National

തെരുവുകളില്‍ നമസ്‌കാരം പാടില്ല; ഉത്തരവ് ലംഘിച്ചാല്‍ പാസ്‌പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കുമെന്ന് യുപി പൊലീസ്

ഉത്തര്‍പ്രദേശില്‍ ഈദ്-ഉല്‍-ഫിത്തറുമായി ബന്ധപ്പെട്ട് തെരുവുകളില്‍ നമസ്‌കാരം പാടില്ലെന്ന് അറിയിച്ച് യുപി പൊലീസ്. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മീററ്റ് പൊലീസ് ആണ് തെരുവുകളിലെ നമസ്‌കാരം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഉത്തരവ് ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകളും ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കുന്നതിന് പുറമെ ക്രമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുമെന്നും വ്യക്തമാക്കി. ഈദ്-ഉല്‍-ഫിത്തര്‍ നമസ്‌കാരത്തിന് അടുത്തുള്ള പള്ളിയില്‍ നമസ്‌കരിക്കുകയോ കൃത്യസമയത്ത് ഈദ്ഗാഹുകളില്‍ എത്തുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

ഒരു സാഹചര്യത്തിലും റോഡുകളില്‍ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ സമയത്ത് തെരുവുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച സമാനമായ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ച് എട്ട് പേരുടെ പട്ടിക പൊലീസ് ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സുകളും പാസ്പോര്‍ട്ടുകളും റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്രോണുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയിലൂടെ നിരീക്ഷണം ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!