Kerala

താപനില മൈനസിലെത്തി; ന്യൂയര്‍ ട്രിപ്പ് ഇനി മൂന്നാറിലേക്ക്

യാത്രക്കാരുടെ എണ്ണം കുത്തനെ കൂടുന്നു

അതിശൈത്യത്തെ തുടര്‍ന്ന് മൂന്നാറില്‍ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയും ചിലയിടങ്ങളില്‍ മൈനസ് ഡിഗ്രിയും റിപോര്‍ട്ട് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചു. ക്രിസ്മസ്. ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് പുറപ്പെടുകയാണ് ഫാമിലി ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍. ബൈക്കുകളിലും കാറുകളിലുമായി യുവാക്കളുടെ കുത്തൊഴുക്കാണ് മൂന്നാറില്‍ കാണുന്നത്.

ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷനിലാണ് ഇന്നലെ പുലര്‍ച്ചെ താപനില മൈനസ് ഡിഗ്രിയിലെത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, നയമക്കാട്, ലാക്കാട് എന്നിവിടങ്ങളില്‍ പൂജ്യവും മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, മാട്ടുപ്പെട്ടി. കുണ്ടള എന്നിവിടങ്ങലില്‍ രണ്ട് ഡിഗ്രിയുമായിരുന്നു ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില.

ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ താപനില വീണ്ടും താഴുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മൂന്നാറില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.

മൂന്നാര്‍ മഞ്ഞില്‍ പൊതിഞ്ഞ് കിടക്കുകയാണ്. ശനിയാഴ്ച മുതല്‍ മൂന്നാറിന് സമീപമുള്ള എല്ലാ ടൂറിസം പോയിന്റുകളിലും സന്ദര്‍ശകരുടെ വലിയ തിരക്കാണ്. മൂന്നാറിലേക്ക് ദിവസന്തോറും സഞ്ചാരികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 20 മുതല്‍ 31 വരെ മിക്ക ഹോട്ടലുകളിലും 90 ശതമാനം ബുക്കിം
ഗ് ഉള്ളതായാണ് റിപ്പോര്‍ട്ട്.

താപനില പൂജ്യത്തില്‍ എത്തിയതോടെ അപൂര്‍വമായി ലഭിക്കുന്ന കാലവസ്ഥ അനുഭവിക്കാനായി സഞ്ചാരികള്‍ ഇനിയും ഇങ്ങോട്ട് എത്താന്‍ ആണ് സാധ്യത.

Related Articles

Back to top button
error: Content is protected !!