" "
National

ഒരു കാലത്ത് ലോകത്തെ ആറാമത്തെ ശതകോടീശ്വരന്‍; പിന്നെ കടത്തിന് പിന്നാലെയുള്ള നെട്ടോട്ടം: അനില്‍ അംബാനി തിരിച്ചുവരുന്നു

മുംബൈ: ഒരു കാലത്ത് സാക്ഷാല്‍ മുകേഷ് അംബാനിയുടെ സഹോദരനായ അനില്‍ അംബാനി ലോകത്തെ ആറാമത്തെ ശതകോടീശ്വരനായിരുന്നു. പക്ഷേ കടക്കെണിയാല്‍ നില്‍ക്കകള്ളിയില്ലാതായതോടെ അതെല്ലാം പഴങ്കഥയായി. കടത്തിന് പിന്നാലെ നെട്ടോട്ടമോടിയിരുന്നു പിന്നീട്. അനിലിന്റെ ദുരിതനാളുകള്‍ക്ക് അറുതിയാവുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

റിലയന്‍സ് പവര്‍ അനില്‍ അംബാനിക്ക് ഭാഗ്യം കൊണ്ടുവരുമോയെന്നും അദ്ദേഹത്തെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുമോയെന്നുമാണ് ബിസിനസ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ റിലയന്‍സ് പവര്‍ ഓഹരി വില. ബുധനാഴ്ച അഞ്ചു ശതമാനത്തോളം ഉയര്‍ന്ന് 42.05 രൂപയിലാണ് ഓഹരി വില ക്ലോസ് ചെയ്തതത്. അനില്‍ അംബാനി ഒരു പതിറ്റാണ്ടിലേറെയായി കടക്കെണിയിലായിരുന്നു. ഇതിനിടയിലാണ് റിലയന്‍സ് ഇന്‍ഫ്ര, പവര്‍ ബിസിനസുകളുടെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നത്.

റിലയന്‍സ് ഹോം ഫിനാന്‍സ് ഫണ്ട് വകമാറ്റം നടത്തിയെന്ന കണ്ടെത്തലില്‍ സെബി അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തിയിരുന്നു. അനിലിനെ സെബി വിലക്കുകയും ചെയ്തിരുന്നു. സെബിയുടെ 222 പേജുള്ള ഉത്തരവില്‍, കുറഞ്ഞ ആസ്തിയോ വരുമാനമോ ഉള്ള കമ്പനികള്‍ക്ക് എങ്ങനെയാണ് വായ്പ അനുവദിച്ചത് എന്ന് ചോദിച്ചിരുന്നു.

അനിലിന്റെ മക്കളായ ജയ് അന്‍മോളും അന്‍ഷുലും റിലയന്‍സ് പവര്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 2025ഓടെ റിലയന്‍സ് പവറിന്റെ കടം പൂര്‍ണമായി കുറക്കുകയാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറിലാണ് കമ്പനി തങ്ങളുടെ ഭീമമായ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങിയത്. 2024 മാര്‍ച്ചില്‍, 1,023 കോടി രൂപ വായ്പ തിരിച്ചടച്ചു, ഓഗസ്റ്റില്‍ 800 കോടി രൂപയും തിരിച്ചടച്ചിരുന്നു. വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 3,872 കോടി രൂപയുടെ വായ്പാ കിടിശ്ശിക അനില്‍ അംബാനി തീര്‍ത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

റിലയന്‍സ് പവറിന്റെ വിപണി മൂല്യം ഉയരുന്നത് അനില്‍ അംബാനിയുടെ ആസ്തിയിലും വര്‍ധന വരുത്തിയിട്ടുണ്ട്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നതാണ് കാണുന്നത്. റിലയന്‍സ് ക്യാപിറ്റലിന്റെ തകര്‍ച്ച ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ അനില്‍ അംബാനിയെ നട്ടം തിരിച്ചു. എന്നാല്‍ റിലയന്‍സ് പവര്‍ അനില്‍ അംബാനിക്ക് പുതിയ തുറുപ്പ്ചീട്ടാകുകയാണ്. റിലയന്‍സ് പവറിന്റെ പുനരുജ്ജീവന പദ്ധതിയും ഓഹരികളിലെ മുന്നേറ്റവും അനില്‍ അംബാനിയുടെ ബിസിനസിനെ വീണ്ടും ശ്രദ്ധേയമാക്കുന്നതാണ് കാണാനാവുന്നത്.

അനിലിന്റെ കമ്പനിയുടെ കടബാധ്യതകള്‍ റിലയന്‍സ് പവര്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. റിലയന്‍സ് പവറിന്റെ മൂല്യം ഇപ്പോള്‍ 16,000 കോടി രൂപയിലേറെയായി വളര്‍ന്നു. കഴിഞ്ഞ വര്‍ഷം 158 ശതമാനമാണ് ഓഹരി വിലയിലെ വര്‍ധന. 15.53 രൂപയില്‍ നിന്നാണ് ഓഹരി വിലയിലെ മുന്നേറ്റം. കമ്പനിയുടെ കട ബാധ്യത കുറച്ച നടപടികള്‍ ഓഹരികളിലെ മുന്നേറ്റത്തിന് കരുത്തായി. 2020-ല്‍ അനില്‍ അംബാനി യുകെ കോടതിയില്‍ പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ആസ്തി ഒന്നുമില്ലെന്നാണ് അനില്‍ അംബാനി അന്ന് കോടതിയെ ബോധിപ്പിച്ചത്.

Related Articles

Back to top button
"
"