മാക്ബുക്ക് എയര്‍ എം4 2025ല്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ എത്തും
ഏറ്റവും പുതിയ M4 ചിപ്പ് ഫീച്ചര്‍ ചെയ്യുന്ന ഒരു മാക്ബുക്ക് എയര്‍ ഉപകരണം അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സാമ്പത്തിക സോഫ്റ്റ് വെയര്‍ ഡാറ്റ മീഡിയ കമ്പനിയായ ബ്ലൂംബെര്‍ഗ് പറയുന്നത് ശരിയാണെങ്കില്‍ 2025ന്റെ തുടക്കത്തില്‍ മാക്ബുക്ക് എയര്‍ എം4 കമ്പോളത്തിലെത്തും. 2025 ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കാലാവധിക്കുള്ളില്‍ അപ്ഡേറ്റ് ചെയ്ത മോഡലുകളുടെ ലോഞ്ച് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്ത ആഴ്ച വെളിപ്പെടുത്താന്‍ പോകുന്ന മാക്ബുക്ക് പ്രോസ്, മാക് മിനിസ്, ഐമാക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള പുതിയ മാക് ഉപകരണങ്ങളുടെ ഒരു പരമ്പരയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. 13 ഇഞ്ച്, 15 ഇഞ്ച് വേര്‍ഷനുകളില്‍ വരുന്ന പുതുക്കിയ മാക്ബുക്ക് എയര്‍ മോഡലുകള്‍ 2022ല്‍ അവതരിപ്പിച്ച ഡിസൈന്‍ നിലനിര്‍ത്തുന്നതാവുമെങ്കിലും എ4 ചിപ്പ് ഉള്‍പ്പെടുത്തുമെന്നതാണ് കാര്യമായ മാറ്റം. ഇത് കൂടുതല്‍ വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുമെന്നത് എഐയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഗുണകരമാവും.
ആപ്പിള്‍ അതിന്റെ ഉയര്‍ന്ന നിലവാരമുള്ള ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറായ മാക് പ്രോയുടെ എം4 പതിപ്പിന്റെ ജോലിയും തുടരുകയാണ്. മാക്ബുക്ക് എയറിന് പുറമേ, പുനര്‍രൂപകല്‍പ്പന ചെയ്ത ഐഫോണ്‍ എസ്ഇ, പുതിയ ഐപാഡ് എയര്‍ മോഡലുകള്‍, അപ്ഡേറ്റ് ചെയ്ത ഐപാഡ് കീബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ 2025ന്റെ തുടക്കത്തില്‍ ആപ്പിള്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11-ാം തലമുറ എന്‍ട്രി ലെവല്‍ ഐപാഡുകള്‍ ഇതേ റിലീസിംഗ് കാലയളവിലേക്ക് പൈപ്പ് ലൈനിലാണെന്നാണ് ലഭിക്കുന്ന വിവരം.