അണയാതെ കാട്ടുതീ; ആശങ്കയില്‍ ഒരു ജനത: ലോസ് ഏഞ്ചല്‍സില്‍ മരണസംഖ്യ ഉയരുന്നു

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചല്‍സില്‍ കത്തിപ്പടരുന്ന കാട്ടുത്തീയില്‍ ആശങ്ക അവസാനിക്കുന്നില്ല. മരണസംഖ്യ 16 ആയി ഉയർന്നതായി പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മരണങ്ങളില്‍ അഞ്ചെണ്ണം പാലിസേഡ്സ് ഫയർ സോണിലും, 11 എണ്ണം ഈറ്റൺ ഫയർ സോണിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാലിസേഡ്‌സ് ആണ് തീപിടിത്തങ്ങളില്‍ ഏറ്റവും വലുത്. ഇത് വടക്കുകിഴക്കായി വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സമീപ്രദേശങ്ങളായ ബ്രെന്റ്‌വുഡ്, ബെൽ എയർ തുടങ്ങിയ പ്രദേശങ്ങളിലും ആളുകളെ ഒഴിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ലോസ് ഏഞ്ചല്‍സില്‍ നിരവധി വീടുകളാണ് നശിച്ചത്. തീയണയ്ക്കാന്‍ അഗ്നിശമന സേന ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ട്. വരണ്ട കാലാവസ്ഥയിലുള്ള കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. പാലിസേഡ്സ്, ഈറ്റൺ, കെന്നത്ത്, ഹർസ്റ്റ്, വുഡ്ലി, ലിഡിയ, സൺസെറ്റ്, ടൈലർ എന്നിവയാണ് പ്രധാന തീപിടിത്തങ്ങള്‍.

സൺസെറ്റ്, വുഡ്‌ലി, ഒലിവാസ് തീപിടിത്തങ്ങൾ നേരത്തെ നിയന്ത്രണവിധേയമാക്കി. പാലിസേഡ്സ് തീപിടിത്തം കൂടുതല്‍ വ്യാപിക്കുന്നതാണ് ആശങ്ക. ഈ തീപിടിത്തം ഏതാണ്ട് 23,600 ഏക്കര്‍ വ്യാപിച്ചു. ഇതില്‍ വെറും 11 ശതമാനം മാത്രമേ നിയന്ത്രണവിധേയമായിട്ടുള്ളൂ. ഈറ്റൺ തീപിടിത്തം 14,000 ഏക്കര്‍ വ്യാപിച്ചു. ഇതില്‍ 15 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമായത്.

തീപിടിത്തങ്ങളില്‍ ആകെ 40,000 ഏക്കറിലാണ് നാശനഷ്ടം സംഭവിച്ചത്. അതില്‍ വീടുകള്‍, വ്യവസായങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. പാലിസേഡ്സും ഈറ്റണുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. വരണ്ട കാറ്റ് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നാണ് ആശങ്ക. സങ്കൽപ്പിക്കാനാവാത്ത ഭീകരതയുടെയും ഹൃദയഭേദകത്തിന്റെയും മറ്റൊരു രാത്രി കൂടി കടന്നുപോയെന്നാണ് കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസ് കൗണ്ടി സൂപ്പർവൈസർ ലിൻഡ്സെ ഹോർവാത്ത് പറഞ്ഞത്.

യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തങ്ങളിലൊന്നാണ് ഇത്. 135-150 ബില്യണ്‍ ഡോളര്‍ വരെയാകാം നഷ്ടങ്ങളെന്ന് അക്യുവെതര്‍ പറയുന്നു. മൃഗങ്ങളെ സംരക്ഷിക്കാന്‍ വോളണ്ടിയര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. മൃഗസംരക്ഷണ കേന്ദ്രങ്ങൾ, മൃഗഡോക്ടർമാർ, സംഘടനകൾ എന്നിവയും ഇതിനായി പ്രവര്‍ത്തിക്കുന്നു.

ദുരന്തം നിരവധി പേരെയാണ് ഭവനരഹിതരാക്കിയത്. നാശനഷ്ടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നിലവില്‍ 16 മരണങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും യഥാര്‍ത്ഥ കണക്ക് ഇതിനും മുകളിലാകാമെന്നാണ് റിപ്പോര്‍ട്ട്.

ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ മോഷണം നടക്കുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അസാധാരണമായ വരണ്ട കാലാവസ്ഥയാകാം ഒരു കാരണമെന്നാണ് വിലയിരുത്തല്‍. സാന്താ അന കാറ്റ് എന്നറിയപ്പെടുന്ന ശക്തമായ കടൽക്കാറ്റ് കാട്ടുതീക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെന്നാണ് നിരീക്ഷണം.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ജീവനുകള്‍ സംരക്ഷിക്കുന്നതിലും അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്‌ ഡിസ്ട്രിക്റ്റ് അറ്റോർണി നഥാൻ ഹോച്ച്മാൻ വ്യക്തമാക്കി. ഇതിന് ശേഷം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും, പിന്നില്‍ മനുഷ്യ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version