സന്ദീപ് വാര്യരെയും കെ സുധാകരനെയും പരിഹസിച്ച് മന്ത്രി റിയാസ്
ആര് എസ് എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ പി സി സി പ്രസിഡന്റ് കൂട്ടിനുണ്ടാകുമെന്ന്
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെയും സന്ദീപിനെയും പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാദ്. സന്ദീപിന് ആര്.എസ്.എസ്. ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടൈന്നും സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചതാണോ ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോയെന്നും മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമപ്രവര്‍ത്തകരോട് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശവിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്ദീപ് മത വര്‍ഗീയതയെ ഉപേക്ഷിച്ചാല്‍ സന്തോഷമാണ്. പഴയ ഓര്‍മ്മയിലാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് സന്ദീപിന് പറ്റിയ സ്ഥലമാണ്. ആര്.എസ്.എസ്.ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി. പ്രസിഡന്റ് കൂടെയുണ്ടാകും. ആര്.എസ്.എസ്.നേതാക്കളെ പൂവിട്ടു പൂജിക്കണം എന്നുണ്ടെങ്കില്‍ സന്ദീപിന് പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തേക്ക് വരുന്ന കാലത്താണ് സന്ദീപ് പോകുന്നത്. നയവും നിലപാടും വെച്ചാണ് സിപിഎം സ്വാഗതം ചെയ്യുന്നതെന്നും ഭൂതകാലം പരിശോധിച്ചല്ല ക്ഷണിക്കുന്നത്. ബി.ജെ.പിയില്‍ ഉണ്ടായിരുന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സിഡികള്‍ ഇവിടെയും ഉപയോഗിക്കാം മാറ്റം ഉണ്ടാവില്ല. പല വിഷയങ്ങളിലും ബിജെപിയില്‍ നിന്ന് മൗനം പാലിച്ചത് പോലെ തന്നെ കോണ്‍ഗ്രസിലും മൗനം തുടരാമെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു.
അതേസമയം, റിയാസിനെയും സി പി എം നേതാക്കളെയും കണക്കിന് ട്രോളുന്നുണ്ട് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍. കിട്ടാത്ത മുന്തിരിക്ക് നല്ല കൈപ്പാണെന്നും സന്ദീപിന്റെ പിന്നാലെ പോയവരാണ് ഇവരെല്ലാമെന്നും ആക്ഷേപിക്കുന്നവരുണ്ട്.