Novel

നിശാഗന്ധി: ഭാഗം 52

രചന: ദേവ ശ്രീ

ദിവസങ്ങൾ നീണ്ടു പോകെ ഷോപ്പിൽ നല്ല രീതിയിൽ സെയിൽ നടക്കാൻ തുടങ്ങി….
മാനേജർ നിത്യയാണ് എല്ലാ കാര്യങ്ങളിലും ശ്രീനന്ദയെ സഹായിച്ചിരുന്നത്…
ഇപ്പൊ ശ്രീനന്ദക്ക് പുതിയതെന്തെങ്കിലും ചെയ്യാൻ വലിയ ഉത്സാഹമാണ്….
ഷോപ്പും വീടും തമ്മിൽ പതിനഞ്ച് മിനിറ്റ് പോലും യാത്ര ദൈർഖ്യമില്ലാത്തത് കാരണം വല്ലപ്പോഴുമേ ഫുൾ ടൈം ശ്രീനന്ദ ഷോപ്പിൽ ഉണ്ടാവൂ…..
മിക്കതും വീട്ടിലിരുന്നു നിത്യക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു….
അധികവും ശ്രീനന്ദയുമായി നേരിട്ട് ഡീൽ ചെയ്യുക വെഡിങ് കസ്റ്റമേഴ്സ് ആണ്….
ഈ തിരക്കിലും ഉമ്മച്ചിയുമ്മാടെ കൂടെ ഇരിക്കാനാണ് അവൾക്ക് ഏറെ ഇഷ്ട്ടം…..

 

അന്നൊരു ഉച്ചക്ക് ഷോപ്പിൽ പ്രത്യേകിച്ച് വർക്കുകൾ ഒന്നുമില്ലാത്തതിനാൽ പതിയെ വീട്ടിലേക്ക് നടന്നവൾ….
ഗേറ്റ് തുറന്നു ആ നീണ്ട മുറ്റത്തിന്റെ അറ്റത്തു കറുത്ത കവർ കൊണ്ട് മൂടിയിട്ടതെന്തെന്നറിയാതെ കണ്ണുകൾ അതിനെ തന്നെ ചൂഴ്ന്നു….

കണ്ണൊന്നു പാളിയപ്പോഴാണ് ആരെയും മയക്കുന്ന ചിരിയുമായി കോലായിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ടത്…..
കണ്ണുകളിൽ പരിഭവമൂറിയത് നിമിഷ നേരം കൊണ്ടാണ്….
രാവിലെ അവന് കാണാൻ വേണ്ടിയാണ് അണിഞ്ഞൊരുങ്ങി ഇറങ്ങിയത്… ഇപ്പൊ അത്രമേൽ ഇഷ്ടത്തോടെ നല്ല വസ്ത്രങ്ങളണിയുന്നതും പൊട്ട് വെക്കുന്നതും കണ്ണെഴുതുന്നതും ഈ കുപ്പിവളകൾ പോലുമണിയുന്നത് തന്നെ കാണുമ്പോൾ അവന്റെ കണ്ണുകൾ വികസിക്കുന്നത് കാണാനും ഇടയ്ക്കിടെയുള്ള കള്ളനോട്ടങ്ങൾ കിട്ടാനുമാണ്….
പക്ഷേ ഇന്ന് രാവിലെ തിരിഞ്ഞു നോക്കാതെ പോയവനാണ് ഇപ്പൊ ചിരിച്ചു മയക്കുന്നത്….
അവനെ തന്നെ സ്വയം മറന്നു നോക്കി നിന്ന ശ്രീനന്ദ അവൻ അരികിൽ എത്തിയതും മുഖം വീർപ്പിച്ചു….

സ്നേഹമങ്ങനെ ഹൃദയത്തിൽ നിറഞ്ഞ നിന്നവന്….
വീർത്ത കവിളിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്ന ഇഷ്ട്ടം….
പക്ഷേ ചൂണ്ടു വിരൽ കൊണ്ടൊരു കുത്തായിരുന്നു കവിളിൽ…
” ഇപ്പൊ പൊട്ടിപോകൂലോ പെണ്ണെ…..
നീ വാ….”
മൂടിയിട്ട കവർ വലിച്ചെടുത്തവൻ….
പിസ്ത കളർ വെസ്പ….
ചാവിയും നീട്ടി അവൾക്ക്…
നിന്റെയാണ്….
ശ്രീനന്ദ കണ്ണ് മിഴിച്ചു നോക്കി…
” ഇനി വെയില് കൊണ്ട് നടക്കണ്ട അറക്കലെ റാണി….. ”
അമീർ വണ്ടിയിലൊന്ന് തൊട്ട് പറഞ്ഞു…
വണ്ടി കിട്ടിയതിനെക്കാൾ സന്തോഷമായിരുന്നു അവൾക്ക് അവന്റെ അഭിസംബോധന…
” അറക്കലെ റാണി…
ഈ രാജകുമാരന്റെ മാത്രം റാണി……. ”
ശ്രീനന്ദ മനസ്സിൽ ഉരുവിട്ടു…..

ചാവി വാങ്ങി വെറുതെ മുറ്റത്തൂടെ വട്ടം കറങ്ങിയവൾ….
ആ സന്തോഷത്തിൽ ഉമ്മച്ചിയുമ്മയും പങ്ക് ചേർന്നു….

അന്ന് ഉച്ച ഭക്ഷണത്തിന് അമീറുമുണ്ടായിരുന്നു…..
പതിവിലേറെ ഉത്സാഹമായിരുന്നു ശ്രീനന്ദക്ക്…..

” ഇനി നമുക്ക് കാർ ഓടിക്കാം പഠിക്കണം….
അതിന്റെ കൂടെ ലൈസൻസുമെടുക്കാം…. ”
അമീർ പറഞ്ഞതും ശ്രീനന്ദ തലയാട്ടി……
ക്യാബേജ് തോരനും മീൻ വറുത്തതും കറിയും മായിരുന്നു ഉച്ച ഭക്ഷണം….
വയറ് നിറച്ചു കഴിച്ചവൾ…..

ഓരോ ദിവസവും തന്നെ തേടിയെത്തുന്ന സന്തോഷങ്ങളിൽ നിറവിനെക്കാൾ ഏറെ ഭയമാണ് അവൾക്ക്….
ഇന്നോളം ഒരു സന്തോഷവും തന്നിട്ടില്ല… തന്നതെല്ലാം തിരികെ എടുത്തിട്ടേ ഉള്ളൂ….
ഇതും വെറുതെ മോഹിപ്പിച്ചു തട്ടി കളയാനാണേൽ ശ്രീനന്ദ ഹൃദയം പൊട്ടി മരിച്ചു പോവുകയെ ഉള്ളൂ… അല്ലെങ്കിൽ സമനില തെറ്റിയ ഭ്രാന്തിയായി മാറും…….

 

🍀🍀🍀🍀🍀🍀🍀🍀

ഡോർ തുറന്നു വരുന്നവരെ കണ്ടതും അമ്മമ്മക്കും അച്ചാച്ചനുമരികിലിരുന്ന് കളിക്കുന്ന അമ്മുകുട്ടിയും കണ്ണനും കൈ വിടർത്തി ഓടി….
ആരോഹിക്ക് വാത്സല്യം നിറഞ്ഞു…
കുഞ്ഞുങ്ങളെ വാരിഎടുക്കാൻ കുനിയും മുന്നേ മുട്ട് കുത്തി കൈ വിടർത്തി നിന്ന ദീപക്കിന്റെ നെഞ്ചിലേക്ക് ചാരി ഇരുവരും……
അയാൾ അത്രമേൽ സ്നേഹത്തോടെ മക്കളെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ചുംബിച്ചു….

നേരിയ കുശുമ്പ് തോന്നിയെങ്കിലും ആരോഹി പ്രകടമാക്കാതെ മക്കളെ നോക്കി….
കാരണം ദീപക് അവൾക്ക് നല്ലൊരു സുഹൃത്ത് ആണ്….
അയാളെ മനസിലാക്കാൻ ആരോഹിക്ക് കഴിയുന്നുണ്ട്….
അയാളെ മക്കളെ വാരിടുക്കുന്നതും കൊഞ്ചിക്കുന്നതും സ്നേഹം കൊണ്ട് മൂടുന്നതും കാണെ നിറവാണ് അവൾക്ക്…..

ദീപക് വന്നാൽ പിന്നെ രണ്ടാളും അവനെ ചുറ്റി പറ്റിയാണ്…
അച്ഛൻ പാപ്പം കൊടുക്കണം… അച്ഛൻ എടുക്കണം… ഉറക്കണം… അച്ഛന്റെ കൂടെ കളിക്കണം…
പലപ്പോഴും ആരോഹിക്ക് അത്ഭുതം തോന്നും… ദീപക് കൊടുക്കുന്നതിനേക്കാൾ ഏറെ താൻ മക്കളെ സ്നേഹിക്കുന്നുണ്ടെന്ന് സ്വയം വാദിച്ചു നോക്കും… എന്നിട്ടും മക്കൾ അയാളെ ഒരുപടി കൂടുതൽ സ്നേഹിക്കുന്നു…..
അതിൽ ഏറ്റവും സന്തോഷം അച്ഛനും അമ്മയ്ക്കും……

 

 

🍁🍁🍁🍁🍁🍁🍁🍁

വയ്യാത്ത കാലും വെച്ച് മഹേശ്വരിയമ്മ ഏന്തി വലിഞ്ഞു കൊണ്ട് അകത്തളം അടിച്ചു വാരി…..
ആ മണി മാളികയിലെ എല്ലായിടമൊന്നും അവർ തൂത്തു തുടക്കാറില്ല…..
പൂമുഖവും അകത്തളവും അടുക്കളയും രണ്ട് മുറിയും മാത്രമേ വൃത്തിയാക്കൂ….
ബാക്കിയുള്ള മുറികളെല്ലാം മാറാല കെട്ടിപിടിച്ചു കിടപ്പാണ്…..

” തൂത്തും തുടച്ചും വെച്ചും വിളമ്പിയും മനുഷ്യന്റെ നടുവൊടിഞ്ഞു… ആയ കാലത്ത് തമ്പുരാട്ടിയെ പോലെ കഴിഞ്ഞതാ…..
ആവാത്ത കാലത്ത് വേലക്കാരിക്ക് തുല്യവുമായി…
മക്കള് പെറ്റവയറിനെ നോവിക്കില്ലെന്ന് വെറുതെ നിനച്ചു….
ഇപ്പോ ബാക്കിയുള്ളോള് അധ്വാനിച്ചു ഉണ്ടാക്കിയത് കൂടെ കൊണ്ട് തുലച്ചിട്ട് വന്നു നിൽക്കുന്നു…..”. മഹി കേൾക്കാൻ പാകത്തിന് മഹേശ്വര്യമ്മ പറഞ്ഞു…..

” എന്താപ്പൊ അമ്മടെ പ്രശ്നം… ജോലി ചെയ്യാൻ ഒരാള്… അതല്ലേ….
ഏർപ്പാടാക്കി തരാം…. ”
എന്തോ ആലോചിച്ചു കൊണ്ട് മഹി പറഞ്ഞു….

” അവർക്ക് ശമ്പളം എവിടുന്നു കൊടുക്കും നീ…. കണ്ടവന്റെ തല്ലും വാങ്ങി ഉണ്ടായിരുന്ന നല്ല ജോലിയും കളഞ്ഞു ഒരു വരുമാനമില്ലാതെ ജീവിക്കുന്ന നിനക്ക് ശമ്പളക്കാരെ വെക്കാൻ വല്ല വകയും ഉണ്ടോ… ഉള്ള പറമ്പിൽ നിന്ന് ആദായം പോലുമില്ല ഇപ്പൊ…. ”
മഹിക്ക് നേരെ ചാടി അവർ…..

 

” ജോലി ചെയ്തൊന്നും ഒന്നും ഉണ്ടാവാൻ പോകുന്നില്ല….
ഞാൻ ബിസിനസ് ചെയ്താലോ എന്ന് ആലോചിക്കുകയാണ്…. ”
മഹി ആത്മവിശ്വാസത്തോടെ പറഞ്ഞു……

 

” പണം ഉണ്ടെങ്കിൽ നീ എന്താണേലും കാണിച്ചോ…. ”

 

” പണം….
അതൊരു പ്രശ്നമാണ്….
പിന്നിലെ തെങ്ങും തോപ്പും വീടും പുരയിടവും നിർത്തി ബാക്കി എല്ലാം വിറ്റാലോ എന്ന് ആലോചിക്കാ ഞാൻ….. ”

 

” കുടുംബം മുടിച്ചേ അടങ്ങൂ നീ…..

എന്താണേലും കാണിക്ക്… ഇനി ഞാൻ തടസം നിന്നിട്ട് എന്നെ വല്ലതും കാണിച്ചാലോ…. ”
ഇത്തിരി നേരത്തെ നിശബ്ദക്ക് ശേഷം മഹേശ്വര്യമ്മ പറഞ്ഞു കൊണ്ട് അകത്തേക്ക് വേച്ചു വെച്ച് നടന്നു……

 

മഹി മട്ടുപ്പാവിൽ കയറി ആലോചനയോടെ നിന്നു….

അമീർ…..
ആ പേര് ഓർക്കും തോറും അവന്റെ സിരകളിൽ പകയുടെ ചൂട് എരിഞ്ഞു…..

അവൻ ഒരുവനാണ് ഇന്നീ നാട്ടിൽ പ്രമാണി….
അറക്കലെ കൂപ്പും മില്ലും ഷോപ്പിംഗ് കോംപ്ലക്സും, സ്കൂളും, സൂപ്പർ മാർക്കറ്റും ഹോംലി ഫുഡും ബോട്ടീക്കും എന്ന് വേണ്ടാ എല്ലാം അവനീ നാട്ടിൽ കെട്ടി പൊക്കി…..
അതിനെല്ലാം പുറമേയാണ് അവന്റെ മറ്റവളുടെ കടക്കരികിൽ ഡ്രസ്സ്‌ എടുക്കാൻ വരുന്നവർക്ക് സൗകര്യത്തിൽ ബ്യൂട്ടി പാർലറും തുടങ്ങുന്നത്….
അവന്റെ വളർച്ച സഹിക്കാൻ കഴിയുന്നില്ലായിരുന്നു മഹിക്ക്……

അമീറിനെക്കാൾ വലിയ ബിസിനസ് മാനായി, ഇന്നാട്ടിൽ ആരും അസൂയയോടെ തന്നെ നോക്കണം…. അവളും ആ ശ്രീനന്ദയും ഖേദിക്കണം തന്നെ ഇട്ട് പോയതിൽ….
പ്രതികാര ദാഹിയെ പോലെ ചിന്തിച്ചവൻ……

 

 

 

അന്ന് രാത്രിയിൽ ശ്രീലക്ഷ്മിയെ നെഞ്ചോട് ചേർത്ത് തളർന്നു കിടക്കുന്ന മഹി അവളുടെ മുടിയിലൂടെ വിരലോടിച്ചു….
” നിന്നെ ഞാൻ കെട്ടട്ടെ….. “.

ശ്രീലക്ഷ്മി വിശ്വാസം വരാതെ മുഖം ഉയർത്തി മഹിയെ നോക്കി…..
അന്നാ രാത്രി പുലർന്ന് മഹി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കൂടെ ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു………

 

🍀🍀🍀🍀🍀🍀🍀🍀

ദിവസങ്ങളുടെ ഓട്ടകുതിപ്പിൽ അമീറിന്റെ ജീവിതവും മെച്ചപ്പെട്ടു…..

അന്നൊരു ഞായറാഴ്ച ശ്രീനന്ദ നല്ല ബീഫും നെയ് ചോറും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു…..
ഉമ്മച്ചിയുമ്മയും കൂടെയുണ്ട്……
ഉമ്മച്ചിയുമ്മ നെയ് ചോറിലേക്ക് ചേർക്കാൻ വറുത്തു കോരി വെച്ച അണ്ടി പരിപ്പും മുന്തിരിങ്ങയും പെറുക്കി എടുത്തു വായയിലിട്ട് അമീറും കൂടെ ഇണ്ട്…..
അവന്റെ കള്ളനോട്ടങ്ങൾ ആസ്വദിച്ചു കൊണ്ട് ശ്രീനന്ദയും…..
വല്ലാത്തൊരു അനുഭൂതി തോന്നി അവൾക്ക്….

മുറ്റത്തു വണ്ടിയുടെ ശബ്ദം കേട്ടതും മജീദാകുമെന്ന് കരുതി അമീർ കോലായിലേക്ക് ഇറങ്ങി….
കാർ ആണ്… ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വരുന്ന സ്ത്രീയെ ഇന്നോളം കണ്ടിട്ടില്ല അവൻ…..
മുടിയെന്ന് പറയാൻ കഴിയില്ല… തലയിൽ സ്വർണ നാരുകൾ…
ജീൻസും ടോപ്പുമാണ് വസ്ത്രം….

” അറക്കലെ വീട്….? ”

” അതെ….
ആരാ…? ”
ഇന്നോളം കണ്ടിട്ടില്ലാത്തവളെ നോക്കി ചോദിച്ചവൻ…

 

” ശ്രീനന്ദ….? ”

 

” അകത്തുണ്ട്…. വിളിക്കാം… കയറി ഇരിക്കൂ…. ”
കസ്റ്റമർ ആണെന്ന് കരുതി അമീർ പറഞ്ഞു….

” നന്ദ……
ഇങ്ങു വാ…..”
അമീർ അകത്തേക്ക് നോക്കി വിളിച്ചപ്പോഴും വന്നവൾ കാറിന്റെ അരികിൽ തന്നെ നിന്നു…..

 

എന്താണെന്നറിയാൻ കോലായിലേക്ക് വന്ന ശ്രീനന്ദ കാറിനരികിൽ നിൽക്കുന്നവളെ കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി….
കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ……

നീണ്ട ഒന്നര വർഷത്തിന് ശേഷമുള്ള കൂടി കാഴ്ച…..

” എന്നാടി കൊച്ചെ…. മറന്നു പോയോ….. ”
സെലിൻ ചിരിയോടെ ചോദിച്ചു……

 

” ചേച്ചി….. ”
ശ്രീനന്ദ കോലായിൽ നിന്നു ഇറങ്ങി ഓടി വന്നവളെ കെട്ടിപിടിച്ചു….
സെലിൻ തിരിച്ചും….

” സുഖാണോടി കൊച്ചെ…. ”
അവളുടെ തലയിൽ തഴുകി ചോദിച്ചു….

” മ്മ്… ചേച്ചിക്കൊ…. ”

” മ്മ്…… ”
അടർന്നു മാറുമ്പോ കണ്ണുകൾ നിറഞ്ഞിരുന്നു ശ്രീനന്ദയുടെ……

 

” ഇനി കാണാൻ പറ്റുമെന്ന് കരുതിയില്ല…. ”
ശ്രീനന്ദ സെലിനെ നോക്കി പറഞ്ഞു….

 

” നിന്നെ ഇട്ടേച്ചു പോകാൻ പറ്റുമോ ഇവൾക്ക്….
നീ വരുമെന്നും അന്നമ്മച്ചിടെ അരികിൽ ആകാം എന്നും കരുതി നിന്നേം കാത്തു കുറെ നിന്നു… പിന്നെ ഫ്ലൈറ്റ് മിസ്സ്‌ ചെയ്യേണ്ടെന്ന് കരുതി ഞങ്ങൾ ഇറങ്ങി….. ”
കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വോക്കിങ് സ്റ്റിക്ക് കുത്തി ഇറങ്ങുന്നതിനിടെ റോയിച്ചൻ പറഞ്ഞു….

 

” റോയിച്ചൻ എഴുന്നേറ്റോ… ഉറങ്ങുവല്ലേ എന്ന് കരുതി…. ”
സെലിൻ ഓടിച്ചെന്നു പിടിച്ചു കൊണ്ട് പറഞ്ഞു….

” റോയിച്ചാ…. ”
ശ്രീനന്ദ സന്തോഷത്തോടെ വിളിച്ചു…..

” ഇപ്പൊ ഒന്നൂല്യടി കൊച്ചെ…. ഇനി ഉള്ള കാലം ഇവന്റെ സഹായം വേണെന്ന് മാത്രം…. ”
വടിയിലൊന്ന് നോക്കി പറഞ്ഞവൻ…..

 

” വാ…. ”
ശ്രീനന്ദ രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു…..

 

കോലായിൽ നിൽക്കുന്ന അമീറിനും ഉമ്മച്ചിയുമ്മക്കും സെലിനെയും റോയിയെയും പരിചയപ്പെടുത്തി ശ്രീനന്ദ…..

 

” ഞാൻ കുടിക്കാൻ എടുക്കാം….. ”
ശ്രീനന്ദ അടുക്കളയിലേക്ക് തിരിഞ്ഞു….

” വേണ്ടഡി കൊച്ചെ….
ഇപ്പൊ ഒന്നും വേണ്ടാ….
ഇരുട്ടുന്നതിന് മുൻപ് തിരിച്ചെത്തണം….
നമ്മുക്ക് ഇറങ്ങാം…. നിനക്ക് എന്താ എടുക്കാനുള്ളത് എന്ന് വെച്ചാൽ എടുത്തോ….
ചെല്ല്….. ”
ശ്രീനന്ദയൊന്നു ഞെട്ടി… അമീറിനെ നോക്കി….
അവനും അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു…..

 

സെലിനോട് എന്ത് പറയുമെന്നറിയാതെ കുഴങ്ങിയവൾ…..

“ചേച്ചി അത് ഞാൻ വന്നാൽ ബോട്ടീക്….”
എന്ത് പറഞ്ഞു അവിടെ നിൽക്കും… തനിക്ക് ഇവിടം ഉപേക്ഷിച്ചു പോകാൻ കഴിയുമോ….?

” അത് വേറെ ഒരാളെ ജോലിക്ക് വെച്ചോളും അവർ….
അതൊ നിനക്ക് സ്വന്തമായി അങ്ങനെയൊന്നു വേണമെങ്കിൽ നമ്മുക്ക് നാട്ടിലൊന്നു ഇടാം….
നീ വാ…. ”
സെലിൻ ശ്രീനന്ദയെ അകത്തേക്ക് തള്ളി വിട്ടു….

 

” ഒരുപാട് നന്ദിയുണ്ട് രണ്ട് പേരോടും….
എങ്ങനെ നന്ദി പറയണം എന്ന് പോലുമെനിക്ക് അറിയില്ല….
ഒരമ്മ പെറ്റില്ലന്നെ ഉള്ളു… അവളെനിക്ക് എന്റെ കൂടപിറപ്പ് തന്നെയാണ്…. ”
സെലിൻ അമീറിനെയും ഉമ്മച്ചിയുമ്മയെയും നോക്കി പറഞ്ഞു….

രണ്ടുപേരും ചിരിച്ചു നിന്നതെ ഉള്ളൂ….
രണ്ടു പേരുടെയും ഉള്ള് പിടയുന്നുണ്ട് ….
ഈ വീടിന്റെ സന്തോഷവും മുന്നോട്ട് ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചതും അവളാണ്….
തന്റെ ജീവൻ തന്നെയാണ് ഇന്ന് പടിയിറങ്ങുന്നത്….
അമീറിന് നെഞ്ചിൽ വല്ലാത്തൊരു പിടപ്പ് തോന്നി….
ഹൃദയം മുറിയുന്ന വേദന…. കണ്ണുകളിൽ നീർ തിളക്കം…..
ഒരു വേള താൻ കരഞ്ഞു പോകുമോ എന്നവൻ ഭയപ്പെട്ടു………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button