മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണി: പിണറായി വിജയനുമായി വ്യാഴാഴ്ച കോട്ടയത്ത് ചർച്ച നടത്തുമെന്ന് സ്റ്റാലിൻ

മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോൾ പിണറായി വിജയനുമായി സംസാരിക്കുമെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സ്റ്റാലിൻ മറുപടി നൽകി
മുല്ലപ്പെരിയാർ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞാഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് അണ്ണാഡിഎംകെ രംഗത്തുവന്നതോടെയാണ് ചർച്ച നടത്തുമെന്ന് സ്റ്റാലിൻ അറിയിച്ചത്
ഡിസംബർ നാലിനാണ് ഡാമിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ രണ്ട് ലോറികളിൽ മണൽ എത്തിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിൽ അക്കാര്യം കേരളത്തെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിച്ചായിരുന്നു തമിഴ്‌നാടിന്റെ നീക്കം.