
അബുദാബി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും എത്തുന്ന വിമാനങ്ങളുടെ സമയക്രമം അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കൊച്ചി വിമാനത്താവളത്തില്‍നിന്ന് മാവേലിക്കര, തിരുവല്ല, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് ആദ്യഘട്ടം പുതിയ സര്‍വീസുകള്‍ ആരംഭിക്കുകയെന്നും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അര്‍ധരാത്രി 12 മണി മുതല്‍ പ്രത്യേക ഇടവേളകളിലാവും രാവിലെ അഞ്ചുമണിവരെ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ തുടരുക. വിമാനം എത്തുന്നത് വൈകുകയാണെങ്കില്‍ അതിനനുസരിച്ച് സര്‍വീസ് സമയത്തിലും മാറ്റം വരുത്തും. ഇടക്കുള്ള സ്റ്റോപ്പുകളില്‍ നിന്ന് ബസ്സിനെ ആശ്രയിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ കയറിയാല്‍ ബസ്സിന്റെ സമയവും എത്ര സീറ്റാണ് ബാക്കിയുള്ളത് എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയാന്‍ പറ്റുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ബുക്കിംഗ് നടത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.