Novel

🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 80 || അവസാനിച്ചു

രചന: റിൻസി പ്രിൻസ്‌

നിറഞ്ഞ കണ്ണുകളോടെ ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്ന ബെറ്റിയുടെ മുഖത്തേക്ക് നോക്കി സണ്ണി പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു അവളുടെ കൈയിൽ അധികാരത്തോടെ പിടിച്ചുകൊണ്ട് സോളമൻ കാറിലേക്ക് കയറ്റിയപ്പോൾ ആ കണ്ണുനീരിലും ആ മിഴികൾ ഒന്ന് തിളങ്ങി. തന്റെ മകൾ സുരക്ഷിതമായ കരങ്ങളിൽ ആണെന്നോർത്ത്

കാറിലേക്ക് കയറാൻ തുടങ്ങിയവന്റെ കൈകളിലേക്ക് ബെറ്റി പിടിച്ചു….

അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവനും വേദന തോന്നിയിരുന്നു….

അവൻ എന്താണ് എന്ന ഭാവത്തിൽ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…

എന്റെ മോൾ ഒരു പാവമാ, ജീവിതത്തിൽ ഇതുവരെ സന്തോഷം അനുഭവിച്ചിട്ടില്ല…

അവളെ എനിക്കൊന്നു ചേർത്തു പിടിക്കാൻ പോലും പറ്റിയിട്ടില്ല. എന്റെ വയറ്റിൽ ജനിച്ചു പോയി എന്നുള്ള ഒരു കുറ്റം മാത്രമേ അവൾ ചെയ്തിട്ടുള്ളൂ. മോന്റെ വലിയ മനസ്സിനെ ദൈവം അനുഗ്രഹിക്കും.

അതു പറഞ്ഞ് തൊഴുത് അവൻ അവരവരുടെ കാലിലേക്ക് തുടങ്ങിയതും അവൻ പെട്ടെന്ന് അവരുടെ കൈകളിൽ പിടിച്ച് അവരെ തടഞ്ഞു

എന്താ ആന്റി ഇത്… ആന്റിയുടെ മോൾ എന്റെ ഭാഗ്യമാണ്.! അവളെവിടെ നിർത്താൻ എനിക്ക് മനസ്സില്ല. അതുകൊണ്ടാണ് കൂടെ കൊണ്ടുപോകുന്നത്. കല്യാണത്തിന് എന്താണെങ്കിലും ആന്റി വരണം. ആരൊക്കെ തടഞ്ഞാലും അത് ആന്റിയുടെ അവകാശമാണ്.

അവൻ അത്രയും പറഞ്ഞപ്പോൾ എവിടെ നിന്നോ ഒരു ആത്മവിശ്വാസം ബെറ്റിയിലും വന്നിരുന്നു….

കണ്ണുകൾ തുടച്ച് അവർ അമലയുടെ കൈകളിലേക്ക് പിടിച്ചുകൊണ്ട് പറഞ്ഞു…

അവളെ നിന്റെ കയ്യിലേക്ക് ഞാൻ ഏൽപ്പിക്കുവാ… എന്റെ കുഞ്ഞ് അറിഞ്ഞോ അറിയാതെയോ നിന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവൾക്ക് വേണ്ടി നിന്നോട് മാപ്പ് ചോദിക്കാം… നിന്റെ ഒരേയൊരു മകൻ ആണ്. അവന്റെ വിവാഹത്തെക്കുറിച്ച് നിന്റെ സങ്കൽപ്പങ്ങൾ ഒന്നും ഇതായിരുന്നില്ലന്ന് എനിക്കറിയാം… നിനക്ക് വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ നീ അവളെ ശപിക്കരുത്.

കരഞ്ഞു പോയിരുന്നു ബെറ്റി.. അവരെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ആ നിമിഷം അമലയ്ക്കുമാറിയില്ലായിരുന്നു..

ഒരിക്കൽ പോലും മരിയയോട് ദേഷ്യം തോന്നിയിട്ടില്ല. പിണക്കം തോന്നിയതും ദേഷ്യം തോന്നിയതും സോളമനോട് മാത്രമായിരുന്നു. മരിയയുടെ അവസ്ഥകളെല്ലാം താൻ അവനോട് പറഞ്ഞിട്ടും അവൻ വീണ്ടും അവളുടെ പിന്നാലെ നടന്നതിനും അവളുടെ മനസ്സിൽ സ്വപ്നങ്ങൾ കൊടുത്തതിനും അവളെ ചേർത്തുപിടിച്ചതിനും ഒക്കെയാണ് തനിക്ക് ദേഷ്യം തോന്നിയത്. അത് അവന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മാത്രമാണ്. അല്ലാതെ മരിയയോട് ഒരിക്കൽ പോലും പിണക്കം തോന്നിയില്ല.

അവൻ പറഞ്ഞതിനൊക്കെ കേട്ട് സമ്മതിച്ചു തന്നോട് ഒന്നും പറയാതിരുന്നതിനാണ് അവളോട് മിണ്ടാതിരുന്നിട്ടുള്ളത്..അല്ലാതെ അവള് തന്നോട് തെറ്റ് ചെയ്തു എന്ന് ഈ നിമിഷം വരെ താൻ വിശ്വസിച്ചിട്ടില്ല. സോളമനെ പോലെ ഒരു പുരുഷൻ തുനിഞ്ഞിറങ്ങിയാൽ അവളെപ്പോലെ ഒരു പെണ്ണിന് എതിർത്ത് നിൽക്കാൻ പരിധികൾ ഉണ്ടാവുമെന്ന് തനിക്കറിയാം.

ബെറ്റിയുടെ കണ്ണുനീർ കാണെ വല്ലാത്തൊരു വേദനയായിരുന്നു അവൾക്കും നിറഞ്ഞത്.

മരിയ എന്റെ സ്വന്തം മോളാണെന്നേ ഞാൻ കരുതിയിട്ടുള്ളു. നീ വിഷമിക്കരുത്. അവളോട് എനിക്ക് ഒരിക്കലും ഒരു പിണക്കം തോന്നില്ല. നീ അതോർത്ത് പേടിക്കണ്ട.!

ബെറ്റിയുടെ കൈകളിൽ പിടിച്ച് അവൾ അത് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് സോളമന് ആയിരുന്നു. അമ്മയുടെ മനസ്സിൽ അവളോട് പിണക്കം ഉണ്ടോന്നുള്ള ഒരു സംശയത്തിലായിരുന്നു അവൻ..

അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. അത് അറിഞ്ഞതും അവൻ സന്തോഷത്തോടെ അവളുടെ കൈകളിൽ ഒന്ന് പിടിച്ചു. അവളുടെ മുഖത്തും സന്തോഷം തന്നെയാണ്, അവളേറെ ആഗ്രഹിച്ചതായിരുന്നു ഈ നിമിഷം എന്ന് അവന് തോന്നി. അവൻ കണ്ണുകൾ ചിമ്മി അവളെ ചിരിച്ചു കാണിച്ചു. എന്നാൽ വല്യമ്മച്ചിയുടെ മുഖം അപ്പോഴേക്കും ദേഷ്യത്താൽ നിറഞ്ഞിരുന്നു

അവളെ ഞങ്ങൾ കൊണ്ടുപോവാ, ജോണി എന്തൊക്കെ പറഞ്ഞാലും നീ വിവാഹത്തിന് വരുമെന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്. അവളത് ആഗ്രഹിക്കും. ഈ ലോകത്ത് അവൾക്ക് സ്വന്തം എന്ന് പറയാൻ നീ മാത്രമേയുള്ളൂ. അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷം നീ കാരണം വേദനയിൽ ആവരുത്

അമല ഓർമ്മിപ്പിച്ചപ്പോൾ വരും എന്ന് ദൃഢനിശ്ചയത്തോടെ തന്നെ തലയാട്ടിയിരുന്നു ബെറ്റി

ഞങ്ങൾ ഇറങ്ങുകയാ..

സണ്ണി അവരോട് പറഞ്ഞു.

ആ വാഹനം അകന്നു പോകുന്നത് വരെ അവിടെ തന്നെ നിന്നു ബെറ്റി.

ശേഷം അകത്തേക്ക് കയറി വന്ന ബെറ്റിയെ ദേഷ്യത്തോടെ തന്നെയാണ് ജോണി നോക്കിയത്

ആരുടെ 16 കാണാന്‍ നില്‍ക്കുകയായിരുന്നു നീ.?

ദേഷ്യത്തോടെ അയാൾ ചോദിച്ചപ്പോൾ അയാളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിരുന്നു ബെറ്റി..

ഞാനെന്റെ മകളോട് സംസാരിക്കുകയായിരുന്നു. അവളെ വിവാഹം കഴിക്കാൻ പോകുന്ന പയ്യനോടും. അതിന് എന്നെ ആർക്കാ തടയാൻ കഴിയുന്നത്.?

അവർ ദേഷ്യത്തോടെ ചോദിച്ചപ്പോൾ ജോണി ഒന്ന് അമ്പരന്നു പോയിരുന്നു. ഉടനെ അകത്തു നിന്നും ലീലാമ്മയും ഇറങ്ങിവന്നു…

കണ്ടോ അവളുടെ അഹമ്മതി കണ്ടോ, പെണ്ണിന് കൊമ്പത്തെ ആലോചന കിട്ടിയപ്പോഴേക്കും അവളുടെ അഹമതി കൂടിയിരിക്കുവാ…

ദേഷ്യത്തോടെ ലീലാമ്മ പറഞ്ഞു.

അവൾക്ക് നല്ല ചെറുക്കനെ കിട്ടിയെങ്കിൽ അത് അവളുടെ ഭാഗ്യം,

ഓ പിന്നെ ഒരു ഭാഗ്യം കണ്ണും കയും വീശി ഒരു ചെറുക്കനെ വീഴ്ത്താനുള്ള അവളുടെ കഴിവ് നിന്റേന്ന് കിട്ടിയതാ

ലീലാമ്മ പറഞ്ഞു

ഞാൻ ആരെയാ കണ്ണും കയ്യും കാണിച്ച് വീഴ്ത്തിയത് നിങ്ങൾ കണ്ടത്.?

ദേഷ്യത്തോടെ അവൾ ലീലാമ്മയോട് ചോദിച്ചപ്പോൾ അവർ അമ്പരന്നു കൊണ്ട് അയാളെ നോക്കി..

അയാൾ അപ്പോഴേക്കും അവൾക്കരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു

നീ എന്റെ അമ്മച്ചിയോട് സംസാരിക്കുന്നതെന്ന്നിനക്ക് ഓർമ്മയുണ്ടോ.?

ആരോടാണെങ്കിലും എനിക്ക് ഇതിനെക്കുറിച്ച് പറയാനുണ്ട്. കുറച്ചുകാലം കൊണ്ട് ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ് ഈ വർത്തമാനം. അതുകൊണ്ട ചോദിക്കുന്നത് ഞാൻ ആരെ ആണ് വളച്ചെടുത്തത് നിങ്ങളൊക്കെ കണ്ടത്. നിങ്ങളെ ഞാൻ വിളിച്ചില്ലല്ലോ എന്റെ കുടുംബത്തിലെ സ്വത്തും പണവും മോഹിച്ച് നിങ്ങളല്ലേ എന്നെ വിവാഹം കഴിക്കാൻ വേണ്ടി എന്റെ വീട്ടിലേക്ക് വന്നത്. അപ്പോൾ നിങ്ങൾക്കറിയാരുന്നല്ലോ എനിക്ക് ഒരു കുഞ്ഞുണ്ടെന്ന്. എന്റെ കുഞ്ഞിനെ നോക്കിക്കോളാം എന്ന് പറഞ്ഞല്ലേ നിങ്ങൾ ഈ കല്യാണത്തിന് വന്നത്. അല്ലാതെ ഈ കല്യാണം നടത്തണമെന്ന് പറഞ്ഞു ഞാൻ നിങ്ങളുടെ ആരുടെയും കാലിൽ വീണു കെട്ടിപ്പിടിച്ച് കരഞ്ഞിട്ടൊന്നുമില്ല..

കല്യാണം കഴിഞ്ഞപ്പോൾ എന്റെ കുഞ്ഞിനെ കാണുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല. അവളീ വീട്ടിൽ ഇനി അനുഭവിക്കാൻ എന്തെങ്കിലും ബാക്കിയുണ്ടോ.? ഇപ്പോൾ അവൾക്ക് നല്ലൊരു ജീവിതം കിട്ടിയപ്പോൾ അതും കൂടി നശിപ്പിക്കാൻ അല്ലേ നിങ്ങൾ ശ്രമിക്കുന്നത്.? അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും നിങ്ങൾ എന്നെ അനുവദിച്ചിട്ടില്ല. ഇനിയെങ്കിലും ഞാൻ സംസാരിച്ചില്ലെങ്കിൽ ശരിയാവില്ല. ഈ കല്യാണത്തിന് നിങ്ങൾ സഹകരിക്കില്ലെന്ന് പറഞ്ഞില്ലേ അതുതന്നെയാ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്. നിങ്ങൾ ഈ കല്യാണത്തിന് സഹകരിക്കരുത്. സഹകരിച്ചാൽ ഒരിക്കലും എന്റെ കുഞ്ഞിന് സമാധാനത്തോടെ ഇറങ്ങിപ്പോകാൻ പറ്റില്ല.

ഈ കല്യാണത്തിന് ആരൊക്കെ ഇവിടുന്ന് സഹകരിച്ചാലും ഇല്ലെങ്കിലും ഞാൻ പോകും. അവൾക്ക് വേണ്ടി ഇനിയും ഞാൻ സംസാരിച്ചില്ലെങ്കിൽ അത് ഞാൻ അവളോടും അവളുടെ മരിച്ചുപോയ അച്ഛനോടും ചെയ്യുന്ന ദ്രോഹമായി പോകും.

അത്രയും പറഞ്ഞ അവർ അകത്തേക്ക് കയറി പോയപ്പോൾ അമ്മയും മകനും പരസ്പരം മുഖത്തോട് മുഖം നോക്കി. അണ മുട്ടിയാൽ ചേരയും കടിക്കുമെന്ന് അവർ മനസ്സിലാക്കുക കൂടിയായിരുന്നു..

*

വലിയമ്മച്ചിയേ വീട്ടിലേക്ക് ആക്കിയതിനു ശേഷം സണ്ണിയുടെ വീട്ടിൽ പോകാം എന്നായിരുന്നു തീരുമാനിച്ചത്. അമല വീട്ടിൽ നിൽക്കേണ്ട എന്നത് അമലയുടെ തീരുമാനമായിരുന്നു. അതു തന്നെയാണ് നല്ലത് എന്ന് സോളമനും തോന്നിയിരുന്നു.

കാര്യമറിഞ്ഞപ്പോൾ മുതൽ ചെറിയ മുറുമുറുപ്പ് വീട്ടിലുണ്ട്. എന്തിനാണ് ഇങ്ങനെ ഒരു വിവാഹം എന്ന് സഹോദരൻ അടക്കം ഉള്ള എല്ലാവരും ചോദിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് സണ്ണിയുടെ വീട്ടിലേക്ക് പോകാം എന്ന് തീരുമാനമായത്..

എല്ലാവരും മൗനത്തിൽ ആയിരുന്നു ഒന്നും മിണ്ടിയില്ലെങ്കിലും മരിയുടെ കൈകൾക്ക് മുകളിൽ അമല കൈകൾ വച്ച് അവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചിരുന്നു. അവൾക്ക് അതിൽ കൂടുതൽ ഒന്നും വേണ്ടായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അമലയുടെ തോളിലേക്ക് ചാഞ്ഞു. അവർ ഒരു കൈയാൽ അവളെ ചേർത്തുപിടിച്ചു.

പുറകിലേക്ക് തിരിഞ്ഞു നോക്കിയ സോളമൻ ഈ രംഗം കണ്ട് സന്തോഷത്തോടെ സണ്ണിയെ നോക്കി. അയാളുടെ മുഖത്തും ഉണ്ടായിരുന്നു തെളിച്ചം. സണ്ണിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ എല്ലാവരും മരിയേയും ഉറ്റു നോക്കുന്നുണ്ടായിരുന്നു എങ്കിലും അമലയുടെ വീട്ടിലെ പോലെ അധികം ചോദ്യങ്ങളോ മറുപടികളോ ഒന്നുമില്ല. എല്ലാവരും മരിയോട് സ്നേഹത്തോടെ തന്നെയാണ് പെരുമാറിയത്. അത് വലിയ സമാധാനമായിരുന്നു മരിയയിൽ നിറച്ചത്. സണ്ണിയുടെ അനുജന്റെ മകൾ ആൽഫി കണ്ടപാടെ അവളെ കൂട്ടിക്കൊണ്ടു പോയിരുന്നു. അവളുടെ വിശേഷം ചോദിക്കലും ഒക്കെയായി മരിയ പെട്ടെന്ന് തന്നെ മനസ്സിലെ വിഷമങ്ങളെ മറന്നു തുടങ്ങിയിരുന്നു. അത് ഒരു കണക്കിന് നന്നായി എന്ന് സോളമനും തോന്നിയിരുന്നു .

 

എന്നാലും ആരുമില്ലാതെ ഒരു കൊച്ചിനെ നമ്മുടെ സോളമനു വേണ്ടി…. അത് വേണ്ടിയിരുന്നില്ല. അല്ലെങ്കിൽ പിന്നെ എങ്ങനെയെങ്കിലും ആ കുട്ടിയുടെ ബന്ധുക്കളെ കൂടി കൊണ്ടുവരാമായിരുന്നില്ലേ.? ആരെങ്കിലും ഒക്കെ ചോദിച്ചാൽ നമ്മൾ എന്തു മറുപടി പറയും.

സണ്ണിയുടെ അനുജൻ സാജനാണ് ചോദിച്ചത്.

ആര് എന്ത് ചോദിച്ചാലെന്താ നമ്മളല്ലേ കല്യാണം നടത്തുന്നത്. മറ്റുള്ളവർക്ക് നല്ലതെന്നു തോന്നുന്ന എന്തെങ്കിലും ഒരു മറുപടി അങ്ങ് പറയും. അല്ലാതെ എന്ത് ചെയ്യാൻ പറ്റും.?

സണ്ണി പെട്ടെന്ന് തന്നെ പരിഹാരം പറഞ്ഞു. ഏതായാലും രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കല്യാണം ഉണ്ടല്ലോ, അത്രയും ദിവസം ആളുകളുടെ സംസാരത്തെ നോക്കിയാൽ പോരെ.

സണ്ണി പറഞ്ഞു

അപ്പച്ചന് നല്ല വിഷമം ഉണ്ട് ഇവന്റെ കല്യാണം ഇങ്ങനെയൊന്നുമല്ല അപ്പച്ചൻ ആഗ്രഹിച്ചത് …

ആകെയുള്ള ഒരു ആൺതരിയായ കൊച്ചുമോനാ. അപ്പൊ എന്ത് അടിപൊളിയായിട്ട് നടത്താനായിരുന്നു ആഗ്രഹിച്ചത്. ഇതിപ്പോൾ ബന്ധുക്കളെ പോലും വിളിക്കാൻ പറ്റിയില്ല. ചേട്ടായി ഒരു സൂചന പോലും തന്നില്ലല്ലോ എടാ അതിപ്പോ പെട്ടെന്ന് കല്യാണം നടത്തേണ്ട ഒരു ആവശ്യം വന്നതുകൊണ്ട്, അമേരിക്കയിലെ ഹോസ്പിറ്റലിൽ ഇവന് ജോലി ഒക്കെ ശരിയായിട്ടിരിക്കുകവാ..

അതുകൊണ്ട് എപ്പോഴാ കേറി പോകുന്നേ എന്ന് പറയാൻ പറ്റത്തില്ല. കേറി പോയി കഴിഞ്ഞാൽ പിന്നെ പെട്ടെന്ന് വരാനും പറ്റത്തില്ല. ഒരു മൂന്നാല് വർഷമെങ്കിലും എടുക്കും, പിന്നെ തിരിച്ചു വരണമെങ്കിൽ 2-3 ഇയർ എടുക്കും. അതുവരെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും…. അതുകൊണ്ട് പെട്ടെന്ന് അങ്ങ് നടത്താമെന്ന് വച്ചത്… പിന്നെ ഇവർ ഇഷ്ടത്തിലാണെന്ന് ഞങ്ങൾക്ക് അറിയായിരുന്നു..

എല്ലാ കാര്യങ്ങളും വിട്ടൊന്നും സണ്ണി പറഞ്ഞിട്ടില്ല എന്ന് സോളമന് മനസ്സിലായി.

എന്നാലും ഇവനെപ്പോലെ ഒരാൾക്ക് കുറച്ചുകൂടി നല്ലൊരു ആലോചന ഒക്കെ കിട്ടിയേനെ. അവനൊരു ഡോക്ടറല്ലേ ഇതിപ്പോ ബന്ധുക്കാര് പോലുമില്ലാത്ത ഒരു പെൺകുട്ടി.

സാജന്റെ ഭാര്യ റെജീന പറഞ്ഞു

അങ്ങനെയുള്ളവർക്ക് വേണ്ടേ
നമ്മളൊരു ജീവിതം കൊടുക്കാൻ

സണ്ണി ചോദിച്ചപ്പോൾ സാജൻ ഒന്നും മിണ്ടിയില്ല.

ഒളിഞ്ഞും തെളിഞ്ഞും എല്ലാവരിലും ആ ഒരു അനിഷ്ടം ഉണ്ടായെന്ന് സോളമന് മനസ്സിലായി. എങ്ങനെയെങ്കിലും കല്യാണം കഴിഞ്ഞ് തിരിച്ചു പോയാൽ മതിയെന്നായി അവന്.

എന്നാൽ സാജന്റെ രണ്ടു പെൺകുട്ടികൾക്കും മരിയയെ വല്ലാതെ ഇഷ്ടമായി.. അവിടെ വന്നതിനുശേഷം സോളമനെ ഒന്ന് കാണാൻ പോലും കിട്ടിയില്ല.. ഇടയ്ക്ക് കണ്ണുകൾ കൊണ്ട് ഒരു ദർശന പുണ്യം കിട്ടും. അതുമാത്രമാണുള്ളത്. ബന്ധുക്കളെ വിളിക്കുവാനും പള്ളിയിൽ പോകുവാനുമൊക്കെയായി തിരക്കിലായിരുന്നു സോളമൻ. രണ്ടുപേരും ചെന്നൈയിൽ ആയതുകൊണ്ട് തിരക്കുകൾ മൂലവും വിവാഹത്തിന് മുൻപുള്ള ധ്യാനം അച്ഛൻ ഒഴിവാക്കി തന്നു.. അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു മൂന്ന് ദിവസം അതിന്റെ പേരിൽ പോവുകയാണെങ്കിൽ ബാക്കി ഒന്നിനും സമയം ഇല്ല എന്ന് സണ്ണി ഓർത്തതായിരുന്നു.

വിവാഹം വളരെ മനോഹരമായി തന്നെ നടത്തണമെന്നത് സോളമന്റെ നിർബന്ധമായിരുന്നു. . അടുത്ത ബന്ധുക്കളെ മാത്രമേ വിളിച്ചുള്ളൂവെങ്കിലും പെട്ടെന്ന് തന്നെ കാര്യങ്ങളെല്ലാം ശരിയാക്കുന്ന ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയേ സോളമൻ സമീപിച്ചിരുന്നു എല്ലാം മികച്ച രീതിയിൽ ചെയ്യണം എന്ന് അവർക്ക് നിർദ്ദേശം കൊടുക്കുകയും ചെയ്തു.

വസ്ത്രങ്ങൾ എടുക്കുവാനും ഗോൾഡ് എടുക്കുവാനും ഒക്കെ പോയപ്പോൾ അവൾക്കൊപ്പം സോളമനും ഉണ്ടായിരുന്നു.. ഇതിനിടയിൽ എല്ലാവരും ഉള്ളതുകൊണ്ട് അവളോട് നന്നായി ഒന്ന് സംസാരിക്കുവാൻ ഒന്നും അവന് സാധിച്ചിരുന്നില്ല.
സാരി എടുത്തതും ഓർണമെൻസ് എടുത്തതും എല്ലാം അവന്റെ ഇഷ്ടത്തിന് തന്നെയാണ്..

താലിമാല എടുത്തപ്പോൾ മാത്രമാണ് അവൻ അവളോട് അഭിപ്രായം ചോദിച്ചത്.. സാജന്റെ ഭാര്യയെയും അമലയും ഒക്കെ വലിയ മാല എടുക്കാൻ പറഞ്ഞപ്പോൾ നേർത്ത ഒരു റോസ് ഗോൾഡ് മാലയാണ് അവൻ എടുത്തത് അത് അവൾക്കിഷ്ടപ്പെട്ടു എന്ന് അവൻ ചോദിച്ചു. അവൾ തലയാട്ടി കാണിച്ചിരുന്നു.

അവൻ തനിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് എല്ലാം മികച്ചതായിരിക്കുമെന്ന് അവൾക്കും ഉറപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയായിരുന്നു അവൾ എന്നു പറയുന്നതാണ് സത്യം.

ഇതിനിടയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ആരും കാണാതെ അവളുടെ കൈകളിൽ ഒന്ന് പിടിക്കുവാനും ചുണ്ടുകൾ കൊണ്ട് ഉമ്മ വയ്ക്കുന്നത് പോലെ ആക്ഷൻ കാണിക്കാനും ഒന്നും സോളമൻ മറന്നില്ല. അതൊക്കെ തന്റെ മനസ്സിൽ വിഷമം ഉണ്ടെന്ന് ഓർത്തും തന്നെ ഹാപ്പി ആക്കി നിർത്തുവാനും ആണെന്ന് അവൾക്ക് അറിയാമായിരുന്നു. എത്ര തിരക്കിലും അവൻ തനിക്ക് നൽകുന്ന പരിഗണന അതൊന്നു മാത്രമാണ് അവളെ ഇപ്പോഴും പിടിച്ചു നിർത്തുന്നത് എന്ന് തോന്നിയിരുന്നു. ഒപ്പം ആരുമില്ല എന്നുള്ള ദുഃഖം അവൾക്ക് ഉണ്ടാവരുത് എന്ന് സോളമൻ ആഗ്രഹിച്ചിരുന്നു..

അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ഇരിക്കുവാനുള്ള അവസരങ്ങൾ ഒന്നും അവൻ നൽകിയില്ല. അവൾ ഒറ്റയ്ക്കിരിക്കുന്നത് കാണുകയാണെങ്കിൽ ഉടനെ തന്നെ അവൻ ആരെയെങ്കിലും അവൾക്ക് അരികിലേക്ക് പറഞ്ഞു വിടും… കൂടുതലും സാജന്റെ മക്കൾക്കാണ് ആ ഡ്യൂട്ടി കൊടുത്തിട്ടുള്ളത്.

ലൈറ്റ് റോസ് നിറത്തിലുള്ള നെറ്റിന്റെ വർക്ക് സാരി ആയിരുന്നു വിവാഹത്തിനുവേണ്ടി തിരഞ്ഞെടുത്തത്. അതേ നിറത്തിലുള്ള സ്യൂട്ട് ആയിരുന്നു അവനും ഇടാൻ വേണ്ടി തിരഞ്ഞെടുത്തത്.

ചെന്നൈയിലെ പാർട്ടി നമുക്ക് അടിപൊളി ആക്കണം…

അവളുടെ മുഖത്തേക്ക് നോക്കി ആരും കേൾക്കാതെ പതിയെ അവൻ പറഞ്ഞു.

അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുകയാണ് ഇതൊക്കെ സത്യമാണെന്ന് ഇപ്പോഴും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവളുടെ കയ്യിൽ ഒന്നും നുള്ളി അവൻ പറഞ്ഞു

ശരിക്കും ഇതൊക്കെ സത്യമാടീ പെണ്ണേ, എന്റെ മറിയാമ്മ എന്റെ മാത്രമാവാൻ പോവുകയാ…

അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

ആരും കാണാതെ അവൻ തന്നെയാണ് അത് തുടച്ചു കൊടുത്തതും ശേഷം ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും.

കല്യാണത്തലേന്നും ഒരുപാട് പരിപാടികൾ ഉണ്ടായിരുന്നു.. സണ്ണിയുടെയും അമലയുടെയും ബന്ധുക്കൾ ഒക്കെ വിവാഹത്താലേന്ന് എത്തിച്ചേർന്നു. പറഞ്ഞതുപോലെ വലിയമ്മച്ചി ഒരു ചടങ്ങിനും പങ്കെടുത്തിരുന്നില്ല.. അത് അവൾ ശ്രദ്ധിക്കുകയും ചെയ്തു.

മധുരം വയ്പ്പിന് രണ്ടുപേരെയും ഒരുമിച്ചിരുത്തി ബന്ധുക്കളും കസിൻസ് എല്ലാവരും പാട്ടും ഡാൻസും ഒക്കെ ഉണ്ടായിരുന്നു. മരിയ്ക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു. സന്തോഷത്താൽ അവളുടെ ചൊടിയിൽ ഓരോ പുഞ്ചിരി വിടരുമ്പോഴും അതിലേറെ സന്തോഷിച്ചത് അവനായിരുന്നു..

അവളുടെ മുഖത്തെ ഈ പുഞ്ചിരി കാണുവാൻ വേണ്ടിയാണ് താൻ വിവാഹം നന്നായി വേണമെന്ന് വാശിപിടിച്ചത്. ഇല്ലെങ്കിൽ രജിസ്റ്റർ മാരേജ് ചെയ്ത തന്റെ കൂടെ കൂട്ടിയേനെ. അവൾ സന്തോഷവതിയായിരിക്കണം ഈ വിവാഹം കൊണ്ട് അവൾക്ക് ലഭിക്കാതെ പോയ സന്തോഷങ്ങൾ നൽകണം അതൊക്കെയാണ് താൻ ആഗ്രഹിച്ചത്. ഓരോ ചടങ്ങുകൾക്കിടയിലും ഓരോരുത്തരും മധുരം നൽകാൻ വരുമ്പോൾ വലിയ സന്തോഷത്തോടെ ഇരിക്കുന്ന അവളെ കണ്ട് അവനും സന്തോഷം തോന്നി.

🎶പല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാം
പറയാതെൻ നെഞ്ചിലൊളിച്ചില്ലേ
പറയാമെല്ലാം പൊടി പൂരം നാളാണ്
അവനെക്കണ്ടാൽ കണി വെച്ചത് പോലാണെ
മണിമാരൻ വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ ..🎶

ബാക്ക് ഗ്രൗണ്ടിൽ ആ പാട്ടിന്റെ വരികൾ നിറഞ്ഞു നിൽക്കുക ആണ്.

ഒലിവ് ഗ്രീൻ നിറത്തിലുള്ള പാർട്ടിവെയർ അനാർക്കലി ആയിരുന്നു അവളുടെ വേഷം. അതേ നിറത്തിൽ സിമ്പിൾ ഷർട്ടും വൈറ്റ് പാന്റും ആയിരുന്നു അവന്റെ വേഷം….

അതിനു ചേരുന്ന ഡയമണ്ട് സെറ്റ് നേക്ലേസ് ഒക്കെ വാങ്ങിയത് സോളമൻ തന്നെയായിരുന്നു.
ബന്ധുക്കൾക്കിടയിൽ ചില ചോദ്യങ്ങൾ ഒക്കെ ഉയരുന്നുണ്ട് എങ്കിലും എല്ലാവർക്കും ഇടയിൽ അവൻ അവളെ ചേർത്തു നിർത്തുന്നത് കണ്ടപ്പോൾ തന്നെ അവന് അവൾ എത്ര പ്രിയങ്കരിയാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.

അതോടെ പലരും അഭിപ്രായങ്ങളും വിമർശനങ്ങളും കുറയ്ക്കുകയാണ് ചെയ്തത്. എന്തു പറഞ്ഞാലും സോളമെന്റ് തീരുമാനമാണല്ലോ എന്ന് എല്ലാവരും അംഗീകരിച്ചു തുടങ്ങിയിരുന്നു. പിന്നെയും കുറച്ച് പിണക്കം ഉള്ളത് അമലയുടെ വീട്ടുകാർക്കാണ് അമല പോലും അത് കാര്യമായി എടുത്തില്ല.

അവളുടെ കൈകൾ വിടാതെ ഓരോ ബന്ധുക്കളെയും അവളെ പരിചയപ്പെടുത്തി കൊടുക്കുകയും ഓരോരുത്തർ വരുമ്പോഴും അവളെ തന്നോട് ചേർത്തു പിടിക്കുകയും ഒക്കെ അവൻ ചെയ്യുന്നുണ്ടായിരുന്നു..

കസിൻസിന്റെ വക ഡാൻസും പാട്ടും ഒക്കെ ഉണ്ടായിരുന്നു.
ഇതിനിടയിൽ ഒരു പാട്ടുപാടാൻ പറഞ്ഞു ആൽഫി അവനെ നിർബന്ധിച്ചപ്പോൾ അവൻ ആദ്യമൊക്കെ ഒന്ന് ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് പാടാം എന്നുള്ള ഒരു തീരുമാനത്തിൽ എത്തിയിരുന്നു..

സ്റ്റേജിലേക്ക് കയറി അവൻ പാട്ടുപാടി

🎶ഒന്നും മിണ്ടാതെ.. നീ മുന്നില്‍ നില്‍ക്കുമ്പോള്‍‌
ആരും കാണാതെ.. നീ കണ്ണീര്‍ വാര്‍ക്കുമ്പോള്‍
എന്റെ മാത്രം മുത്തല്ലേ.. എന്നു ചൊല്ലാന്‍ ഞാനാര്
മൗനമലരേ മഞ്ഞില്‍ മായല്ലേ.. വാ മഴയില്‍ നനയല്ലേ
ഹേയ് ഹേയ്.. ചുമ്മാ ചുമ്മാ കരയാതെടോ
ഉം ..ഉം തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു പിണക്കം
എല്ലാം മറക്കാമെടോ…🎶

അവളുടെ മുഖത്തേക്ക് നോക്കി ആ വരികൾ പാടിയ നിമിഷം അവളുടെ കണ്ണുകൾ ഒന്നും നിറഞ്ഞിരുന്നു… എല്ലാരും കാണെ അവൻ മൈക്ക് താഴ്ത്തി ഒരു ഉമ്മ കൊടുക്കുന്നത് പോലെയുള്ള ആക്ഷൻ കാണിച്ചു. ആ കണ്ണുനീർ തിളക്കത്തിന് ഇടയിലും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. അതേസമയം തന്നെ അവൾക്ക് നാണവും തോന്നിയിരുന്നു, അവൻ മൈക്കിലൂടെ അവളെ സ്റ്റേജിലേക്ക് ക്ഷണിച്ചു, ചമ്മലോടെ അവൾ അമലയേ നോക്കിയപ്പോൾ കയറി ചെല്ലാൻ അവർ പറഞ്ഞു

അവൾ സ്റ്റേജിലേക്ക് കയറി വരുമ്പോൾ തന്നെ അവൻ കൈകൾ നീട്ടി അവളെ പിടിച്ച് സ്റ്റേജിലേക്ക് കയറ്റിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോസാപ്പൂവിന്റെ ആകൃതിയിലുള്ള ബൗളുമായി സാജന്റെ രണ്ട് പെൺകുട്ടികളും എന്തോ സാധനം കൊണ്ടുവന്നു.. അതിൽ ഒന്നു നോക്കി മരിയ

പണ്ടൊരു പള്ളിയിൽ വച്ച് അവൻ തന്റെ കയ്യിൽ ഇട്ടു തരാൻ തുടങ്ങിയ മോതിരം ആയിരുന്നു അത്,

നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അതിൽ നിന്നും ഒന്നെടുത്ത് അവൻ അവളുടെ കൈകളിൽ അണിയിച്ചു.. അവൾ തിരിച്ചുo

കല്യാണ തലേന്ന് വളരെ അപ്രതീക്ഷിതമായി ആയിരുന്നു ബെറ്റിയുടെ വരവ് ഈ രംഗം കണ്ടു കൊണ്ടാണ് അവർ വന്നത്..

അവരെ കണ്ടപ്പോൾ തന്നെ അമല ഓടി ചെന്ന് അവളുടെ കൈപിടിച്ച് മരിയുടെ അരികിൽ കൊണ്ടുവന്നിരുത്തി. മരിയ്ക്കും വലിയ സന്തോഷം തോന്നിയിരുന്നു..

അവർ കയ്യിൽ കരുതിയിരുന്ന അഞ്ചു പവൻ വരുന്ന ഒരു വള മരിയയുടെ കയ്യിൽ അണിയിച്ചു. അവളെ കണ്ടപ്പോൾ തന്നെ അവൾക്ക് ഒന്നിനും കുറവില്ല എന്ന് അവർക്ക് മനസ്സിലായി. എങ്കിലും തനിക്കായി അവൾക്ക് കൊടുക്കാനുള്ളത് ഇതു മാത്രമാണ്.

തന്റെ കയ്യിൽ ഇനി ബാക്കിയുള്ളത് ഇത് മാത്രമാണ്. ബാക്കിയെല്ലാം ഇതിനോടകം ഭർത്താവ് വാങ്ങിയെടുത്ത് കഴിഞ്ഞു. രണ്ടുപേരുടെയും മിഴികൾ നിറഞ്ഞിരുന്നു.

അമ്മയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം അവൾക്കും തോന്നിയിരുന്നു. ബെറ്റി കൂടി വന്നതോടെ സോളമൻ റേബാൻ ഗ്ലാസ് ഒക്കെ വെച്ച് കസിൻസിനൊപ്പം ഡാൻസ് കളിക്കാൻ കൂടി..

അവൻ വളരെ സന്തോഷത്തിലാണ് എന്ന് തോന്നിയിരുന്നു. ഇടയ്ക്ക് അവളെയും പിടിച്ചു കൊണ്ടുപോയി അവൻ ഡാൻസ് കളിപ്പിക്കുന്നുണ്ട്. അവൾ ഒന്നും കളിക്കാതെ കൈ മാത്രം കൊട്ടിക്കൊണ്ടു നിൽക്കുകയാണ്. അവൾക്ക് വല്ലാത്ത ചമ്മല് തോന്നിയിരുന്നു.. വളരെയധികം സന്തോഷത്തിലാണ് തന്റെ മകൾ എന്ന് കണ്ടതും ബെറ്റിയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. അവർ ഏറെ സന്തോഷത്തോടെ അമലേ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ നന്ദിയോടെ സണ്ണിയെയും.

ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വളരെ താമസിച്ചാണ് എല്ലാവരും കിടന്നുറങ്ങിയത്… മരിയ ഒരുപാട് വർഷങ്ങൾക്ക് ശേഷം അമ്മയ്ക്കൊപ്പം കിടന്നുറങ്ങി.

പിറ്റേദിവസം വധുവും വരനും ഒരേ കാറിൽ തന്നെയാണ് പള്ളിയിലേക്ക് പുറപ്പെട്ടത്.

രണ്ടുപേരും കാറിൽ കയറിയ നിമിഷം അവളുടെ കൈകളിൽ മുറുക്കി പിടിച്ചു കൊണ്ട് അവൻ കണ്ണ് ചിമ്മി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

ഇപ്പോൾ എന്റെ മറിയാമ്മയ്ക്ക് വിശ്വാസമായോ..? അവളുടെ കണ്ണ് നിറയാൻ തുടങ്ങിയതും അവൻ തന്നെ ആ കണ്ണുനീരിനെ തടഞ്ഞു നിർത്തി.

ഇനി കരയരുത്! ഇന്നുമുതൽ ഇങ്ങോട്ട് നിന്റെ ജീവിതത്തിൽ കരച്ചിലിന്റെ ദിവസങ്ങൾ ഒക്കെ അവസാനിച്ചു. ഇനി സന്തോഷം മാത്രമേ ഉള്ളൂ, അവളുടെ കൈകളിൽ അവൻ ഒന്നുകൂടി മുറുക്കി പിടിച്ചു.

അവൾ അവനെ നോക്കി നിറഞ്ഞ കണ്ണുകളോടെ ഒന്ന് ചിരിച്ചു കാണിച്ചു…

സിമ്പിൾ ലുക്കിലും അതീവ സുന്ദരിയായിരുന്നു മരിയ.. ഇരുവരും പള്ളിയിലേക്ക് വന്നു ഇറങ്ങിയപ്പോൾ എല്ലാവരും അവരെ തന്നെ നോക്കുകയായിരുന്നു.

ആശിർവാദ പ്രാർത്ഥനയോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ മന്ത്രകോടിയിൽ നിന്നും എടുത്ത 7 നൂലിൽ കോർത്ത മിന്ന് അവളുടെ കഴുത്തിൽ സോളമൻ അണിയിച്ചു. കണ്ണടച്ച് തനിക്ക് ദൈവം നൽകിയ അനുഗ്രഹത്തിന് മരിയ നന്ദി പറഞ്ഞു. ബെറ്റിയുടെ കണ്ണുകളും നിറഞ്ഞിരുന്നു

അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!