ഷിറ്റ്സ് ക്രീക്ക്, അമേരിക്കൻ പൈ തുടങ്ങിയ സിനിമാ – സീരീസുകളിലൂടെ പ്രശസ്തനായ കനേഡിയൻ നടനാണ് യൂജീൻ ലെവി. എമ്മി അവാർഡ് ജേതാവ് കൂടിയായ യൂജീൻ്റെ വീട് തീപിടുത്തത്തിൽ തകർന്നു. തീപിടുത്തം കാരണം വീടൊഴിയുകയാണെന്നറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വീട് തകർന്നത്. ഇദ്ദേഹം തന്നെ എൽഎ ടൈംസ് അടക്കമുള്ള മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചിരുന്നു.

മെൽ ഗിബ്സൺ
ഹോളിവുഡിലെ മഹാനടന്മാരിൽ ഒരാളായ മെൽ ഗിബ്സണിൻ്റെ വീടും തീപിടുത്തത്തിൽ തകർന്നു. വീടും വീടിനകത്തുണ്ടായിരുന്ന വസ്തുക്കളും നശിച്ചു എന്നും അത് വലിയ വിഷമമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. ദി പാഷൻ ഓഫ് ക്രൈസ്റ്റ്, ബ്രേവ് ഹാർട്ട് തുടങ്ങി അനവധി സിനിമകളിൽ അഭിനയിച്ച ഗിബ്സൺ അക്കാദമി പുരസ്കാരങ്ങളടക്കം നേടിയിട്ടുണ്ട്.

ഹാരിസൺ ഫോർഡ്
ഇൻഡ്യാന ജോൺസ് ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധേയനായ നടനാണ് ഹാരിസൺ ഫോർഡ്. ഗോൾഡൻ ഗ്ലോബ് അടക്കം വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹാരിസൺ ഫോർഡിൻ്റെ വീടും തീപിടുത്തത്തിൽ നശിച്ചു. കഴിഞ്ഞ ദിവസം പോലീസിൻ്റെ സഹായത്തോടെ അദ്ദേഹം തൻ്റെ വീട് പരിശോധിക്കാനെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

Exit mobile version