മണിപ്പൂരിൽ വീണ്ടും സംഘർഷം: സേനാപതിയിൽ വീടുകൾക്ക് തീയിട്ടു; വെടിവെയ്പ്പിൽ സി.ആർ.പി.എഫ് ജവാനു പരുക്ക്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വൻ സംഘർഷവും അക്രമസംഭവങ്ങളും. സേനാപതി ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ ഒരു സി.ആർ.പി.എഫ് ജവാന് പരുക്കേറ്റു. നിരവധി വീടുകൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാംഗ്പോക്പി ജില്ലയിലെ താഫൂ കുക്കി ഗ്രാമത്തിൽ അക്രമികൾ ഒരു വീടിന് തീയിട്ടു. തുടർന്ന് സേനാപതി ജില്ലയിലെ നാഗാ താഫൂ പ്രദേശത്ത് പുലർച്ചെ നാലുമണിയോടെ നിരവധി വീടുകൾ അഗ്നിക്കിരയാക്കപ്പെട്ടു.
രാവിലെ 9.20-ഓടെ താഫൂ നാഗാ പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വെടിവെയ്പ്പുണ്ടായി. ഇതിനിടയിലാണ് സി.ആർ.പി.എഫ് ജവാന് പരുക്കേറ്റത്. പരുക്കേറ്റ ജവാനെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
അക്രമസംഭവങ്ങളിൽഷേണം പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സേനാപതി ഗേറ്റിന് സമീപം ടയറുകളും തടികളും കത്തിച്ച് രണ്ടാം നമ്പർ ദേശീയപാത (NH-2) ഉപരോധിച്ചതോടെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് സുരക്ഷാ സേനയെ ശക്തമായി വിന്യസിച്ചിട്ടുണ്ട്.
