പാക് ടീം വെറും 89ന് പുറത്ത്; പെര്‍ത്തില്‍ വീണ്ടും അതേ പിച്ചോ: ഇന്ത്യക്കു നെഞ്ചിടിപ്പ്
പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ മാസം 22 മുതല്‍ പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഈ മല്‍സരത്തിനായി പിച്ച് തയ്യാറാക്കിയ ക്യുറേറ്റര്‍ തന്നെയാണ് ഇതേക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയില്‍ ജയത്തോടെ തന്നെ തുടങ്ങാനായിരിക്കും രോഹിത് ശര്‍മയും സംഘവും ആഗ്രഹിക്കുക. പക്ഷെ അതു ദുഷ്‌കരം തന്നെയായിരിക്കുമെന്നാണ് പിച്ച് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞ രണ്ടു തവണയും ഓസ്‌ട്രേലിയയെ സ്വന്തം നാട്ടില്‍ വീഴ്ത്തി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യന്‍ ടീം കൈക്കലാക്കിയിരുന്നു. പക്ഷെ ഇത്തവണ ഹാട്രിക്ക് കിരീടമെന്ന ഇന്ത്യയുടെ മോഹം നടന്നേക്കില്ല. കാരണം ഒട്ടും ആത്മവിശ്വാസത്തോടെയല്ല ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡുമായി അവസാനം നാട്ടില്‍ കളിച്ച ടെസ്റ്റ് പരമ്പരയില്‍ 0-3നു ഇന്ത്യ തൂത്തുവാരപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു സമ്പൂര്‍ണ പരാജയം ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടതായി വന്നത്.
പെര്‍ത്തിനെ പേടിക്കണം
പെര്‍ത്തിലെ പിച്ചിനെ ഇന്ത്യന്‍ ടീം തീര്‍ച്ചയായും പേടിക്കണമെന്ന മുന്നറിയിപ്പാണ് ക്യുറേറ്റര്‍ ഐസക്ക് മക്‌ഡൊണാള്‍ഡിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. വളരെ വേഗതയേറിയ, അതോടൊപ്പം ബൗണ്‍സുമുള്ള പിച്ചാണ് ഇന്ത്യയെ വീഴ്ത്താന്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയ തയ്യാറാക്കിയിരിക്കുന്നത്. വാക്കയിലേതു പോലെ ബാറ്റര്‍മാരെ ഭയപ്പെടുത്തുന്ന പിച്ചാണ് ഇവിടെയും ഒരുക്കിയതെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതു ഓസ്‌ട്രേലിയയാണ്, ഇതു പെര്‍ത്തുമാണ്. നല്ല വേഗതയും ബൗണ്‍സുമുള്ള, അതോടൊപ്പം ബോള്‍ നന്നായി ക്യാരി ചെയ്യുന്ന പിച്ച് ഞാന്‍ സജ്ജമാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച പിച്ചാണ് ഇത്തവണ തയ്യാറാന്‍ ആഗ്രഹിക്കുന്നതെന്നും പെര്‍ത്തിലെ മുഖ്യ പിച്ച് ക്യുറേറ്ററായ ഐസക്ക് മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ വേനല്‍ക്കാലത്തു ഇവിടെ തയ്യാറാക്കിയ പിച്ച് ബാറ്റര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു. ഇതേ പിച്ചില്‍ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ത്ത പാകിസ്താന്‍ ടീമിനു വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. അന്നു നാലാം ദിനം തന്നെ 30.2 ഓവറില്‍ വെറും 89 റണ്‍സിനു പാക് ടീം ഓള്‍ഔട്ടായിരുന്നു. ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയവും കൊയ്തിരുന്നു.
മികച്ച ബാറ്റര്‍മാര്‍ തിളങ്ങും
പെര്‍ത്തിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ അകമഴിഞ്ഞു തുണയ്ക്കുന്നതാണെങ്കിലും മികച്ച ബാറ്റര്‍മാര്‍ക്കും ഇവിടെ തിളങ്ങാന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നു ഐസക്ക് മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന മല്‍സരത്തില്‍ (ഓസ്‌ട്രേലിയ- പാകിസ്താന്‍ ടെസ്റ്റ്) രണ്ടു ടീമുകളുടെയും ബൗളിങ് യൂണിറ്റുകള്‍ വളരെ വേഗതയിലാണ് പന്തെറിഞ്ഞത്. ഈ വര്‍ഷവും അതു തന്നെയാണ് പിച്ചില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
പക്ഷെ കഴിഞ്ഞ വര്‍ഷം നമ്മള്‍ കണ്ടതു പോലെ തന്നെ മികച്ച ബാറ്റര്‍മാര്‍ക്കു ഗെയിമിനെ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കും. അതിവേഗത്തില്‍ അവര്‍ക്കു റണ്‍സ് സ്‌കോര്‍ ചെയ്യാനും കഴിയും. ഇത്തവണയും മല്‍സരം അഞ്ചാം ദിനത്തിലേക്കോ, കഴിഞ്ഞ വര്‍ഷത്തേതു പോലെ നാലാംദിനത്തിന്റെ അവസാന സെഷന്‍ വരെയോ നീളുമെന്നു പ്രതീക്ഷിക്കുന്നതായും മക്‌ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രകടനം
പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതുവരെയുള്ള പ്രകടനം നോക്കുകയാണെങ്കില്‍ ഓപ്റ്റസ് സ്റ്റേഡിയത്തില്‍ ഒരിക്കല്‍ മാത്രമേ ഇതിനകം ടെസ്റ്റില്‍ കളിച്ചിട്ടുള്ളൂ. 2018-19ലെ പര്യടനത്തിലാണ് ഇന്ത്യന്‍ ടീം ഇവിടെ ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്.
അന്നു ക്യാപ്റ്റന്‍ കൂടിയായിരുന്ന വിരാട് കോലി ഇന്ത്യക്കു വേണ്ടി 123 റണ്‍സുമായി കസറുകയും ചെയ്തിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഹീറോയിസം ടീമിനെ രക്ഷിച്ചില്ല. ആദ്യ ഇന്നിങ്‌സിലെ ഫൈഫറുള്‍പ്പെടെ എട്ടു വിക്കറ്റുകളുടെത്ത സ്പിന്നര്‍ നതാന്‍ ലയണിന്റെ മികവില്‍ ഓസ്‌ട്രേലിയ 146 റണ്‍സിനു ഇന്ത്യയെ തകര്‍ത്തുവിടുകയായിരുന്നു.