കുടിവെള്ളം പൂർണ്ണമായും സുരക്ഷിതമെന്ന് ബിസ്ലെരി; എഫ്.എസ്.എസ്.എ.ഐ. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കമ്പനി
ന്യൂഡൽഹി: പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമാണെന്ന് അവകാശപ്പെട്ട് ബിസ്ലെരി ഇന്റർനാഷണൽ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് വിശദീകരണവുമായി ബിസ്ലെരി രംഗത്തെത്തിയത്. വിഷയത്തിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
ബിസ്ലെരി കുടിവെള്ളത്തിന്റെ സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയതെന്ന് ഞായറാഴ്ച എഫ്എസ്എസ്എഐ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബിസ്ലെരി തിങ്കളാഴ്ച വ്യക്തമാക്കി. റഫറൽ ലബോറട്ടറിയിലെ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്നും കമ്പനി അറിയിച്ചു.
ഏകദേശം 14 മാസം മുൻപ്, 2025 സെപ്റ്റംബറിൽ ഗോവയിലെ ബിസ്ലെരി നിർമാണശാലയിൽ ഉൽപാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടതാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു. 143 നിർമാണശാലകളുള്ള ശൃംഖലയിലെ ഒന്ന് മാത്രമാണ് ഗോവയിലേത്.
2025 സെപ്റ്റംബർ 30ന് എഫ്എസ്എസ്എഐ ഇവിടെ നിന്ന് ആറ് സാമ്പിളുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അഞ്ച് സാമ്പിളുകളും മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. ആറാമത്തെ സാമ്പിളിൽ ഒരു ലിറ്ററിൽ 12 മൈക്രോഗ്രാം ബ്രോമേറ്റ് കണ്ടെത്തി. അനുവദനീയമായ പരമാവധി അളവ് 10 മൈക്രോഗ്രാമാണ്.
ഇതിനെതിരേ 2025 നവംബർ 22ന് ബിസ്ലെരി നൽകിയ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൻസ് ലബോറട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെങ്കിലും പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യം പ്രത്യേകം ചൂണ്ടിക്കാട്ടിയെന്ന് കമ്പനി പറഞ്ഞു.
തുടർന്ന് എഫ്എസ്എസ്എഐ അംഗീകാരമുള്ള മറ്റൊരു ലബോറട്ടറിയിലും സാമ്പിൾ പരിശോധിച്ചു. ഈ പരിശോധനയിലും ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തി. ഇതിന്റെ ഫലം 2026 ഫെബ്രുവരി രണ്ടിന് ഔദ്യോഗിക കത്തിനൊപ്പം എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയണൽ ഓഫീസിന് കൈമാറിയതായും കമ്പനി വ്യക്തമാക്കി.
ഇതിനുശേഷം അതോറിറ്റിയിൽ നിന്ന് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും അതിനാൽ വിഷയം അവസാനിച്ചതായാണ് കരുതിയതെന്നും ബിസ്ലെരി പറഞ്ഞു. ഇമെയിൽ വഴിയോ നേരിട്ടോ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എഫ്എസ്എസ്എഐയുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അറിയിപ്പ് കണ്ടെത്താനായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
കുടിവെള്ളത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്നും പത്ത് ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രക്രിയയിൽ 90ലധികം ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും ബിസ്ലെരി അറിയിച്ചു. വിഷയത്തിൽ തുടർന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽ

ശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: 5000 രൂപ വരെ പിഴ

മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും

തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽ
