National
ആരും സഹായിച്ചില്ല; വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി ഭർത്താവ്

വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോയി ഭർത്താവ്. നാഗ്പൂർ-ജബൽപൂർ ഹൈവേയിലാണ് സംഭവം. ആരും സഹായിക്കാനില്ലാതെ വന്നതോടെയാണ് ഭർത്താവ് ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ ആരും തന്നെ ഇവരെ സഹായിക്കാൻ തയ്യാറായില്ല. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
ഗ്യാർസി അമിത് യാദവ് എന്ന യുവതിയാണ് മരിച്ചത്. സഹായത്തിനായി പല വാഹനങ്ങൾക്ക് നേരെയും കൈ നീട്ടിയെങ്കിലും എല്ലാവരും അവഗണിച്ച് പോയതോടെയാണ് അമിത് യാദവ് മൃതദേഹം തന്റെ ബൈക്കിൽ തന്നെ കയറ്റി വെച്ച് സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയത്