ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാനായി നോയല്‍ ടാറ്റ എത്തുന്നത് നാല് പതിറ്റാണ്ടിന്റെ കരുത്തുമായി

മുംബൈ: ജീവിച്ചിരിക്കേ തന്നെ ഇതിഹാസ സമാനനായി രൂപാന്തരപ്പെട്ട ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റ എത്തുന്നത് ടാറ്റയുടെ കളരിയില്‍ നാല് പതിറ്റാണ്ടിലേറെയായി അഭ്യാസമുറകള്‍ പരിശീലിച്ച കരുത്തുമായാണ്. ടാറ്റ ഗ്രൂപ്പിന്റെ ചാരിറ്റബിള്‍ ഡിവിഷനാണ് ടാറ്റ ട്രസ്റ്റ്. ടാറ്റ ഗ്രൂപ്പിന്റെ 150 ബില്യണ്‍ ബിസിനസ് കൈകാര്യം ചെയ്യുന്നതും ടാറ്റ ട്രസ്റ്റാണ്.
കമ്പനിയുടെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സും റീടെയില്‍ സെക്ടറുമാണ് നോയല്‍ മുമ്പ് കൈകാര്യം ചെയ്തത്. 1999 മുതല്‍ ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെടുന്ന നോയല്‍, ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണെങ്കിലും എന്നും വാര്‍ത്തകളില്‍നിന്നും മുഖ്യധാരയില്‍നിന്നും മാറിനില്‍ക്കുന്ന പ്രകൃതമാണ് ഈ മനുഷ്യന്റേത്്.
ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ചെയര്‍മാന്‍, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി എന്നിവയുടെ വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയാണ് നോയല്‍. നേവല്‍ എച്ച് ടാറ്റയുടെയും സ്വിറ്റ്‌സര്‍ലണ്ടുകാരിയായ സിമോണ്‍ എന്‍ ടാറ്റയുടെയും മകനായാണ് 1957ല്‍ നോയല്‍ ടാറ്റയുടെ ജനനം. അലൂ മസ്ട്രിയാണ് ഭാര്യ. മായ, നെവില്‍, ലേ എന്നിങ്ങനെ മൂന്ന് മക്കളാണ് അലൂ മിസ്ട്രി നോയല്‍ ടാറ്റ ദമ്പതികള്‍ക്കുള്ളത്. ടാറ്റ ട്രസ്റ്റിന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഓര്‍ഗനൈസേഷനുകളില്‍ ഇവര്‍ക്കെല്ലാം കൃത്യമായ പങ്കാളിത്തമുണ്ട്.
രത്തന്‍ ടാറ്റയുടെ മരണശേഷം അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനായ ടാറ്റ ട്രസ്റ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ പദവി നല്‍കുകയായിരുന്നു. ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ എം.ഡിയായി ചുമതലയേറ്റ ശേഷം കമ്പനിയെ അദ്ദേഹം വലിയ വളര്‍ച്ചയിലേക്കാണ് നയിച്ചത്. 2010 ആഗസ്റ്റിനും, 2021 നവംബറിനും ഇടയില്‍ കമ്പനിയുടെ വരുമാനം 500 മില്യണ്‍ ഡോളറില്‍ നിന്നും 3 ബില്യണ്‍ ഡോളറുകളായി കുതിച്ചുയര്‍ന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലായിരുന്നു.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെയാണ് രത്തന്‍ ടാറ്റ സ്വമേധയാ പദവി ഒഴിഞ്ഞതിന് ശേഷം പരിഗണിച്ചിരുന്നതെങ്കിലും ആ പദവി നോയല്‍ ടാറ്റയുടെ ബന്ധുവായ സൈറസ മിസ്ത്രിയിലേക്ക് ചെന്നുചേരുകയായിരുന്നു. പിന്നീട് സൈറസ് മിസ്ത്രി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തെറിച്ചതും ചരിത്രം.