സിപിഎം വിട്ട മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി കെ സുരേന്ദ്രൻ
സിപിഎം വിട്ട മംഗലശ്ശേരി മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മധു മുല്ലശ്ശേരിക്ക് അംഗത്വം നൽകി. മധുവിനൊപ്പം മകൻ മിഥുൻ മുല്ലശ്ശേരിക്കും അംഗത്വം നൽകി.
പാർട്ടിയിൽ ചേർന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. രണ്ടര വർഷം മുമ്പുള്ള ഒരു പരാതിയിൽ ബിപിൻ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരിക്കുന്നു. ഗാർഹിക പീഡനമെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരായ അതിക്രമം ഒരാഴ്ച മൂടിവെച്ചെന്നും സുരേന്ദ്രൻ പറഞ്ഞു
പിഎഫ്‌ഐ നിരോധനത്തിന് ശേഷം സിപിഎം പിഎഫ്‌ഐക്കാരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോകുകയാണ്. പിണറായി വിജയന്റെ കാലത്ത് തന്നെ ഉദകക്രിയ നടക്കും. പല ജില്ലകളിൽ നിന്നായി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.