പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ സംഘർഷം, പോലീസുമായി ഉന്തും തള്ളും; എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി
എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭരണഘടന സംരക്ഷിക്കാനുള്ള സമരമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര എംപിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. എംപിക്ക് ചികിത്സ നൽകണമെന്ന് മറ്റ് എംപിമാർ ആവശ്യപ്പെട്ടു.
ഇന്ത്യ സഖ്യത്തിലെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയെങ്കിലും തള്ളി. പിന്നാലെ സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച എംപിമാർ സഭ ബഹിഷ്‌കരിക്കുകയും ചെയ്തു
ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ വെച്ചാണ് പോലീസ് മാർച്ച് തടഞ്ഞത്. റോഡ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. പിരിഞ്ഞുപോകണമെന്ന പോലീസിന്റെ അഭ്യർഥന പ്രതിപക്ഷ എംപിമാർ തള്ളുകയായിരുന്നു. 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 എംപിമാരാണ് മാർച്ചിൽ പങ്കെടുത്തത്.