Kerala

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; പി പി ദിവ്യ വോട്ടെടുപ്പിൽ പങ്കെടുക്കില്ല

പി പി ദിവ്യ രാജി വെച്ചതിനെ തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. അതേസമയം വോട്ടെടുപ്പിൽ പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. അഡ്വ. കെ കെ രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി.

നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലായിരിക്കും വോട്ടെടുപ്പ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 24 അംഗ ഭരണസമിതിയിൽ 17 അംഗങ്ങൾ എൽ.ഡി.എഫും ഏഴ് അംഗങ്ങൾ യു.ഡി.എഫുമാണ്. അതുകൊണ്ട് തന്നെ അഡ്വ. കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.

വിവാദ യാത്രയയപ്പ് കഴിഞ്ഞ് ഇന്ന് ഒരു മാസം പൂർത്തിയാവുകയാണ്. അതേ ദിവസം തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.അതേസമയം, എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!