National

മണിപ്പൂർ സംഘർഷത്തിന് പരിഹാരമില്ല; കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ആർഎസ്എസ്

മണിപ്പൂരിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് ആർഎസ്എസ്. 2023 മെയ് 3ന് ആരംഭിച്ച അക്രമസംഭവങ്ങൾ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടു പോകുന്നത് നിർഭാഗ്യകരമാണെന്ന് ആർഎസ്എസ് മണിപ്പൂർ ഘടകം പ്രസ്താവനയിൽ വിമർശിച്ചു. സംഘർഷം മൂലം നിരപരാധികളായ ജനങ്ങളാണ് അനുഭവിക്കുന്നതെന്നും പ്രസ്താവനയിൽ ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു

കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന ക്രൂരവും മനുഷ്യത്വരഹിതവും ദയാരഹിതവുമായ നടപടിയെ സംഘ് മണിപ്പൂർ ഘടകം ശക്തമായി അപലപിക്കുന്നു. മാനവികതയുടെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമായ ഭീരുത്വ നടപടിയാണിത്. സംഘർഷം പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആത്മാർഥമായി ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു

ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ കലാപം അഭൂതപൂർവമായ തലത്തിലേക്ക് എത്തിയെന്ന് എബിവിപി പ്രസ്താവനയിറക്കി. മണിപ്പൂരിൽ സുരക്ഷയും സാധാരണ നിലയും ഉറപ്പാക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.

Related Articles

Back to top button