തോൽക്കുക രാഹുൽ മാങ്കുട്ടത്തിൽ അല്ല, രാഹുൽ ഗാന്ധി; സ്ഥാനാർഥി ചർച്ച പ്രഹസനം: ആഞ്ഞടിച്ച് സരിൻ
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കുട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. കോൺഗ്രസ് തീരുമാനം തിരുത്തണം. അല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ പറഞ്ഞു. ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകും. പ്രസ്ഥാനത്തിൽ ചില തെറ്റ് തിരുത്തലുകൾ നടക്കുന്നു. എന്റെ ശരികൾ ലോകത്തോട് വിളിച്ചു പറയും
പാലക്കാട് പുനഃപരിശോധന വേണം. അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല, മറിച്ച് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാകും. സ്ഥാനാർഥി ചർച്ച പ്രഹസനമായിരുന്നു. രണ്ട് മുഖം പാടില്ല രാഷ്ട്രീയക്കാർക്ക്. പാർട്ടി പുനഃപരിശോധിക്കണം
2016ൽ പാർട്ടിയിലേക്ക് വന്ന സാധാരണക്കാരനാണ് താൻ അതിന് മുൻപ് ആരായിരുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല, അത് അന്വേഷിക്കേണ്ട കാര്യമില്ല. നാടിൻറെ നല്ലതിന് വേണ്ടിയാണ് ജോലി രാജിവെച്ചത്. നാടിന്റെ നല്ലതിന് വേണ്ടി തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന ബോധ്യമാണ് 33-ാംവയസിൽ സിവിൽ സർവീസിൽ നിന്ന് ഇറങ്ങി വരുന്നതിന് ഞാൻ കാണിച്ച ധൈര്യം. അതിനെ പലർക്കും പൊട്ടത്തരമായി തോന്നും. തന്റെ നല്ലതിനായിരുന്നുവെങ്കിൽ ജോലി രാജിവെച്ച് വരില്ലായിരുന്നു സരിൻ പറഞ്ഞു.
സിപിഎം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണ്. യാഥാർഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. കോൺഗ്രസ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിൻ കുറ്റപ്പെടുത്തി.