സംസ്ഥാനത്ത് വലിയ തോതിലുള്ള ഭരണസ്തംഭനാവസ്ഥക്ക് കാരണമായെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന ആരീഫ് മുഹമ്മദ് ഖാന്റെ ഒഴിവിലേക്ക് നിയോഗിതനായ കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സംസ്ഥാനത്തെത്തി.
ഗോവ സ്പീക്കറും മന്ത്രിയുമായിരുന്ന അര്‍ലേക്കറിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷസീറും മന്ത്രിമാരും ചേര്‍ന്ന് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ സ്വീകരിച്ചു. നാളെ രാവിലെ 10.30 നു രാജ്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലികൊടുക്കും.
സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവര്‍ണര്‍ ഏതു സമീപനം സ്വീകരിക്കുമെന്നതില്‍ മലയാളികള്‍ക്കും സംസ്ഥാന സര്‍ക്കാറിനും ആശങ്കയും അതുപോലെ പ്രതീക്ഷയുമുണ്ട്. പുതിയ ഗവര്‍ണര്‍ മുന്‍ ഗവര്‍ണറെ പോലെയാകില്ലെന്ന പ്രതീക്ഷയും പ്രാര്‍ഥനയുമാണ് സര്‍ക്കാറിന്. എന്നാല്‍, ആര്‍ എസ് എസിലൂടെ ബി ജെ പിയിലെത്തിയ അര്‍ലേകര്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇഷ്ട തോഴനാണെന്നാണ് റിപോര്‍ട്ടുണ്ട്.
അതിനിടെ, പുതിയ ഗവര്‍ണറായി ചാര്‍ജ്ജ് എടുക്കുന്നതിന് മുന്നോടിയായി രാവിലെ ഗോവ ഗവര്‍ണറും കേരളത്തിലെ ബി ജെ പി നേതാവുമായ പി എസ് ശ്രീധരന്‍പിള്ളയുമായി അര്‍ലേകര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗോവ രാജ്ഭവനിലായിരുന്നു രാജേന്ദ്ര അര്‍ലേകര്‍ കൂടിക്കാഴ്ച നടത്തിയത്.