World

മാരുതി 800ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ സാധാരണക്കാരന്റെ ലംബോര്‍ഗിനിയായി തിളങ്ങിയ മാരുതി 800ന്റെ ഉപജ്ഞാതാവും സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാനുമായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു. 94 വയസ്സായിരുന്നു. അര്‍ബുദ രോഗാബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ക്രിസ്മസ് ദിവസത്തിലായിരുന്നു അന്ത്യം. ഒസാമു സുസുക്കിയുടെ മരണം ഇന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. 40 വര്‍ഷത്തോളം സുസുക്കിയെ നയിച്ച ഒസാമു ജപ്പാന്‍ കമ്പനിയെ ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങളിലേക്ക് വളര്‍ത്തിയ വ്യക്തിത്വമായിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജപ്പാന്‍ കാറുകള്‍ക്ക് വലിയ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന സുസുക്കിയുടെ ചിന്ത വിജയം കാണുകയും അത് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിര്‍ണായക ഘടകമായ കമ്പനിയായി സുസുക്കിയെ ഉയര്‍ത്തിയതും ഒസാമുവാണ്.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചത്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍ നിന്നും പിറവിയെടുത്ത മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവായിരുന്നു ഒസാമു.

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളിലൊരാളാണ് സുസുക്കി. വടക്കേ അമേരിക്കയിലും യൂറോപ്പിലും സുസുക്കിയുടെ വാഹനങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ഒസാമുവിന്റെ നേതൃത്വത്തിലായിരുന്നു സുസുക്കി ജനറല്‍ മോട്ടോഴ്‌സ് കമ്പനിയുമായും ഫോക്‌സ്‌വാഗണ്‍ എജിയുമായും കരാറിലേര്‍പ്പെട്ടത് . 2019 ല്‍ ടൊയോട്ടയുമായി ക്യാപിറ്റല്‍ അലൈന്‍സ് പാട്ണര്‍ഷിപ്പ് സ്ഥാപിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

Related Articles

Back to top button
error: Content is protected !!