എട്ടാം ക്ലാസിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല; അധ്യാപകർ ഉത്തരക്കടലാസുകൾ നോക്കണം: ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകര്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എട്ടാം ക്ലാസുകളില്‍ ആരേയും അരിച്ചു പെറുക്കി തോല്‍പ്പിക്കില്ലെന്നും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളിൽ അക്കാദമിക മികവും ഗുണനിലവാരവും ഇനിയും ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു ശിവൻകുട്ടി.