ഇന്ദുജക്ക് വന്ന അവസാന കോൾ അജാസിന്റേത്; തൊട്ടുപിന്നാലെ ജീവനൊടുക്കി

തിരുവനന്തപുരം പാലോട് നവവധുവായ ഇന്ദുജ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഭർത്താവിന്റെയും സുഹൃത്തിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്ദുജയുടെ ആത്മഹത്യക്ക് കാരണം ഇരുവരുടെയും മർദനവും മാനസിക പീഡനവുമാണെന്ന് പോലീസ് പറയുന്നു.
ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃപീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദനം, ആത്മഹത്യപ്രേരണ വകുപ്പുകളും ചുമത്തി. ഇന്ദുജയുടെ ഫോണിലേക്ക് വന്ന അവസാന കോൾ ഇജാസിന്റേതാണ്. തൊട്ടുപിന്നാലെ ഇന്ദുജ ജീവനൊടുക്കുകയും ചെയ്തു.
ഇന്ദുജയുടെ ദേഹത്ത് മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു. കണ്ണിന് താഴെയും തോളിലുമാണ് മർദനമേറ്റിരുന്നത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരാകുന്നത്. ഇന്ദുജയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ അഭിജിത്ത് ക്ഷേത്രത്തിൽ വെച്ചാണ് താലി ചാർത്തിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.