വിവാദ അഭിമുഖം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെടും
നിയമസഭയിൽ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയ്യാറെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സഭയിൽ ഉന്നയിക്കാനാണ് തീരുമാനം. അഭിമുഖത്തിലെ വിവാദ പരാമർശം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കാം. അഭിമുഖത്തിൽ പി ആർ കമ്പനി കെയ്സന്റെ ഇടപെടൽ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കിയേക്കും.
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ പട്ടികയിൽ നിന്ന് നീക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടക്കം നീക്കം ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉൾപ്പെടെയുള്ള ചോദ്യങ്ങളും നീക്കം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സഭയിൽ മുഖ്യമന്ത്രി മറുപടി നൽകും. അതേസമയം, രാവിലെ എട്ടിന് യുഡിഎഫ് പാർലമെന്റി പാർട്ടിയോഗം നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ചേരും. വരും ദിവസങ്ങളിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗത്തിൽ തീരുമാനിക്കും.