USAWorld

മസ്‌ക് പണി തുടങ്ങി; ഫെഡറല്‍ ജീവനക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് ഭീഷണി

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ച് ഫെഡറല്‍ ജീവനക്കാര്‍ രണ്ട് ദിവസത്തിനകം വിശദീകരിക്കണമെന്ന അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക്. നിര്‍ദേശം ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്‌ടിച്ചിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാരിന്‍റെ അംഗ സംഖ്യ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ചെലവ് ചുരുക്കല്‍ മേധാവിയായ മസ്‌ക് തന്‍റെ സാമൂഹ്യമാധ്യമത്തിലൂടെയാണ് ജീവനക്കാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഇ-മെയില്‍ ഉടനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് ഇതെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. മറുപടി നല്‍കാന്‍ വീഴ്‌ച വരുത്തുന്നത് രാജിയായി കണക്കാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സിലെ കുറിപ്പിന് തൊട്ടുപിന്നാലെ തന്നെ ഫെഡറല്‍ ജീവനക്കാരിലുള്‍പ്പെട്ട ചില ന്യായാധിപന്‍മാര്‍, കോടതി ജീവനക്കാര്‍, ജയില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ച മെയില്‍ ലഭിച്ചു. ഈ മെയിലിന് അഞ്ച് വരികളായിട്ടെങ്കിലും മറുപടി ലഭിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന്‍റെ പകര്‍പ്പ് നിങ്ങളുടെ മാനേജര്‍ക്കും നല്‍കിയിരിക്കണമെന്നും മെയിലില്‍ പറയുന്നു. തിങ്കളാഴ്‌ച രാത്രി 11.59 വരെയാണ് മറുപടി നല്‍കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം മെയിലില്‍ മസ്‌കിന്‍റെ സാമൂഹ്യമാധ്യമ പോസ്റ്റിലെ ഭീഷണിയില്ലെന്നതും ശ്രദ്ധേയമാണ്.

ഏതായാലും അസാധാരണമായ നിര്‍ദേശം നിരവധി ഏജന്‍സികളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. ദേശീയ കാലാവസ്ഥ വകുപ്പ്, വിദേശകാര്യമന്ത്രാലയം, ഫെഡറല്‍ കോടതി സംവിധാനം തുടങ്ങിയവര്‍ക്കിടയിലാണ് ആശങ്ക പടര്‍ന്നിരിക്കുന്നത്. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദേശത്തിന്‍റെ നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കുകയും ചില കാര്യങ്ങളില്‍ ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.

ഇതിനകം തന്നെ പതിനായിരക്കണക്കിന് ജീവനക്കാരെ സര്‍വീസില്‍ നിന്ന് നിര്‍ബന്ധിതമായി നീക്കി കഴിഞ്ഞു. ഇതില്‍ ചിലരെ പിരിച്ച് വിട്ടപ്പോള്‍ ചിലര്‍ക്ക് ചില വാഗ്‌ദാനങ്ങള്‍ നല്‍കി സ്വയം വിരമിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ട്രംപിന്‍റെ ആദ്യ ഭരണമാസത്തിലെ മാറ്റങ്ങളായിരുന്നു ഇത്. ഇനിയും കൂടുതല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് നീക്കമെന്നാണ് വിലയിരുത്തല്‍. മസ്‌കിന്‍റെ വകുപ്പായ ഡോജിന്‍റെ കീഴിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്.

അതേസമയം ഇതുവരെ പിരിച്ച് വിട്ടവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല. എങ്കിലും പതിനായിരക്കണക്കിന് പേരെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ജോലികളും വാഷിങ്ടണിന് പുറത്തേക്ക് കൊണ്ടു പോകാനും ശ്രമം നടക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാരുടെ വിഷയങ്ങള്‍, പ്രതിരോധം, ആരോഗ്യം, മാനുഷിക സേവനങ്ങള്‍, ആഭ്യന്തര വരുമാന സേവനങ്ങള്‍, ദേശീയ പാര്‍ക്ക് സേവനങ്ങള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!