Kerala
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം; പുതിയ ചുമതല പത്തനംതിട്ട കലക്ടറേറ്റിൽ
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീൽദാർ സ്ഥാനത്ത് നിന്നും പത്തനംതിട്ട കലക്ടറേറ്റിലേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി.
മഞ്ജുഷ അവധിയിൽ തുടരുകയാണ്. കോന്നി തഹസിൽദാറായി തുടരാൻ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് തഹസിൽദാർ പോലുള്ള കൂടുതൽ ഉത്തരവാദിത്വമുള്ള ജോലി തത്കാലം ചെയ്യാൻ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം.
അതേസമയം കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻറെ ഹർജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബർ 6ന് പരിഗണിക്കും. ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.