പവിത്ര: ഭാഗം 10

പവിത്ര: ഭാഗം 10

എഴുത്തുകാരി: തപസ്യ ദേവ്‌


” ഇന്ന് മുതൽ പുതിയൊരു ജോലിക്ക് ആണ് പോയി തുടങ്ങുന്നത്…
ലൈബ്രറിയിലേക്ക് പോകുന്ന വഴിയിൽ തന്നെയല്ലേ അമ്പലം ഒന്നു കേറി തൊഴുതിട്ട് പോണം കേട്ടോ ”

പോകാൻ തയാറായി ഇറങ്ങിയ പവിത്രയോട് പത്മം പറഞ്ഞു.

” ആഹാ അപ്പൊ അമ്മ എന്നോട് പിണക്കം ആയിരുന്നില്ലേ….ഞാൻ കരുതി അമ്മ ഇനി എന്നോട് മിണ്ടില്ലെന്ന് ”

” പിന്നെ ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നത്…
ആ ബൈക്ക് അവൻ കൊണ്ടുപോയാൽ നിനക്ക് എന്തായിരുന്നു പ്രശ്നം. അത്രയും ബാധ്യത ഒഴിഞ്ഞു കിട്ടില്ലായിരുന്നോ ”

” ആ ബാധ്യത അങ്ങനിപ്പോ ഒഴിഞ്ഞു കിട്ടണ്ട..”
പവിത്ര പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ പറഞ്ഞു.


” നിനക്ക് വാശി കൂടുന്നുണ്ട് പെണ്ണേ. നോക്കിക്കോ ഞാനാ ശങ്കരൻ പറഞ്ഞ ആലോചന അങ്ങ് നടത്താമെന്ന് തീരുമാനിക്കും ”
പത്മവും വിട്ടുകൊടുക്കാതെ അവളുടെ പുറകേ ചെന്നു.

” അങ്ങനെ എന്റെ സമ്മതമില്ലാതെ കല്യാണം ഉറപ്പിച്ചാൽ അമ്മ ഇരുന്നു കൊടുത്തോളണം പെണ്ണിന്റെ സ്ഥാനത്ത് ”

” ഗുഡ് മോർണിങ് പവിത്ര മേഡം ”
അവരുടെ ഇടയിൽ കേറി ഡേവിഡ് പറഞ്ഞു.പവിത്ര വരുന്നത് കണ്ട് സ്റ്റെപ്പിലേക്ക് കാലെടുത്തു വെയ്ക്കാൻ വന്നത് തിരിച്ചു എടുത്തു അവൻ.

” എന്താ ”
പവിത്ര അവനോട് ചോദിച്ചു.

” ഗുഡ് മോർണിങ് എന്ന് ”
കുറച്ചൂടെ ശബ്ദത്തിൽ അവൻ പറഞ്ഞു.

” അതല്ല രാവിലെ ഇങ്ങോട്ട് വന്നത് എന്തിനാണെന്ന്.. ”

” ഓ അതോ രാവിലെ പത്രം വായിക്കുന്ന ഒരു ശീലമുണ്ടേ….
പത്രം ഇവിടെ കിടക്കുന്ന കണ്ടു അത് വായിക്കാൻ വന്നതാ ”

” മ്മ് അമ്മേ ഞാൻ പോയിട്ട് വരാം ”
പവിത്ര മുറ്റത്തേക്ക് ഇറങ്ങി. അവൾക്ക് ഇറങ്ങാനായി ഡേവിഡ് സൈഡിലേക്ക് മാറിക്കൊടുത്തു.

” ഒരു ഗുഡ് മോർണിംഗ് പറഞ്ഞിട്ട് തിരിച്ചു വിഷ് ചെയ്യാൻ പോലുമുള്ള മര്യാദ ഇല്ല ”
പവിത്ര കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞു. അത് കേട്ടെങ്കിലും മറുപടി നൽകാതെ അവനെ ഒന്നു നോക്കിയിട്ട് അവൾ പോയി.

” മോൻ രാവിലെ വല്ലതും കഴിച്ചായിരുന്നോ ”
പത്രം വായിച്ചു കൊണ്ടിരുന്ന ഡേവിഡിനോടായി പത്മം ചോദിച്ചു.


” ഇല്ല അമ്മച്ചി… ബ്രെഡ്‌ ഇരിപ്പുണ്ട് അതും ചായയും കൂടി കുടിക്കണം ”

” ഇവിടെ പുട്ടും കടലയും ആണ് ഉണ്ടാക്കിയത്. അകത്തേക്ക് വാ കഴിച്ചിട്ട് പിന്നെ വായിക്കാം പത്രം ”

ഡേവിഡ് കഴിവതും ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും പത്മം നിർബന്ധിച്ചു അവനെ കഴിപ്പിച്ചു.

” ഇന്ന് പോകണ്ടായിരുന്നോ ജോലിക്ക് ”

” ഞാൻ ഒരാഴ്ചത്തെ ലീവ് എടുത്തിട്ടുണ്ട്. പുതിയ സ്ഥലത്തോട്ടു വരുമ്പോൾ എല്ലാം ഒന്നു സെറ്റ് ആയി വരണ്ടേ അതിനു വേണ്ടി. പക്ഷേ ഒന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല രാജേഷ് എല്ലാം പറഞ്ഞു വെച്ചിരുന്നത് കൊണ്ട് ”

” ആഹ് രാജേഷിന്റെ വീട്ടിൽ പോകുന്നുണ്ടോ ഡേവിഡ് മോൻ ”

” പോകണം… പിന്നെ അമ്മച്ചി എന്നെ ഡേവിഡ് മോൻ എന്നൊന്നും വിളിച്ചു കഷ്ടപ്പെടണ്ട ഡേവിച്ചൻ എന്ന് വിളിച്ചാൽ മതി കേട്ടോ അടുപ്പമുള്ളവർ ഒക്കെ എന്നെ അങ്ങനാ വിളിക്കുന്നത് ”
അവൻ ചിരിയോടെ പറഞ്ഞു.

പവിത്ര വന്നു കഴിഞ്ഞാണ് കൈമൾ സാർ എത്തിയത്.
എല്ലാ കാര്യങ്ങളും അവൾക്ക് പറഞ്ഞു കൊടുത്തു കൊണ്ട് കുറച്ചു നേരം അവിടെ ഇരുന്നിട്ട് താക്കോൽ അവളെ ഏൽപ്പിച്ചു അദ്ദേഹം പോയി.

തനിക്ക് ഇരിക്കാനുള്ള കസേരയിൽ ഇരുന്നു കൊണ്ട് അവൾ ചുറ്റും കണ്ണോടിച്ചു.
തന്റെ കൊച്ചിലെ തുടങ്ങിയ ലൈബ്രറി ആയിരുന്നു ഇത്. അന്നൊക്കെ വായനശാല എന്നായിരുന്നു എല്ലാരും പറയാറ്. ഇപ്പോൾ ഒന്നൂടി വിപുലീകരിച്ചു കെട്ടിടം.പുസ്തകങ്ങളും കുറേ പുതിയത് ഇറക്കി.
ഒരു മുറി പത്രം വായനക്കാർക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കയാണ്. പ്രായഭേദമന്യേ ആ നാട്ടിലെ എല്ലാരും അവിടെ വന്നിരുന്നു വായിക്കാറുണ്ട്.
കൂടുതലും പുരുഷന്മാർ ആയിരുന്നു വായനക്കാർ. തൊട്ടടുത്തുള്ള ചായക്കടയിൽ നിന്ന് ചായയും കൊണ്ട് പ്രായമായ അച്ഛന്മാര്
ഇവിടെ വന്നിരുന്നു കഥ പറച്ചിലും പത്രം വായനയും ആയിരിക്കും രാവിലെയും വൈകുന്നേരവും.

ഉച്ചക്ക് കഴിക്കാൻ അമ്മാവൻ വന്നു വിളിച്ചിരുന്നു. ലൈബ്രറിയുടെ തൊട്ടടുത്താണ് അമ്മാവന്റെ വീട്. ചോറ് എടുത്തിട്ടുണ്ടെന്നു പറഞ്ഞപ്പോൾ നിർബന്ധിച്ചില്ല.
തിരിച്ചു വീട്ടിലേക്ക് പോകാൻ നേരം അമ്മായിയെ കേറി കണ്ടു. മാധവ് ബാംഗ്ലൂരിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരികയാണെന്ന് രമ്യ വിളിച്ചപ്പോൾ പറഞ്ഞെന്ന് അമ്മായി പറഞ്ഞു. രമ്യയും മാധവിനൊപ്പം ബാംഗ്ലൂർ ആയിരുന്നു.

മാധവിന്റെ വീടും അടുത്തയത് കൊണ്ട് മോളെ ദിവസവും കാണാൻ പറ്റുമെന്ന സന്തോഷം അവരുടെ മുഖത്ത് കാണാൻ ഉണ്ട്.
അത് അങ്ങനെ തന്നെ നില നിൽക്കട്ടെ എന്ന് അവൾ മനസ്സാലെ ആഗ്രഹിച്ചു.

അമ്പലപ്പാലത്തിൽ എത്തിയപ്പോൾ സൗമ്യ ദൂരെ നിന്ന് ഓടി വരുന്നത് അവൾ കണ്ടു. അവൾ അടുത്ത് എത്താൻ വേണ്ടി പവിത്ര അവിടെ തന്നെ നിന്നു.
ഇവിടെ ഓരോ പാലങ്ങൾക്കും ഓരോ പേരാണ്. വീടിന്റെ അടുത്തുള്ള പാലത്തിന്റെ പേര് പത്തിൽ പാലം എന്നാണ് അറിയപ്പെടുന്നത്. പത്തിൽ എന്നത് ആ പാലത്തിന്റെ അടുത്ത് താമസിക്കുന്നവരുടെ വീട്ടു പേരാണ്.

പിന്നെ ഈ പാലം… ഇത് അമ്പലത്തിന്റെ മുൻപിൽ ഉള്ളതായത് കൊണ്ട് അമ്പലപ്പാലം എന്ന് പറയും. പിന്നെ രാമങ്കരി പാലം, കലേങ്കരി പാലം, മാമ്പുഴക്കരി പാലം, മിത്രക്കരി പാലം അങ്ങനെ ഒരുപാട് പാലങ്ങൾ ഉണ്ട്.

സൗമ്യ ഓടി അവളുടെ അടുത്തേക്ക് വന്നു. സൗമ്യ നോക്കുന്നത് കണ്ടാണ് പവിത്രയും പാലത്തിന്റെ കൈവരിയിലേക്ക് നോക്കുന്നത്. ഡേവിഡും വിഷ്ണുവും അവിടെ ഇരുന്ന് സംസാരിക്കുന്നു.
ഇവർ തമ്മിൽ എങ്ങനെ അറിയാമെന്നു അവൾ മനസ്സിൽ ഓർത്തു.

” അത് ഡേവിച്ചായനും വിഷ്ണു ചേട്ടനും അല്ലേ…
ഇവർ തമ്മിൽ പരിചയം ഉണ്ടോ ”

സൗമ്യ ഡേവിച്ചയാൻ എന്ന് വിളിക്കുന്നത് കേട്ട് അത്ഭുതത്തോടെ പവിത്ര അവളെ നോക്കി. ഈ വിളി എവിടെയോ കേട്ടു മറന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു.

” എന്റെ സൗമ്യേ നീ ഒന്ന് മിണ്ടാതെ വരാൻ നോക്ക് ഇല്ലേൽ ഇനി ആ സാധനത്തിന്റെ പവിത്ര മേഡം എന്ന വിളി കേൾക്കണം. ”

പവിത്ര ധൃതിയിൽ മുന്നോട്ട് നടന്നു.

” അല്ല ആരിത് സൗമ്യ മോളോ.. കോളേജിൽ നിന്ന് വരുന്ന വഴിയാണോ ”

അവരെ കണ്ടപാടെ ഇരുന്നിടത്ത് നിന്നും ചാടി ഇറങ്ങി കൊണ്ട് ഡേവിഡ് അവരുടെ അടുത്തേക്ക് ചെന്നു.

” അതെ… എന്താ ഇവിടെ ഇരിക്കുന്നത് ”


” ഓ വെറുതെ നടക്കാൻ ഇറങ്ങിയതാ…
വിഷ്ണു എന്നാൽ വിട്ടോടാ കടയിൽ പോകാൻ ഇറങ്ങിയതല്ലേ ”

ഡേവിഡ് വിഷ്ണുവിനോടായി പറഞ്ഞു. വിഷ്ണു പവിത്രയെ ഒന്ന് നോക്കിയിട്ട് വണ്ടിയെടുത്തു പോയി.

” അല്ല ഡേവിച്ചായാന് വിഷ്ണു ചേട്ടനെ എങ്ങനെ അറിയാം ”
സൗമ്യ തന്റെ മനസ്സിൽ തോന്നിയ സംശയം ചോദിച്ചു.

” ആഹ് അതൊക്കെ പരിചയപ്പെട്ടു. വായിൽ നാക്കല്ലേ കിടക്കുന്നത് സംസാരിച്ചു സംസാരിച്ചു അങ്ങ് പരിചയക്കാർ ആവും.
അല്ല ആരിത് പവിത്ര മേഡമൊ ഞാൻ കണ്ടില്ല കേട്ടോ ”

” ഓ തുടങ്ങി ”
പവിത്ര നെറ്റിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

” എന്താ തലവേദന ഉണ്ടോ ”
ഡേവിഡിന്റെ ചോദ്യം കേട്ട് അവൾ കൈ മാറ്റി.

” ഒന്ന് മിണ്ടാതെ നടക്കാമോ രണ്ടും ”
അതുകേട്ടു അവൻ ചുണ്ടിൽ വിരൽ വെച്ചുകൊണ്ട് സൗമ്യയെ നോക്കി. അവളും അതുപോലെ വെച്ചിട്ട് ചിരിച്ചു.

സൗമ്യയുടെ വീട് ആയപ്പോൾ അവൾ ഇരുവരോടും യാത്ര പറഞ്ഞു പോയി. പവിത്രയും ഡേവിഡും ഒരുമിച്ച് നടന്നു വരുന്നത് പ്രശാന്തിന്റെ കൂട്ടുകാരൻ ശരത്ത് കണ്ടു. അവന്റെ നോട്ടവും ആക്കി ചിരിയും ഒക്കെ കണ്ടെങ്കിലും അവൾ മൈൻഡ് ചെയ്യാൻ പോയില്ല. ഈ ന്യൂസ്‌ ചൂടാറാതെ അവന്റെ ചെവിയിൽ എത്തിക്കുമെന്ന് അവൾക്ക് ഉറപ്പുണ്ട്.

” അവന്റെ നോട്ടവും ചിരിയും കണ്ടില്ലേ മേഡം എന്താ മിണ്ടാതെ ഇങ്ങ് പോന്നത് ”

” മിണ്ടേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. ”

” അല്ലേലും പാവപ്പെട്ട എന്നെ പോലുള്ളവരോടല്ലേ ദേഷ്യപ്പെടുള്ളൂ ”
പവിത്ര കേൾക്കാതെ അവൻ പതിയെ പറഞ്ഞു.

ഒരുമിച്ച് വീട്ടിലേക്ക് കേറി വരുന്ന പവിത്രയെയും ഡേവിഡിനെയും കണ്ട് പത്മം നോക്കി നിന്നു.

” ചായ കുടിക്കാൻ ഡേവിച്ചനെ വിളിക്കാൻ ഞാൻ വന്നായിരുന്നു. എവിടെ പോയതാ ”

” കുറേ നേരം ഇരുന്ന് മടുത്തപ്പോൾ ചുമ്മാ നടക്കാൻ ഇറങ്ങിയതാ അമ്മച്ചി. ആ വഴി കിട്ടിയതാ പവിത്ര മേഡത്തിനെ അപ്പോൾ കൂടെ ഇങ്ങ് പോന്നു…. സൗമ്യയും ഉണ്ടായിരുന്നു ”

അവരുടെ സംസാരത്തിന് ഇടയിൽ നിൽക്കാതെ പവിത്ര അകത്തേക്ക് പോയി.

” എന്നാൽ ഇവിടെ ഇരിക്ക് ഞാൻ ചായ എടുക്കാം ”
പത്മം അകത്തേക്ക് കേറി കൊണ്ട് പറഞ്ഞു.

” അയ്യോ വേണ്ട ഞാൻ ഉണ്ടാക്കി കുടിച്ചോളാം ”
പവിത്രയെ പേടിച്ചു പത്മം നിർബന്ധിക്കാനും പോയില്ല.

ദിവസങ്ങൾ മുന്നോട്ട് പോകുംതോറും ഡേവിഡിന്റെ മേഡമെന്നുള്ള വിളി അസഹനീയമായി തീർന്നിരുന്നു പവിത്രയെ സംബന്ധിച്ചിടത്തോളം.
സ്ഥാനത്തും അസ്ഥാനത്തും കേറിയുള്ള ഈ വിളി തന്നെ കളിയാക്കാൻ വേണ്ടി ആണെന്ന് അവൾക്ക് തോന്നി.

അമ്മയുടെ ഡേവിച്ചൻ എന്ന വിളിയും സൗമ്യയുടെ ഡേവിച്ചായൻ എന്ന വിളിയും എവിടെയോ കേട്ടു മറന്ന പോലെ അനുഭവപ്പെട്ടെങ്കിലും അവൾ അത് കാര്യമാക്കിയില്ല.

രാജേഷ് വരുമ്പോൾ ഈ സാധനത്തിനെ ഇങ്ങോട്ട് കെട്ടിയെടുത്തതിന് നാല് പറയണമെന്ന് പവിത്ര മനസ്സിൽ കണക്ക് കൂട്ടി.

എല്ലാ ദിവസവും രാവിലത്തെ കാപ്പിയും രാത്രിയിലെ അത്താഴവും കഴിക്കാൻ പത്മം ഡേവിഡിനെ വിളിച്ചു കൊണ്ട് വരും. ആ പരിപാടിയോട് പവിത്രക്ക് നല്ല എതിർപ്പുണ്ടായിരുന്നു.

” അങ്ങനെ ആഹാരവും ഇവിടുന്നാണെങ്കിൽ അതിന്റെ പൈസയും കൂടെ വാങ്ങിക്കണമല്ലോ അമ്മേ ”

ഒരു ദിവസം രാത്രിയിൽ കഴിക്കാൻ വന്നിരുന്ന ഡേവിഡിനെ കേൾക്കെ പവിത്ര പറഞ്ഞു.
അങ്ങനൊരു പറച്ചിൽ അവളിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അവൻ. ഇരിക്കണോ വേണ്ടായോ എന്ന അവസ്ഥയിൽ അവൻ പത്മത്തെ നോക്കി.


” ഡേവിച്ചൻ അതൊന്നും കാര്യമാക്കണ്ട… അവൾക്ക് എപ്പോഴും പൈസയെ കുറിച്ചേയുള്ളു ചിന്ത…!!
പത്മം ദേഷ്യത്തോടെ പവിത്രയെ നോക്കി.

” ഇവിടെ ഞങ്ങൾ രണ്ടുപേർ കഴിക്കുന്ന ആഹാരത്തിന്റെ കൂടെ മോനൊരു പങ്ക് തരുന്നത് കാശിനു വേണ്ടിയല്ല. ഞങ്ങൾ കഴിക്കുമ്പോൾ അപ്പുറത്ത് മോൻ കഴിക്കുന്നുണ്ടോ ഇല്ലയോ എന്നൊരു തോന്നൽ അമ്മയ്ക്കു വരും…
ജോലി കഴിഞ്ഞു വന്നു വേണ്ടേ വല്ലതും വെച്ചുണ്ടാക്കാൻ… എത്രയെന്ന് വെച്ചാ ഹോട്ടലിലെ ഫുഡ് കഴിക്കുന്നത്.
ഡേവിച്ചൻ ഇവിടെ വന്നു കഴിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ ”

പത്മം വാത്സല്യത്തോടെ ആഹാരം വിളമ്പി കൊടുത്ത് കൊണ്ട് പറഞ്ഞു.
ഇപ്പോൾ എങ്ങനുണ്ട് എന്ന ഭാവത്തിൽ അമ്മ കാണാതെ അവൻ പവിത്രയെ കണ്ണു കൊണ്ട് ഗോഷ്ടി കാണിച്ചു.

” മിസ്റ്റർ ഡേവിഡിന്റെ കണ്ണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ”
അവൾ കുറച്ചു അടുത്തേക്ക് വന്നു നിന്നുകൊണ്ട് ചോദിച്ചു.

” ഇല്ല മേഡം ”
അവൻ പതർച്ചയോടെ പറഞ്ഞു.

” മ്മ് നല്ലത്… എന്തെങ്കിലും കുഴപ്പം പറ്റണ്ടാ എന്നുണ്ടെങ്കിൽ കഴിച്ചിട്ട് എണീറ്റ് പോകാൻ നോക്ക് ”

” ഏഹ് ഈ പറഞ്ഞത് കണ്ണു കുത്തിപ്പൊട്ടിക്കും എന്നല്ലേ ”
അവൻ സ്വയം പറഞ്ഞു കൊണ്ട് ഒളികണ്ണിട്ട് അവളെ നോക്കി. പവിത്ര ആകട്ടെ അവനെ ശ്രദ്ധിക്കാതെ കഴിക്കാൻ തുടങ്ങിയിരുന്നു.

ലൈബ്രറിയിലെ ജോലി അവൾക്ക് ഇഷ്ടമായി.. ഒരു ബുദ്ധിമുട്ടും ഇല്ല. ടെക്സ്റ്റയിൽസിലെ പോലെ ടെൻഷൻ ഒന്നും വേണ്ടാ എന്നുള്ളത് തന്നെ വലിയ ആശ്വാസം ആയിരുന്നു.
സമയം കിട്ടുമ്പോൾ ഒക്കെ പുസ്തകങ്ങൾ വായിച്ചിരിക്കാം. ശനിയാഴ്ച ദിവസങ്ങളിൽ ഉച്ച കഴിയുമ്പോൾ സൗമ്യയും അവളുടെ ഒപ്പം വന്നിരിക്കും.
പുസ്തകം വായിക്കാൻ വരുവാണെന്ന് ആണ് പറയുന്നതെങ്കിലും അവളുടെ ഉദ്ദേശം കഥ പറച്ചിൽ ആണ്.
സഹികെടുമ്പോൾ പവിത്ര തറപ്പിച്ചൊന്നു നോക്കും അപ്പോൾ സൗമ്യ പതിയെ ബുക്കിലേക്ക് കണ്ണോടിക്കും.

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ വീടിന്റെ ഫ്രൻഡിൽ നിന്ന് സംസാരിക്കുന്ന ഡേവിഡിനെയും വിഷ്ണുവിനെയും പവിത്ര കണ്ടു. പവിത്ര വരുന്നത് കണ്ടപ്പോൾ വിഷ്ണു വർത്താനം നിർത്തി പോയി.

ഡേവിഡും പതിയെ വീട്ടിലേക്ക് കയറാൻ ഭാവിച്ചപ്പോൾ പവിത്ര അവിടെ വിളിച്ചു നിർത്തി അവനെ.

” എന്താ ”

” വിഷ്ണുവിനെ പരിചയം ഉണ്ടോ ”

” ആ…. അത് പരിചയപ്പെട്ടു. ”
അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു.

” ഇപ്പോൾ പരിചയപ്പെട്ടവർ ആണെന്ന് എനിക്ക് തോന്നുന്നില്ല. അതിന് മുൻപേ നിങ്ങൾ തമ്മിൽ അറിയാം… സത്യമല്ലേ ”
കുറച്ചു ഗൗരവത്തോടെ തന്നെ അവൾ ചോദിച്ചു.

” അതെ സത്യമാണ് ”

” എങ്ങനെ അറിയാം നിങ്ങൾ തമ്മിൽ ”

” പവിത്ര മേഡത്തിന് ഓർമ്മ ശക്തി കുറവാണെങ്കിലും വിഷ്ണുവിന് അതുണ്ട്…അതാണ് ഇപ്പോൾ ചോദിച്ചതിനുള്ള ഉത്തരം ”
അവളുടെ മുഖത്തോട് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് ഡേവിഡ് പറഞ്ഞു.

താൻ പറഞ്ഞത് എന്തെന്ന് മനസിലാകാതെ നിൽക്കുന്ന പവിത്രയെ നോക്കി വെടിപ്പായി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൻ വീട്ടിലേക്ക് കയറി…തുടരും)

 

പവിത്ര: ഭാഗം 10

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പവിത്ര: ഭാഗം 1

പവിത്ര: ഭാഗം 2

പവിത്ര: ഭാഗം 3

പവിത്ര: ഭാഗം 4

പവിത്ര: ഭാഗം 5

പവിത്ര: ഭാഗം 6

പവിത്ര: ഭാഗം 7

പവിത്ര: ഭാഗം 8

പവിത്ര: ഭാഗം 9

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story