Kerala

സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കാൻ ഒറ്റരാത്രി മതി; പത്ത് പിള്ളേരെ അയച്ച് കാണിച്ചുതരാം: വെല്ലുവിളിച്ച് കെ സുധാകരൻ

കണ്ണൂര്‍: സിപിഐഎമ്മിനെതിരെ വെല്ലുവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഐഎമ്മിന്റെ ഓഫീസുകള്‍ പൊളിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റ രാത്രി മതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ഓഫീസ് പൊളിക്കുക എന്നത് വലിയ പണിയല്ല. തങ്ങളുടെ പത്ത് പിള്ളേരെ അയച്ച് കാണിച്ചു തരാം എന്നും കെ സുധാകരന്‍ പറഞ്ഞു. പിണറായിയില്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വെല്ലുവിളി.

അന്തസ്സുള്ള നേതാവിന്റെ മാന്യത പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെങ്കില്‍ അതിന് കോണ്‍ഗ്രസ് പ്രസ്ഥാനം തയ്യാറാകേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. തങ്ങളുടെ പത്ത് പിള്ളേരെ രാത്രി അയച്ചാല്‍ സിപിഐഎമ്മിന്റെ ഓഫീസ് കെട്ടിടങ്ങള്‍ പൊളിക്കാം. തങ്ങള്‍ക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സിപിഐഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ പറയണം. ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് കാണിച്ചു തരാമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇന്നലെയായിരുന്നു പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാനപ്പെട്ട വാതില്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

Related Articles

Back to top button
error: Content is protected !!