വണ്‍പ്ലസ് 13 അടുത്തയാഴ്ച ഇറങ്ങും
ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ വരുന്നു. അടുത്ത ആഴ്ചയാണ് വണ്‍പ്ലസ് 13 ചൈനയില്‍ പുറത്തിറക്കുകയെന്നാണ് ലഭിക്കുന്ന വിവരം. 2023ല്‍ പുറത്തിറക്കിയ വണ്‍പ്ലസ് 12ന്റെ പിന്‍ഗാമിയായാണ് 13 എത്തുന്നത്. വണ്‍പ്ലസ് 12നെ അപേക്ഷിച്ച് ഭാരം കുറഞ്ഞതായിരിക്കുന്നതിനൊപ്പം വെള്ളം, പൊടിപടലങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കാന്‍ സാധിക്കുന്നതുമായ ഈ ഫോണിന് ഐപി68 റേറ്റിങ്ങും ഉണ്ടാവുമെന്നാണ് കരുതുന്നത്.
100 ഡബ്ലിയു ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000എംഎഎച്ച് ബാറ്ററിയോടെയായിരിക്കും ഫോണ്‍ വരിക. എഐ ഇറേസര്‍, എഐ ബെസ്റ്റ് ഫേസ് തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ഇതില്‍ കണ്ടേക്കാം. വണ്‍പ്ലസ് 13ന് ഇന്ത്യയില്‍ 60,000 മുതല്‍ 70,000 രൂപ വരെയാവും വില പ്രതീക്ഷിക്കിക്കുന്നത്.
മൈക്രോ-ക്വാഡ് കര്‍വ്ഡ് പാനലും വണ്‍പ്ലസ് 13ല്‍ കാണാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജിഇഎന്‍ 4 ചിപ്‌സെറ്റായിരിക്കും കരുത്തുപകരുക.
16 ജിബി റാമും 1ഠബി സ്റ്റോറേജും ഉണ്ടായേക്കാമെന്നു കരുതുന്ന വണ്‍പ്ലസ് 13 ഒരു വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ് ഫീച്ചറിനൊപ്പം നവീകരിച്ച രൂപകല്‍പ്പനയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നത്.
2.5കെ റെസല്യൂഷനും 5,000 നിറ്റ്‌സ് പീക്ക് തെളിച്ചവുമുള്ള 6.8 ഇഞ്ച് 8ടി എല്‍പിടിഒ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതില്‍ ക്രമീകരിക്കുക. വണ്‍പ്ലസ് 13ല്‍ പ്രധാന കാമറയില്‍ 50എംപി സോണി എല്‍വൈടി 808 സെന്‍സറും 50എംപി അള്‍ട്രാവൈഡ് ലെന്‍സും 3എക്‌സ് ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും വന്നേക്കാം. എന്തായാലും ഏവരും ഏറെ പ്രതീക്ഷയോടെയാണ് പുതിയ മൊബൈല്‍ ഫോണിനെ കാത്തിരിക്കുന്നത്.