ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളെന്ന് വിശേഷിപ്പിച്ചിരുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 200-ൽ അധികം സിനിമകൾക്ക് പാട്ടെഴുതിയിട്ടുണ്ട്. അയലത്തെ സുന്ദരി എന്ന ചിത്രത്തിന് വേണ്ടി ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ എന്ന പാട്ട് എഴുതിയായിരുന്നു സിനിമാ മേഖലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 200 മലയാള സിനിമകൾക്കായി 700 ലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് പത്തിലധികം മലയാള സിനിമകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിൽ ഹരിഹരനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്.
ആർആർആർ, യശോദ, ബാഹുബലി-2 എന്നീ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ബിരുദാനന്തര ബിരുദാദാരിയായ അദ്ദേഹം ‘പൂമഠത്തെ പെണ്ണ്’എന്നൊരു ചിത്രവും നിർമ്മിച്ചിട്ടുണ്ട്. മദ്രാസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അന്വേഷണം മാസികയുടെ പത്രാധിപരായും ജോലി നോക്കിയിരുന്നു. കുട്ടനാട്ടിലെ മങ്കൊമ്പാണ് ജന്മദേശം. എറണാകുളം വൈറ്റില തൈക്കൂടത്തായിരുന്നു കുറച്ചു കാലമായി താമസിച്ചിരുന്നത്. എല്ലാവരും മൂളിയ മയൂഖത്തിലെ ഈ പുഴയും കുളിർകാറ്റും എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.