ഗെയിം ചെയ്ഞ്ചറിൽ തൃപ്തിയില്ല; ഇനി ശ്രദ്ധ ഇന്ത്യൻ 3 യിൽ: ശങ്കർ
രാം ചരണിനെ നായകനാക്കി ചെയ്ത ഗെയിം ചെയ്ഞ്ചറിൽ പൂർണ്ണ തൃപ്തിയില്ലെന്നു സംവിധായകൻ ശങ്കർ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങി ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്ന് ആരോപണമുണ്ടായിരുന്നു. 2021 അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പല തവണ നീട്ടി വെച്ചു. ശങ്കർ ഗെയിം ചെയിഞ്ചറിനൊപ്പം തന്നെ ഇന്ത്യൻ 2 ന്റെയും അണിയറ ജോലികളിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ 2 വിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, 2019 ന് ഷൂട്ട് തുടങ്ങിയ ചിത്രം 4 വർഷമെടുത്തു പൂർത്തിയാക്കാൻ.
അതിനൊപ്പം ഇന്ത്യന്റെ മൂന്നാം ഭാഗവും ശങ്കർ ചിത്രീകരിച്ചു. എന്നാൽ ഇന്ത്യൻ 2 തിയറ്ററുകളിൽ വൻപരാജയം നേരിട്ടതിനാൽ ഇന്ത്യൻ 3 തിയറ്റർ റിലീസ് ഉണ്ടാവില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം 6 മാസത്തിനുള്ളിൽ തിയറ്ററുകളിൽ എത്തും എന്ന് ശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ 3 യുടെ തിരക്കുകൾ കാരണം ഗെയിം ചെയിഞ്ചറിൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല, ചിത്രം അഞ്ച് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നതിനാൽ കുറെയധികം സീനുകൾ മുറിച്ചു മാറ്റേണ്ടി വന്നു, ചിത്രത്തിന്റെ പൂർണതക്കായി കഷ്ടപ്പെട്ട് ചെയ്ത പല സീനുകളിലും കത്തി വെക്കേണ്ടി വന്നതിൽ ഖേദമില്ല എന്നും ശങ്കർ പറയുന്നു.
ശങ്കറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ വിക്രം ചിത്രം ‘അന്യൻ’ ഹിന്ദിയിൽ രൺവീർ സിംഗിനെ വെച്ച് റീമേക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നാൽ ചിത്രം നടക്കാനുള്ള സാധ്യത കുറവാണ് എന്നാണ് റിപോർട്ടുകൾ. നിലവിൽ ശങ്കർ, ഇന്ത്യൻ 3 ക്ക് ശേഷം സംവിധാനം ചർച്ചകൾ നടക്കുന്നത് സു. വെങ്കടേശൻ എഴുതിയ നോവലായ “വീരയുഗ നായകൻ വേൽപാരി”യുടെ ചലച്ചിത്രാവിഷ്ക്കാരമാണ്.