ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 13

എഴുത്തുകാരി: ടീന കൊട്ടാരക്കര


കാർ കയ്പമംഗലത്തിന്റെ മുറ്റത്തു വന്നു നിന്നു. ഡ്രൈവിങ് സീറ്റിൽ നിന്നും ദേവൻ ഇറങ്ങി. പിന്നാലെ ദേവകിയമ്മയും നന്ദയും അച്ഛനും അമ്മയും. കാർ വന്നു നിന്ന ശബ്ദം കേട്ടു അകത്തു നിന്നും അച്യുതനും മാലിനിയും ഇറങ്ങി വന്നു.

“മറ്റുള്ളവരൊക്കെ എവിടെ അച്യുതാ ” ദേവകിയമ്മ അന്വേഷിച്ചു

“ശേഖരേട്ടനും ഏടത്തിയും അവരുടെ വീട്ടിലേക്ക് പോയി, രാഘവേട്ടനും കുടുംബമായി ഭാര്യ വീട്ടിലേക്ക് പോയിരിക്കുവാ അമ്മേ ”

“അപ്പൊ നിങ്ങൾ മാത്രേ ഉള്ളോ ”

“അല്ല, ആതിര ഇവിടുണ്ട് ”

“അവളോടും ഇങ്ങോട്ട് വരാൻ പറയണം, എന്നിട്ട് മാലിനി നീ ആരതി ഉഴിഞ്ഞു ഇവരെ അകത്തേയ്ക്കു കയറ്റ് ” ദേവകിയമ്മ ഉത്തരവിട്ടു

മാലിനി വേഗത്തിൽ അകത്തേയ്ക്കു പോയി തിരികെ എത്തി. കൂടെ ആതിരയും. ആരതി ഉഴിഞ്ഞ ശേഷം മാധവനും ശാരദയും നന്ദയും തറവാട്ടിലേക്ക് കയറി. പിന്നാലെ ദേവനും.
മാധവനോടും ശാരദയോടും കിഴക്ക് വശത്തുള്ള മുറിയിൽ വിശ്രമിക്കാനും നന്ദ തത്കാലം തന്റെ മുറിയിൽ കഴിയട്ടെ എന്നും ദേവകിയമ്മ തീരുമാനിച്ചു.
ആരും എതിർപ്പൊന്നും പറഞ്ഞില്ല

ദേവൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ഉമ്മറത്തു നിൽക്കുമ്പോഴാണ് ആതിര അങ്ങോട്ടേക്ക് വന്നത്

“എന്തിനാ ദേവേട്ടാ അവരെയെല്ലാം ഇങ്ങോട്ട് കെട്ടിയെടുത്തത് ”

“ആരെ ” ദേവൻ പുരികം ഉയർത്തി ചോദിച്ചു

“ആ നന്ദയും അവളുടെ അച്ഛനും അമ്മയും ”

“നന്ദയുടെ അച്ഛൻ നിന്റെ ആരാടി ” ദേവനു ദേഷ്യം വന്നു

“ഓഹ് അച്ഛന്റെ ചേട്ടൻ അല്ലെ “അവൾ നിസാരമായി പറഞ്ഞു.

“അതേ നിന്റെ വലിയച്ഛൻ. അവർക്ക് ഇങ്ങോട്ട് വരാൻ നിന്റെ അനുവാദം വേണ്ട ”

“ഇനി മുതൽ എവിടെയാണോ അവർ താമസം ”

” ഇവിടെത്തന്നെ താമസിക്കും, എന്താ നിനക്ക് തടയാൻ വെല്ല ഉദ്ദേശം ഉണ്ടോ, ഉണ്ടെങ്കിൽ മുത്തശ്ശിയോട് പറ, മുത്തശ്ശിയാ അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് ” അവനു ആതിരയുടെ സംസാരം തീരെ ഇഷ്ടം ആയില്ല.

“ഞാൻ എല്ലാരേയും അറിയിച്ചോളാം ” അവൾ ദേഷ്യപ്പെട്ടു അകത്തേക്ക് കയറിപ്പോയി.
കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം ദേവൻ തിരികെ പോയി.

ദേവകിയമ്മ ചെന്നു നോക്കുമ്പോൾ മാധവൻ മുറിയിലൂടേ തലങ്ങും വിലങ്ങും നടക്കുകയാണ്. അവർ അടുത്തേക്ക് ചെന്നു

“മോനെ, വീട് ജപ്തി ചെയ്യും എന്ന അവസ്ഥ വന്നിട്ട് പോലും നീയെന്താ എന്നോടൊരു വാക്ക് പറയാഞ്ഞത്.. ”

“അമ്മേ.. പരമാവധി ഞാൻ തടയാൻ നോക്കിയതാ..എന്നാൽ പറ്റിയില്ല.. കൈവിട്ടു പോയി.. ഞാൻ വരുത്തി വെച്ച ബാധ്യത ആയതുകൊണ്ട് ആരുടേയും സഹായം ചോദിക്കാൻ തോന്നിയില്ല. ” മാധവൻ നിസ്സഹായനായി പറഞ്ഞു

“നീ വരുത്തിവെച്ച ബാധ്യത ആർക്കുവേണ്ടിയാണെന്ന് അമ്മക്ക് അറിയാം, ഈ തറവാടിനും നിന്റെ കൂടെ പിറപ്പുകൾക്കും വേണ്ടി അല്ലെ.. ” ദേവകിയമ്മ കണ്ണു തുടച്ചു

“ഞാൻ ഇങ്ങോട്ടേക്കു വരില്ലായിരുന്നു അമ്മേ.. നന്ദ… അവളെ ഓർത്തിട്ട ഞാൻ, അവളൊരു പെൺകുട്ടി അല്ലെ, അവൾക്കു സുരക്ഷിതമായി താമസിക്കാൻ മറ്റൊരിടം കിട്ടുന്നത് വരെ മതി.. അത് കഴിഞ്ഞ് ഞാൻ പോയ്കോളാം ”

“മതി…. നിർത്തു.. “ദേവകിയമ്മ ഇടയ്ക്കു കയറി

“പോകാനോ.. എവിടെ പോകാൻ.. നീയും കുടുംബവും ഇവിടെ കാണണം ഇനി എന്നും.. ഇത്രയും നാൾ അകന്നു നിന്നില്ലേ മാധവാ, ഈ കുടുംബത്തിന് വേണ്ടി നിന്റെ എല്ലാ സൗഭാഗ്യങ്ങളും നീ നഷ്ടപെടുത്തിയില്ലേ.. ഇപ്പോ നിന്റെ വീടും പോയി അതും നീ നിന്റെ ഇളയത്തുങ്ങള്ക്കു വേണ്ടി ഏറ്റെടുത്ത ബാധ്യതയുടെ അവസാന ഭാഗം അല്ലെ.. ഇനിയും വേണ്ട അത് ”

“അമ്മേ ഞാൻ അത്…. ”

“അമ്മയ്ക്കും നിന്റെ കഷ്ടപ്പാട് കണ്ടിട്ട് വേണ്ടത് പോലെ സഹായിക്കാൻ കഴിഞ്ഞിട്ടില്ല, നിന്റെ സഹോദരങ്ങൾ ഇപ്പോ നല്ല നിലയിൽ ആയിട്ടും അവരും നിന്നോട് നീതി കാണിച്ചില്ല.. ഈ വീട്ടിൽ നിന്നെ കൊണ്ട് വന്നത് എന്റെ തീരുമാനമാ, അതിൽ ഇനി മാറ്റമില്ല..നീ ഇവിടെ ഉണ്ടാവണം ” മാധവന്റെ കൈകൾ ചേർത്തുപിടിച്ചു അവർ പറഞ്ഞു.
ഇതെല്ലാം കണ്ടുകൊണ്ട് നന്ദ വാതിലിനു അരികിലായി നില്പുണ്ടായിരുന്നു.

ഉച്ച തിരിഞ്ഞു ശേഖരനും രാഘവനും അവരുടെ ഭാര്യമാരും പിന്നാലെ സാവിത്രിയും തറവാട്ടിലേക്ക് തിരിച്ചെത്തി. എന്തുകൊണ്ടാണ് അവർ ഇപ്പോ തിരികെയെത്തിയതെന്ന് ദേവകിയമ്മ ഊഹിച്ചു

“നിങ്ങൾ എന്താ എല്ലാവരും കൂടി പെട്ടന്ന് ” ദേവകി എല്ലാരോടുമായി ചോദിച്ചു

“അതെന്താ അമ്മേ ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ, ” രാഘവൻ ചോദിച്ചു

“അല്ല.. സാധാരണ അങ്ങനെ അല്ലല്ലോ.. ശേഖരൻ അവന്റെ വീട്ടിൽ പോകുമ്പോൾ രാഘവനും കുടുംബവും വരും അവർ വീട്ടിലേക്ക് പോകുമ്പോൾ അച്യുതൻ വരും, ചില നേരത്ത് ആരും കാണില്ല, ഞാനും ഇവിടെ പുറംപണിക്ക് വരുന്ന പെണ്ണും അല്ലെ കാണുള്ളൂ.. അല്ലാതെ നിങ്ങൾ ഒരുമിച്ചു വരാൻ പ്രത്യേകിച്ച് വിശേഷം വല്ലതും ഉണ്ടായോ ” അവർ എല്ലാരോടുമായി ചോദിച്ചു

“അല്ല അമ്മേ.. മാധവേട്ടൻ…ഞങ്ങൾ കാണാൻ വന്നതാ ” സാവിത്രി പറഞ്ഞു

“ചെല്ല്, കണ്ടിട്ട് വാ, അവർ അകത്തു ഉണ്ട് ”

അവർ അകത്തു ചെന്നു മാധവനെയും ശാരദയെയും കണ്ടു. അന്ന് എല്ലാരും അവിടെത്തന്നെ തങ്ങി. ഉടനെ വീട്ടിലേക്കു തിരികെ പോണില്ല എന്ന തീരുമാനത്തിൽ ശേഖരനും രാഘവനും അച്യുതനും നിന്നു.
സാവിത്രി പിറ്റേന്നു രാവിലെ തിരികെ പോയി.
മാധവന്റെ തറവാട്ടിലുള്ള താമസം മറ്റുള്ളവർക്ക് ഇഷ്ടപെട്ടില്ലെങ്കിലും ദേവകിയോട് എതിർത്തു പറയാനുള്ള ധൈര്യം ആർക്കും ഇല്ലായിരുന്നു.
തറവാട് ഇനി മാധവനു കൊടുക്കുമോ എന്ന ഭയം അവർക്കെല്ലാം ഉണ്ടായി. അത്കൊണ്ട് തന്നെ ഒരു തീരുമാനം ആകുന്നത് വരെ അവരെല്ലാം കൈപമംഗലത് തങ്ങി.

പിറ്റേന്നു രാവിലെ ദേവനും കല്യാണിയും മീരയും കൂടി കൈപമംഗലത്ത് എത്തി. നന്ദ 3 പേരെയും ഒരുമിച്ചു കണ്ടു അതിശയപ്പെട്ടു
നന്ദയുടെ വീട്ടിൽ നിന്നു അവരുടെ സാധനങ്ങൾ ഒക്കെ ഒരു വണ്ടിയിലാക്കി കൊണ്ട് വന്നിരുന്നു. എല്ലാം മൂവരും കൂടി ചേർന്ന് മുറികളിൽ എത്തിച്ചു കൊടുത്തു.

“എങ്ങനെയാ ദേവേട്ടാ ഇവരെ കണ്ടത് ” നന്ദ ചോദിച്ചു

“ഞാൻ നിന്റെ വീട്ടിൽ നിന്നു പുറത്തു കിടന്ന സാധനങ്ങൾ ഒക്കെ ഇങ്ങോട്ട് എത്തിക്കാം എന്ന വിചാരത്തിൽ ആണ് ചെന്നത്. അവിടെ എത്തിയപ്പോ ഇവർ 2 പേരും ചേർന്ന് എല്ലാം റെഡി ആക്കി നിക്കുവാ, പിന്നെ ഞാനൊരു വണ്ടി വിളിച്ചു എല്ലാം അതിൽ കയറ്റി ഞങ്ങളും പിറകെ ഇങ്ങു പോന്നു ”
നന്ദ അതിശയത്തോടെ കല്യാണിയേയും മീരയെയും നോക്കി.

“നിന്റെ ഫ്രണ്ട്‌സ് എന്നെക്കാൾ ഫാസ്റ്റ് ആണല്ലോടി ” ദേവൻ ചിരിച്ചു.
നന്ദയുടെ കണ്ണു നിറഞ്ഞു
അവൾ മീരയുടെയും കല്യാണിയുടെയും കൈകൾ പിടിച്ചു.
ഇപ്പോ അവൾ കരയുമെന്ന അവസ്ഥയിൽ എത്തി.

“ദേ പെണ്ണെ… കണ്ണു നിറയ്ക്കല്ലേ.. ” മീര പറഞ്ഞു.

“വേറെ രണ്ടു പേർ കൂടിയുണ്ട്, നീ പുറത്തേക്ക് ചെന്നു നോക്ക് ” കല്യാണി പറഞ്ഞു.
നന്ദ പുറത്തേക്ക് ചെന്നപ്പോൾ കാണുന്നത് അവളുടെ പശുവിനെയും കുട്ടിയേയും കൊണ്ട് നിൽക്കുന്ന ദേവനെ ആണ്..അവൾ ഒന്നും പറയാൻ ആകാതെ അവരെ മാറി മാറി നോക്കി. പിറകുവശത്തുള്ള തൊഴുത്തിലേക്ക് ദേവൻ പശുവിനെ കൊണ്ടുപോയി. നന്ദയ്ക്ക് സന്തോഷം ആണോ സങ്കടം ആണോന്നു അറിയാത്ത അവസ്ഥയിൽ ആയിരുന്നു. ഇത്രയും നല്ല കൂട്ടുകാരികളെ തന്ന ദൈവത്തിനു അവൾ മനസാൽ നന്ദി പറഞ്ഞു. കൂടെ തന്നെ മനസിലാക്കി കൂടെ നിൽക്കുന്ന ദേവേട്ടനും.

കല്യാണിയും മീരയും നന്ദയെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ദേവനും നന്ദയുടെ അടുത്ത് കുറെ നേരം സംസാരിച്ചു ഇരുന്നു അവരുടെ സാമീപ്യം അവൾക്ക് ആശ്വാസം നൽകുന്നത് ആയിരുന്നു. അന്നത്തെ ദിവസം ആരും ക്ലാസ്സിൽ പോയില്ല.തലേന്ന് രാത്രിയിലെ യാത്രയും ക്ഷീണവും കൊണ്ട് നന്ദയ്ക്ക് പനി പിടിച്ചു. അവളുടെ സന്തത സഹചാരി ആയിരുന്ന കല്യാണിക്കും മീരയ്ക്കും പനി പകരുകയും ചെയ്തു. തുടർന്നു 3 ദിവസം അവർക്കു ക്ലാസ്സ്‌ നഷ്ടമായി.

നന്ദയും കല്യാണിയും മീരയും ഇല്ലെങ്കിൽ ക്ലാസ്സ്‌ എത്ര ശൂന്യം ആണെന്ന് അപ്പോഴാണ് വിഷ്ണുവിന് മനസിലായത്. അവരുടെ സംസാരവും ബഹളവും ഇല്ലാതെ മൂന്നു ദിവസങ്ങൾ ക്ലാസ്സിൽ എന്തോ ഒരു ശൂന്യത സൃഷ്ട്ടിച്ചു.അവർ ഇല്ലന്ന് ഉറപ്പ് ആയെങ്കിലും മുൻപിലത്തെ ഒഴിഞ്ഞു കിടന്ന ബെഞ്ചിലേക്ക് വിഷ്ണു ഇടയ്ക്ക് അറിയാതെ നോക്കുന്നുണ്ടായിരുന്നു. ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിലും അവരുടെ സംസാരം ഇല്ലാതെ ക്ലാസ്സ്‌ പൂർണമാകില്ലന്നു വിഷ്ണുവിന് ബോധ്യപ്പെട്ടു. മൂന്ന് പേരും അടുപ്പിച്ചു അബ്സെന്റ ആയതിന്റെ കാരണം അറിയാൻ അവന്റെ മനസ് വെമ്പൽ കൊണ്ടു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിൽ നിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story