ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; ധാരാലിയിൽ രക്ഷാദൗത്യം തുടരുന്നു

മിന്നൽപ്രളയത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് വിവരം. മേഘവിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റർ അകലെയാണ് മലയാളികൾ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡിൽ കുടുങ്ങിയ രാമചന്ദ്രൻ നായരുടെ മകൻ ആണ് സംഘം സുരക്ഷിതരാണെന്ന് അറിയിച്ചത്
കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് എമർജൻസി നമ്പറുമായി ബന്ധപ്പെട്ടപ്പോഴാണ് സംഘം സുരക്ഷിതരാണെന്നും ഗംഗോത്രി എന്ന സ്ഥലത്താണ് ഉള്ളതെന്നും അറിയിപ്പ് ലഭിച്ചത്. ഇതിന് ശേഷം സംഘവുമായി നേരിട്ട് ബന്ധപ്പെട്ട് വീഡിയോ കോൾ ചെയ്യാൻ സാധിച്ചതായി രാമചന്ദ്രൻ നായരുടെ മകൻ രോഹിത് അറിയിച്ചു
മിന്നൽപ്രളയമുണ്ടായ ധാരാലിയിൽ രക്ഷാദൗത്യം ഇന്നും തുടരും. 60ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ 190 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.