Health

എക്സ്റേ വേണ്ട; ചായം പുരട്ടി നഗ്‌നനേത്രത്താല്‍ ശരീരഘടന പരിശോധിക്കാം

ഹൈദരാബാദ്: എക്‌സ്‌റേ ഇമേജിങ്ങിന്റെ സഹായമില്ലാതെ ചര്‍മാര്‍ബുദം വരെയുള്ള അസുഖങ്ങള്‍ കണ്ടെത്താന്‍ ചായം മതിയെന്ന കണ്ടെത്തലുമായി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തലായി ഇത് മാറുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഈ ചായംപോലുള്ള ലേപനം ദേഹത്ത് പുരട്ടിയാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ശരീരഘടന മനസിലാക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.

എക്സ്റേയും സ്‌കാനിങ്ങും എംആര്‍ഐയും തുടങ്ങിയ മെഡിക്കല്‍ ഇമേജിങ്ങുകളുടെ സഹായമില്ലാതെ ആന്തരിക അവയവങ്ങളുടെ ഘടനയും അസ്ഥികളുടെ പ്രശ്‌നങ്ങളുമെല്ലാം രോഗിക്ക് യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്തവിധം കണ്ടെത്താനാവുമെന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ മെച്ചം. ചര്‍മ്മത്തെ താത്കാലികമായി സുതാര്യമാക്കാന്‍ ഈ ലേപനത്തിലൂടെ സാധിക്കും. ഭക്ഷണത്തില്‍ നിറത്തിനായി ഉപയോഗിക്കുന്ന ചായം(ഫുഡ് ഡൈ) വെള്ളത്തില്‍ ലയിപ്പിച്ചാണ് ഈ ലേപനം തയ്യാറാക്കുന്നത്. തൊലിപ്പുറത്ത് ഈ ലേപനം പുരട്ടുന്നത് വഴി ശരീരത്തിനുള്ളിലെ ഘടന കൃത്യമായി നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമത്രെ.

പരിശോധനകള്‍ക്കു ശേഷം വെള്ളമുപയോഗിച്ച് കഴുകിയാല്‍ മിനിറ്റുകള്‍ക്കകം പൂര്‍വരൂപത്തിലെത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ രീതി വഴി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനിടയുള്ള എക്സ്റേ അടക്കമുള്ള ഇമേജിങ് സാങ്കേതികവിദ്യകളുടെ ഉപയോഗം കുറയ്ക്കാനാകും. കരള്‍, വന്‍കുടല്‍, മൂത്രസഞ്ചി, മസ്തിഷ്‌കം തുടങ്ങിയ ആന്തരിക അവയവങ്ങള്‍ പോലും ശസ്ത്രക്രിയ നടപടിക്രമങ്ങളോ, പ്രത്യേക ഇമേജിങ് ഉപകരണങ്ങളോ ആവശ്യമില്ലാതെ നിരീക്ഷിക്കാന്‍ സഹായിക്കുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഉറപ്പുനല്‍കുന്നത്.

മനുഷ്യചര്‍മ്മം സുതാര്യമല്ലാത്തതിനാല്‍ പ്രകാശ തരംഗങ്ങളെയോ, വെള്ളത്തേയോ ശരീരത്തിലേക്ക് നേരിട്ട് കടത്തിവിടാന്‍ സാധിക്കില്ല. എന്നാല്‍ തൊലിപ്പുറത്ത് ലേപനം പുരട്ടുമ്പോള്‍ പ്രകാശം ചിതറി പോകുന്നത് കുറയും. വെളിച്ചത്തെ കടത്തിവിടുമ്പോള്‍ ചര്‍മ്മം സുതാര്യമാവും. ചര്‍മ്മത്തിന് താഴെയുള്ള അസ്ഥികളുടെയും മറ്റ് ഘടനകളുടെയും ചിത്രം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായി കാണാനുമാവും.

ടാര്‍ട്രാസൈന്‍ എന്ന ഭക്ഷണത്തിലുപയോഗിക്കുന്ന ചായം വെള്ളത്തില്‍ ലയിപ്പിച്ച് അനസ്‌തേഷ്യ ചെയ്ത എലിയുടെ ചര്‍മ്മത്തില്‍ പുരട്ടികൊണ്ടാണ് സ്റ്റാന്‍ഫോര്‍ഡ് സംഘം പരീക്ഷണം നടത്തിയത്. ചായം ബ്ലൂ ലൈറ്റിന്റെ ഭൂരിഭാഗവും ആഗിരണം ചെയ്യുകയും പ്രകാശം ചിതറിപ്പോകുന്നത് കുറയ്ക്കുകയും ചെയ്തു. ഇത് എലിയുടെ ചര്‍മ്മത്തെ കൂടുതല്‍ സുതാര്യമാക്കി. പിന്നീട് ലേപനം വികസിപ്പിക്കുകയായിരുന്നു.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പുതിയ പരീക്ഷണത്തിനായി ഉപയോഗിച്ച എലികള്‍ക്ക് യാതൊരു ദോഷവും സംഭവിച്ചില്ല. അവരുടെ ചര്‍മ്മത്തില്‍ നിന്നും ചായം കഴുകിയപ്പോള്‍ സ്വഭാവിക അവസ്ഥയിലേക്ക് മടങ്ങി. മനുഷ്യരുടെ ചര്‍മം കൂടുതല്‍ സങ്കീര്‍ണമാണെങ്കിലും, ഇത് മനുഷ്യരിലും സുരക്ഷിതമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന്റെ ജൈവാവസ്ത അതീവ സങ്കീര്‍ണമാണെന്നതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങളും നിരീക്ഷണങ്ങള്‍ക്കും ശേഷമേ മനുഷ്യനിലേക്ക് പുതിയ കണ്ടുപിടുത്തം എത്തുകയുള്ളൂ.

Related Articles

Back to top button