ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; അക്രമികളിൽ നാല് പേരെ പോലീസ് വെടിവെച്ച് വീഴ്ത്തി

തമിഴ്‌നാട് ഈറോഡിൽ കുപ്രസിദ്ധ ഗുണ്ടയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. സേലം സ്വദേശി ജോൺ എന്ന ചാണക്യനെയാണ് രണ്ട് കാറുകളിലെത്തിയ എട്ടംഗ സംഘം വെട്ടിക്കൊന്നത്. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ജോൺ. ഭാര്യക്കൊപ്പം പോകുമ്പോഴാണ് ആക്രമണം നടന്നത്.
തിരുപ്പൂരിലേക്ക് താമസം മാറ്റിയ ജോൺ പോലീസ് സ്‌റ്റേഷനിൽ ഒപ്പിടാനായാണ് ഭാര്യ ശരണ്യക്കൊപ്പം സേലത്ത് വന്നത്. പിന്നാലെ മടങ്ങിയ ജോണിനെ അക്രമികൾ പിന്തുടർന്നു. നസിയനൂരിൽ എത്തിയപ്പോൾ ജോണിന്റെ കാർ തടയുകയും മാരകായുധങ്ങളുമായി ആക്രമികൾ ആക്രമിക്കുകയുമായിരുന്നു
ശരണ്യയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശേഷമാണ് ജോണിനെ വെട്ടിയത്. ശരണ്യയുടെ കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി അക്രമികൾക്ക് നേരെ വെടിയുതിർത്തു. വെടിയേറ്റ നാല് പേർ പിടിയിലായി. മറ്റ് നാല് പേർ രക്ഷപ്പെട്ടു.