മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; പരുക്കേറ്റ് റോഡിൽ കിടന്നത് ഒന്നര മണിക്കൂർ
മലപ്പുറം മങ്കട വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. പരുക്കേറ്റ കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീൻ ഒരു മണിക്കൂറോളം നേരം റോഡിൽ രക്തം വാർന്നുകിടന്നു. സ്‌കൂട്ടർ റോഡിൽ സഡൻ ബ്രേക്കിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഒരു മരണവീട്ടിൽ നിന്ന് തിരിച്ചുവരികയായിരുന്നു ഷംസുദ്ദീൻ. വലമ്പൂരിൽ വാഹനമോടിച്ച് വരുമ്പോൾ മുന്നിലുണ്ടായിരുന്ന സ്‌കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. ഇതേ തുടർന്ന് തർക്കമുണ്ടാകുകയും ഷംസുദ്ദീൻ യാത്ര തുടരുകയും ചെയ്തു
എന്നാൽ സ്‌കൂട്ടർ യാത്രികൻ വാഹനം റോഡിന് കുറുകെയിട്ട് ഷംസുദ്ദീനെ തടഞ്ഞു. തുടർന്ന് സ്‌കൂട്ടർ യാത്രികൻ മറ്റൊരാളെ വിളിച്ചു വരുത്തുകയും ഇരുവരും ചേർന്ന് ഷംസുദ്ദീനെ മർദിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ ആളുകളെ ഇവർ വിളിച്ചുവരുത്തി. വന്നവരെല്ലാം കാരണം ചോദിക്കാതെ തന്നെ ഷംസുദ്ദീനെ മർദിക്കുകയായിരുന്നു
ഷംസുദ്ദീൻ മദ്യലഹരിയിൽ ആണെന്ന് മർദിച്ചവർ പറഞ്ഞുപരത്തിയതോടെ പരുക്കേറ്റ് ഒന്നര മണിക്കൂറോളം നേരം യുവാവ് റോഡിൽ തന്നെ കിടന്നു. കരുവാരക്കുണ്ടിൽ നിന്ന് ഷംസുദ്ദീന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്