ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം; വേദനാജനകമായ തീരുമാനമെന്ന് കോൺഗ്രസ്

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇന്ത്യ സഖ്യത്തിന് മറ്റ് വഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തതെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു
അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷ നിരയിലെ എഴുപതോളം എംപിമാർ നോട്ടീസിൽ ഒപ്പിട്ടതായാണ് വിവരം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, എസ് പി, ഡിഎംകെ, ആർജെഡി പാർട്ടികളിലെ എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്.
അങ്ങേയറ്റം പക്ഷപാതപരമായ രീതിയിൽ നടപടിക്രമങ്ങൾ നടത്തുന്ന രാജ്യസഭാ ചെയർമാനെതിരെ ഔദ്യോഗികമായി അവിശ്വാസ പ്രമേയം സമർപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ താത്പര്യങ്ങൾക്കായി ഈ നടപടി സ്വീകരിക്കേണ്ടി വന്നുവെന്നും ജയ്റാം രമേശ് പറഞ്ഞു.