Kerala
വളര്‍ത്തു നായയുമായി ബസില്‍ കയറി; എതിര്‍ത്തപ്പോള്‍ പൊതിരെ തല്ല്
രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു
വളര്‍ത്തു നായയുമായി ബസില്‍ കയറിയ യുവാക്കള്‍ ബസ് ജീവനക്കാരും യാത്രക്കാരായ വിദ്യാര്‍ഥികളുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. കൊല്ലത്തെ സ്വകാര്യ ബസിലാണ് സംഘര്‍ഷമുണ്ടായത്.
വളര്‍ത്തു നായയുമായി പുത്തൂരില്‍ നിന്ന് രണ്ട് യുവാക്കള്‍ ബസില്‍ കയറിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നായയുമായി ബസില്‍ കയറാന്‍ പറ്റില്ലെന്നും വിദ്യാര്‍ഥികള്‍ കയറിയാല്‍ സ്ഥലമുണ്ടാകില്ലെന്നും ബസ് ജീവനക്കാര്‍ പറഞ്ഞതോടെ തര്‍ക്കം ഉടലെടുത്തു.
വിഷയത്തില്‍ ബസിലുണ്ടായ വിദ്യാര്‍ഥികള്‍ ഇടപെട്ടതോടെ സംഘര്‍ഷത്തിലേക്ക് കലാശിക്കുകയായിരുന്നു. ബസ് ജീവനക്കാരെയും വിദ്യാര്‍ഥികളെയും യുവാക്കള്‍ മര്‍ദിച്ചെന്നും ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നും യാത്രക്കാര്‍ വ്യക്തമാക്കി. കൈതക്കോട് സ്വദേശികളായ അമല്‍, വിഷ്ണു എന്നിവരാണ് പ്രശ്‌നമുണ്ടാക്കിയത്. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.